
നിസരി ജംക്ഷനിൽ നിന്നു ആറുവരിപ്പാതയിലേക്കുള്ള പ്രവേശനം മുടങ്ങി; ഗതാഗതക്കുരുക്ക് ഒഴിയാതെ രാമനാട്ടുകര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാമനാട്ടുകര ∙ ട്രാഫിക് പരിഷ്കാരത്തിനു പ്രഖ്യാപനങ്ങൾ ഏറെ നടന്നെങ്കിലും രാമനാട്ടുകര നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹാരമില്ലാതെ തുടരുന്നു. എയർപോർട്ട് റോഡിൽ സദാസമയവും ഗതാഗതം താറുമാറാകുന്ന സ്ഥിതി. ദേശീയപാതയിൽ പൂർണതോതിൽ ഗതാഗതം തുടങ്ങിയതോടെ നിസരി ജംക്ഷനിൽ നിന്നു ആറുവരിപ്പാതയിലേക്കുള്ള പ്രവേശനം മുടങ്ങിയതാണ് നഗര ഗതാഗതത്തെ ബാധിച്ചത്. നേരത്തേ യൂണിവേഴ്സിറ്റി റോഡിലൂടെ ഇടിമുഴിക്കൽ ഭാഗത്തേക്ക് കടന്നു പോയ വാഹനങ്ങളെല്ലാം ഇപ്പോൾ എയർപോർട്ട് റോഡിലൂടെയാണ് പോകുന്നത്.
നിസരി ജംക്ഷനിൽ ഗതാഗതം നിയന്ത്രിച്ചതോടെ പൊതുവേ വീതികുറഞ്ഞ എയർപോർട്ട് റോഡിൽ വാഹനങ്ങളുടെ ആധിക്യമാണ്. നഗരത്തിൽ എത്തുന്ന മിക്ക വാഹനങ്ങളും കുരുക്കിൽപ്പെടുന്ന സ്ഥിതിയായി.തിരക്കേറിയ രാവിലെയും വൈകിട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇതു ബൈപാസ് ജംക്ഷനിലും ഗതാഗതത്തിനു തിരിച്ചടിയാണ്. യാത്രക്കാർക്കും വ്യാപാരികൾക്കുമെല്ലാം ഏറെ ദുരിതം. പൊലീസ് ഇടപെട്ടു ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചുവിടാനുള്ള ബദൽ മാർഗവും രാമനാട്ടുകരയിൽ അപര്യാപ്തമാണ്. ഇട റോഡുകൾ ഉണ്ടെങ്കിലും ചെറുവാഹനങ്ങൾ കടത്തിവിടാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിർദേശങ്ങൾ നടപ്പായില്ല
ബസ് സ്റ്റാൻഡിനു മുൻപിൽ ബൈക്കുകൾ നിർത്താൻ പേ ആൻഡ് പാർക്കിങ് സൗകര്യം ഒരുക്കിയും എയർപോർട്ട് റോഡിലെ ഓട്ടോ സ്റ്റാൻഡിൽ ക്രമീകരണം നടത്തിയും റോഡരികിലെ അനധികൃത പാർക്കിങ് തടഞ്ഞും ഗതാഗത പരിഷ്കാരം നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു.നഗരസഭ, ട്രാഫിക് പൊലീസ്, മോട്ടർ വാഹന വകുപ്പ്, ദേശീയപാത അധികൃതർ സംയുക്ത പരിശോധന നടത്തി നൽകിയ സമഗ്രമായ നിർദേശം പരിഗണിച്ചായിരുന്നു മാറ്റങ്ങൾക്ക് തീരുമാനമെടുത്തത്. എന്നാൽ നിർദേശങ്ങൾ ഇതുവരെ ഫലപ്രദമായി നടപ്പാക്കാനായില്ല.
ഫാറൂഖ് കോളജ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് പുലരി സൂപ്പർ മാർക്കറ്റിനു സമീപത്തേക്ക് മാറ്റുക, ഫാറൂഖ് കോളജ് റോഡിൽ നഗരത്തിലേക്ക് എത്തുന്ന ബസുകൾ പാറക്കടവ് റോഡ് വഴി യൂണിവേഴ്സിറ്റി റോഡിലൂടെ സ്റ്റാൻഡിലേക്ക് പോകുക, യൂണിവേഴ്സിറ്റി റോഡിൽ എയ്ഡ് പോസ്റ്റിനു സമീപത്തെ ബസ് സ്റ്റോപ് ഫേവറേറ്റ് സ്റ്റോറിനു സമീപത്തേക്കു മാറ്റുക തുടങ്ങിയ നിർദേശങ്ങളും ട്രാഫിക് ഉപദേശക സമിതി മുന്നോട്ടുവച്ചിരുന്നു. എന്നാൽ തീരുമാനങ്ങളെടുത്ത് ഒന്നര വർഷം പിന്നിട്ടിട്ടും നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭ–ട്രാഫിക് പൊലീസ് അധികൃതർക്കായില്ല എന്നതാണ് വസ്തുത.