
ന്യൂഡൽഹി: ഡൽഹി – മുംബൈ ദേശീയ പാതയിൽ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ആറ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ നൂഹിലുള്ള ഇബ്രാഹിം ബാസ് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ പത്ത് മണിയോടെ അതിവേഗ പാതയിൽ പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്കാണ് പിക്കപ്പ് വാൻ പാഞ്ഞുകയറിയത്. അപകടത്തെ തുടർന്ന് വാഹനം സ്ഥലത്ത് ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ റോഡിൽ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരണപ്പെട്ട ആറ് പേരും സ്ത്രീകളാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.
പരിക്കേറ്റവരെ മാണ്ഡി ഖേര ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്ന് പരിശോധിക്കുകയാണെന്ന് ഫിറോസ്പൂർ ജിർക പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസ് ഓഫീസർ അമൻ സിങ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് എന്താണ് നടന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുന്നുവെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അൽവാറിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ട്രക്ക് അമിത വേഗതയിലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് സൂചനകളെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]