പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണം: മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായും സത്യസന്ധമായും പെരുമാറണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത മാവേലിക്കര നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് അവബോധം നൽകുന്നതിന് സർക്കുലർ ഇറക്കി എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാവേലിക്കര മുൻസിപ്പൽ സെക്രട്ടറി മോശമായി പെരുമാറിയെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി.
മാവേലിക്കര നഗരസഭാ സെക്രട്ടറി ആരോപണം നിഷേധിച്ചു. പരാതിക്കാരനും അയൽവാസിയും തമ്മിലുള്ള വിഷയങ്ങളും തർക്കങ്ങളും നഗരസഭയുടെയും കോടതിയുടെയും പരിഗണനയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതി ഓവർസിയർ പരിശോധിച്ചു. പരാതിക്ക് ആസ്പദമായ കെട്ടിടത്തിന്റെ മുൻഭാഗത്ത് നടത്തിയ നിർമാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പരാതിവിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കമ്മീഷൻ ഇടപെട്ടില്ല.
എന്നാൽ, പരാതിക്കാരൻ സമർപ്പിച്ച ആക്ഷേപത്തിൽ നഗരസഭാ ജീവനക്കാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ചാണ് കൂടുതൽ പരാതിയെന്ന് കമ്മീഷൻ കണ്ടെത്തി. നഗരസഭാ എൻജിനീയർക്കെതിരെയും പരാതിയുണ്ട്. ഉദ്യോഗസ്ഥർ പരാതിക്ക് ഇടനൽകാതെ പെരുമാറണം.