
സഹോദരിയുടെ ജീവൻ പുഴ കവർന്നു, ഇനി ഫർഹത്ത് ഒറ്റയ്ക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുമ്പാവൂർ ∙ ഫാത്തിമയും ഫർഹത്തും സഹോദരങ്ങൾ മാത്രമല്ല, അടുത്ത കൂട്ടുകാരികളുമായിരുന്നു. എവിടെ പോകുന്നതും എന്തും ചർച്ച ചെയ്യുന്നതും ഇരുവരും ഒരുമിച്ചാണ്. പെരിയാറിൽ മുങ്ങിമരിച്ച ഫാത്തിമ ഷെറിന്റെ വിയോഗം സഹോദരി ഹർഹത്തിനു താങ്ങാനാകുന്നില്ല. അപകടനില തരണം ചെയ്തെങ്കിലും അവൾ കൂടപ്പിറപ്പിന്റെ വിയോഗത്തിൽ തകർന്നു പോയി. പഠനത്തിൽ മിടുക്കിയായ ഫാത്തിമ ഷെറിന്റെ മുങ്ങി മരണം നാടിന് തോരാ കണ്ണീരായി.
ഫാത്തിമ പഠിക്കുന്ന പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളജിലെ സഹപാഠികൾക്കും മരണവാർത്ത ഉൾക്കൊള്ളാനാകുന്നില്ല. ഫാത്തിമയുടെ പിതാവ് പി.ബി.ഷാജഹാൻ ഖത്തറിൽ ഡ്രൈവറാണ്. പിതാവിന്റെ രോഗവുമായി ബന്ധപ്പെട്ടു നാട്ടിലെത്തിയ ഷാജഹാൻ 2 ദിവസം മുൻപാണ് ഖത്തറിലേക്കു മടങ്ങിയത്. മകളെ അവസാനമായി കാണാൻ ആ പിതാവ് ഇന്നലെ രാത്രി തിരികെയെത്തി.
പാഠം പഠിക്കാതെ അധികൃതർ
അപകട സാധ്യതയുള്ളതാണ് മുടിക്കൽ ഡിപ്പോ കടവും പരിസരവും.ഇതിനു മുൻപും മുങ്ങി മരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വേലി കെട്ടാനോ അപകടമുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല.മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, തടി ഡിപ്പോ,പമ്പ് ഹൗസ് എന്നിവയുടെ അതിരാണു പെരിയാർ.പമ്പ് ഹൗസിനു സമീപം വലിയപാറക്കെട്ടുണ്ട്. ആനപ്പാറയെന്നാണ് അറിയപ്പെടുന്നത്.
കിഴക്കു നിന്ന് ഒഴുകിയെത്തുന്ന പെരിയാറിലെ വെള്ളം ഈ പാറയിൽ അടിച്ച് അതിശക്തമായി കറങ്ങിയാണ് പടിഞ്ഞാറു ഭാഗത്തേക്ക് ഒഴുകുന്നത്. സമീപത്തും പാറക്കെട്ടുകളുണ്ട്. വീണാൽ പാറക്കെട്ടിൽ തലയിടിക്കാനുള്ള സാധ്യതയുണ്ട്. ഇവിടെ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുകയും മൈതാനത്ത് മതിൽ നിർമിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പെരുമ്പാവൂർ അഗ്നിരക്ഷാനിലയം ഓഫിസർ ടി.കെ.സുരേഷ്,അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ബി.സി.ജോഷി എന്നിവരുടെ നേതൃത്വത്തിൽ ജീവനക്കാരായ ബൈജു ചന്ദ്രൻ, പ്രമോദ് കുമാർ, ശ്രീകുട്ടൻ, മണികണ്ഠൻ, ശ്രീജിത്ത്, ആദർശ്, എൽദോ ഏലിയാസ് എന്നിവരും കോതമംഗലം നിലയത്തിലെ സ്കൂബാ ടീം അംഗങ്ങളായ അനിൽകുമാർ, പി.എം. റഷീദ് ,സിദ്ധിഖ് ഇസ്മായിൽ, ബേസിൽ ഷാജി എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.