
താഴ്വരയുടെ സൗന്ദര്യം കണ്ട് മടങ്ങി; നടുക്കുന്ന വാർത്ത പിന്നാലെ..: നടുക്കത്തിൽ ജിജോയും ജിജിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എരുമേലി ∙ പഹൽഗാം ഭീകരാക്രമണത്തിനു മണിക്കൂറുകൾക്ക് മുൻപ് ആക്രമണമുണ്ടായ ബൈസരൺവാലി താഴ്വരയുടെ സൗന്ദര്യം ആസ്വദിച്ച് മടങ്ങിയ മുക്കൂട്ടുതറ സ്വദേശി ജിജോയ്ക്കും ഭാര്യ ജിജിക്കും ഇപ്പോൾ കേൾക്കുന്ന വാർത്തകൾ നടുക്കമുണ്ടാക്കുന്നവയാണ്. ഭീകരാക്രമണം ഉണ്ടായതിന്റെ തലേന്ന് വൈകിട്ടാണ് ഇരുവരും ബൈസരൺവാലി കണ്ടു മടങ്ങിയത്. 21 ന് വൈകിട്ട് ആറ് മുതൽ ഏഴ് മണിവരെയാണ് ഇവർ അവിടെ ചെലവഴിച്ചത്.
മൈനസ് ഡിഗ്രിയിൽ തണുപ്പ് അരിച്ചിറങ്ങുന്ന കാലാവസ്ഥയും ചെങ്കുത്തായ മലമടക്കുകളും മനോഹരമായ താഴ്വാരങ്ങളും കുതിര സവാരിയും എല്ലാം ആസ്വദിച്ചും ചിത്രങ്ങളും വീഡിയോകളും പകർത്തിയുമാണ് ഇവർ മടങ്ങിയത്. ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണു ഇവർ ആക്രമണ വിവരങ്ങൾ ടിവിയിൽ കണ്ടത്. സ്വകാര്യ ടൂർ കമ്പനിയുടെ പാക്കേജിൽ ആണ് മുക്കൂട്ടുതറയിൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തുന്ന ജിയോയും ഭാര്യയും യാത്ര തിരിച്ചത്. 28 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പഹൽഗാം വരെയായിരുന്നു യാത്ര. വിനോദ സഞ്ചാരികൾ തങ്ങുന്ന സ്ഥലങ്ങളിലും പട്ടാളക്കാർ ജാഗ്രതയോടെ തോക്കുമായി ഉണ്ടായിരുന്നെന്ന് ജിജോ പറയുന്നു. ബേസ് ക്യാംപുകളും ഇവരുടെ നിരീക്ഷണത്തിലായിരുന്നു. സഞ്ചാരികളെ നിരീക്ഷിച്ചിരുന്നെങ്കിലും ഒരു സ്ഥലത്തും പരിശോധന ഉണ്ടായില്ല. ചെങ്കുത്തായ താഴ്വരകളിൽ മാത്രമാണ് പട്ടാളക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നത്. ശ്രീനഗർ നഗരത്തിൽ പോലും രാത്രി ധൈര്യത്തോടെ ഇറങ്ങി നടന്നു. ഭീകരാക്രമണത്തിന്റെ നടുക്കുന്ന ചിത്രങ്ങളും വിവരങ്ങളും അറിഞ്ഞതോടെ ഭയം തോന്നുന്നതായി ജിജോ പറഞ്ഞു.