
മീൻ തട്ടുകൾ കാലി, ചാളയ്ക്ക് തീവില; അപ്രതീക്ഷിത ക്ഷാമം, വിലക്കയറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈപ്പിൻ∙ വിഷു – ഈസ്റ്റർ കച്ചവടം കഴിഞ്ഞപ്പോൾ മീനിന് അപ്രതീക്ഷിത ക്ഷാമവും വിലക്കയറ്റവും. വിൽപന കേന്ദ്രങ്ങളിൽ ഇപ്പോൾ ആകെയുള്ളത് ചാളയും ചെമ്മീനും മാത്രം. ചാളയുടെ വിലയാവട്ടെ ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ കിലോഗ്രാമിന് 50 രൂപയിൽ നിന്ന് 140 രൂപയായി ഉയരുകയും ചെയ്തു. വേണ്ടത്ര മീൻ കിട്ടാനില്ലാത്തതിനാൽ പല വിൽപന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്. സാധാരണ ആഘോഷ സീസണുകൾ കഴിഞ്ഞാൽ മീനിന് വില കുറയുന്നതാണ് പതിവ്. ഇതാദ്യമായാണ് വില കൂടുന്നതെന്ന് കച്ചവടക്കാർ പറയുന്നു.
ഒരാഴ്ച ഇടവേളയിൽ എത്തിയ വിഷുവിനും ഈസ്റ്ററിനും മീൻ വിൽപന കേന്ദ്രങ്ങളിൽ പൊടി പൊടിച്ച കച്ചവടമാണ് നടന്നത്. കരിമീൻ, തിലാപ്പിയ തുടങ്ങിയ പരമ്പരാഗത ഇനങ്ങൾക്ക് പുറമേ കാളാഞ്ചിയും വൻതോതിൽ വിറ്റു പോയിരുന്നു. പതിവില്ലാതെ കണമ്പും വിപണിയിൽ എത്തി. കടൽ മീനുകൾക്കും ക്ഷാമം ഇല്ലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മീൻ തട്ടുകൾ കാലിയാവുന്ന അവസ്ഥയായി.
ഇതര സംസ്ഥാനക്കാരായ ബോട്ട് തൊഴിലാളികൾ ഭൂരിപക്ഷവും ഈസ്റ്റർ അവധിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ കടൽ മത്സ്യബന്ധന മേഖല സ്തംഭിച്ച അവസ്ഥയിലാണ്. കടലിൽ ഇറങ്ങുന്ന ബോട്ടുകൾക്ക് കാര്യമായ തോതിൽ മീൻ ലഭിക്കുന്നുമില്ല. മാസങ്ങളായി മീൻ തട്ടുകളിൽ സുലഭമായിരുന്ന ചാളയ്ക്കും ദൗർലഭ്യം നേരിട്ടു തുടങ്ങിയത് ഇതോടെയാണ്. വില 3 ഇരട്ടിയായി ഉയരുകയും ചെയ്തു.
വേനൽക്കാല ചെമ്മീൻ കെട്ടുകളുടെ സീസൺ അവസാനിച്ചതിനാൽ അവിടങ്ങളിൽ നിന്നുള്ള കരിമീൻ കാര്യമായ തോതിൽ വിപണിയിലേക്ക് എത്തുന്നില്ല. പാടങ്ങളിലും തോടുകളിലും ഇപ്പോഴും കരിമീൻ ഉണ്ടെങ്കിലും അളവിൽ കുറവായതിനാൽ കച്ചവട കേന്ദ്രങ്ങളിലേക്ക് എത്താത്ത സ്ഥിതിയുണ്ട്. തിലാപ്പിയ തീരെ കിട്ടാനില്ല. മറ്റു മീനുകളും കുറവ്. കാളാഞ്ചി തുടങ്ങിയ മീനുകൾ വളർത്തു കേന്ദ്രങ്ങളിൽ ലഭ്യമാണെങ്കിലും വലുപ്പം കൂടുതൽ ഉള്ളതിനാൽ സാധാരണക്കാർക്ക് വാങ്ങി ഉപയോഗിക്കാൻ കഴിയുന്നില്ല.
വിഷു– ഈസ്റ്റർ സമയത്ത് സജീവമായിരുന്ന മീൻ തട്ടുകളിൽ ഇപ്പോൾ കാര്യമായി മീനില്ല. ചെമ്മീൻ കെട്ടുകളിൽ നിന്നുള്ള തെള്ളി, നാരൻ, ചൂടൻ ചെമ്മീനുകൾ തട്ടുകളിലേക്ക് എത്തുന്നുണ്ട്. വലുപ്പം കുറഞ്ഞ തെള്ളി ചെമ്മീന് കിലോഗ്രാമിന് 40 രൂപയാണ് വില. മറ്റിനം ചെമ്മീനുകൾക്കും വില അൽപം കയറിയിട്ടുണ്ട്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഈ അവസ്ഥ തുടരുമെന്നാണ് കച്ചവടക്കാർ പറയുന്നത്.