
തീരക്കടലിൽ ചെമ്മീൻ കുറവ്; 200 കിലോഗ്രാം വരെ ചെമ്മീൻ പിടിച്ച വള്ളങ്ങൾക്ക് 20 കിലോഗ്രാം പോലും ലഭിക്കാത്ത സ്ഥിതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ മീനിനു പുറമേ തീരക്കടലിൽ ചെമ്മീൻ സാന്നിധ്യവും കുറയുന്നതായി മത്സ്യത്തൊഴിലാളികൾ.തീരത്ത് ചെമ്മീനിനു വേണ്ടി വലയിടുന്ന മൂടുവെട്ടി വഞ്ചികൾക്കാണ് കാര്യമായ ചരക്ക് കിട്ടാതായിരിക്കുന്നത്. സാധാരണ ഈ സമയത്ത് തീരത്തോട് ചേർന്ന് പൂവാലൻ ചെമ്മീനിന്റെ സാന്നിധ്യം ഉണ്ടാവാറുള്ളതാണെന്ന് ഇവർ പറയുന്നു. മുൻ വർഷങ്ങളിൽ 200 കിലോഗ്രാം വരെ ചെമ്മീൻ പിടിച്ച വള്ളങ്ങൾക്ക് ഇക്കുറി 20 കിലോഗ്രാം പോലും ലഭിക്കാത്ത സ്ഥിതിയാണത്രെ. ഇതോടെ തങ്ങൾ കടക്കെണിയിലേക്കു നീങ്ങുന്ന സാഹചര്യമാണെന്നും വഞ്ചിക്കാർ പറയുന്നു. തീരക്കടലിൽ ചാളയുടെ സാന്നിധ്യം മാസങ്ങളായി തുടരുന്നതാണ് ചെമ്മീൻ കൂട്ടങ്ങൾ അകന്നു പോകാനുള്ള കാരണമെന്നും ചില തൊഴിലാളികൾ പറയുന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി സീസൺ കഴിഞ്ഞിട്ടും വള്ളങ്ങൾക്ക് ചാള മാറ്റമില്ലാതെ ലഭിക്കുന്നുണ്ട്. ഇതോടെ വില ഇടിഞ്ഞ് കിലോഗ്രാമിന് 50 രൂപ വരെ താഴ്ന്നിരുന്നു. എന്നാൽ വിഷു – ഈസ്റ്റർ സീസണിനു ശേഷം പ്രാദേശിക വിപണിയിൽ മറ്റു മീനുകളുടെ ലഭ്യത കുറഞ്ഞതോടെ ചാള വില കിലോഗ്രാമിന് 140 രൂപയായി ഉയർന്നിട്ടുണ്ട്. പല മീൻ തട്ടുകളിലും ചാളയും ചെമ്മീൻ കെട്ടുകളിലെയും പുഴയിലെയും ചെമ്മീനും മാത്രമാണ് വിൽപനയ്ക്കുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കടൽ മീൻ എത്തുണ്ടെങ്കിലും ഗുണനിലവാരം ഉറപ്പാക്കാൻ മാർഗമില്ലെന്ന പ്രശ്നമുണ്ട്.