
വെല്ലിംഗ്ടൺ: എങ്ങോട്ട് തിരിഞ്ഞാലും തേരട്ടകൾ. ശരത്കാലമായതിന് പിന്നാലെ ന്യൂസിലാൻഡിലെ വെല്ലിംഗടണിൽ പോർച്ചുഗീസ് തേരട്ടകളേക്കൊണ്ട് വലഞ്ഞിരിക്കുകയാണ് നാട്ടുകാർ. കാറ്റ് വീശുമ്പോൾ എങ്ങും നിറയുന്നത് തേരട്ടകൾ ചീഞ്ഞ മണം കൂടിയായതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നാണ് നാട്ടുകാർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഉറക്കത്തിനിടയിൽ മുഖത്ത് വരെ തേരട്ടകൾ കയറുന്ന നിലയാണ് വെല്ലിംഗ്ടണിലെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെല്ലിംഗ്ടണിലെ തെക്കൻ മേഖലയിൽ തേരട്ടകളുടെ ശല്യം രൂക്ഷമാണ്. ഹൊറർ സിനിമകളിലേതിന് സമാനമായ സാഹചര്യമെന്നാണ് നിലവിലെ അവസ്ഥയെ നാട്ടുകാർ വിശേഷിപ്പിക്കുന്നത്. രൂക്ഷ ഗന്ധമുള്ള ആയിരക്കണക്കിന് പോർച്ചുഗീസ് തേരട്ടകളെയാണ് ഓരോ ദിവസവും രാവിലെ വീടിന്റെ മുന്നിൽ നിന്നും പൂന്തോട്ടത്തിൽ നിന്നും വാരിക്കളയേണ്ടി വരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചെടികൾ നശിപ്പിക്കുന്ന തേരട്ടകൾ വലിയ രീതിയിൽ വീടുകൾക്കുള്ളിലേക്ക് എത്താൻ തുടങ്ങിയതോടെയാണ് നാട്ടുകാർ അടിയന്തര സേവന സർവ്വീസുകളുടെ സഹായം തേടാൻ തുടങ്ങുകയായിരുന്നു. വഴി വിളക്കുകളും വീടുകളിലെ വെളിച്ചവുമാണ് ആർത്രോപോഡ് ഇനത്തിലുള്ള ഇവയെ വീടുകൾക്കുള്ളിലേക്ക് എത്തിക്കുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. റോഡിലെ നടപ്പാതകളും പൂന്തോട്ടങ്ങളും തേരട്ടകൾ നിറഞ്ഞതോടെ കുട്ടികൾ അടക്കമുള്ളവർക്ക് പുറത്ത് ഇറങ്ങാനാവാത്ത സ്ഥിതിയാണ്.
ഓസ്ട്രേലിയയിൽ നിന്ന് കപ്പൽ മാർഗമാണ് ഇവ ആദ്യമായി ന്യൂസിലാൻഡിൽ എത്തിയതെന്നാണ് വിദഗ്ധർ വിശദമാ്കുന്നത്. സമാനമായ രീതികളിൽ വീടുകളിൽ അതിക്രമിച്ച് കയറുകയും ട്രെയിനുകൾ അപകടത്തിൽപ്പെടുന്ന സാഹചര്യം ഇവ ഓസ്ട്രേലിയയിൽ സൃഷ്ടിച്ചിരുന്നു. കറുത്ത നിറത്തിലുള്ള ഈ തേരട്ടകൾ 20 മില്ലി മീറ്റർ മുതൽ 45 മില്ലി മീറ്റർ വരെ നീളം വയ്ക്കുന്നവയാണ്. ഒരു സമയത്ത് 60 മുതൽ 80 വരെ മുട്ടകളാണ് ഇവ ഇടുന്നത്. ന്യൂസിലാൻഡിൽ ഇവയ്ക്ക് സ്വാഭാവിക വേട്ടക്കാരെ നേരിടേണ്ടി വരാത്തതാണ് ഇത്ര കണ്ട് തേരട്ടകൾ പെറ്റുപെരുകാൻ കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ന്യൂസിലാൻഡിലെ സസ്യവിഭാഗങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് ഇവ സൃഷ്ടിക്കുന്നത്. 20 വർഷത്തോളമായി വെല്ലിംഗ്ടണിൽ സാധാരണ നിലയിൽ കണ്ടിരുന്ന ഇവ അടുത്ത കാലത്തായാണ് വലിയ രീതിയിൽ പെറ്റുപെരുകി തുടങ്ങിയത്. ഏതാനും മാസങ്ങൾ മാത്രമാണ് ഇവയെ ഇത്തരത്തി കാണാറുള്ളത്. ഭിത്തികളിലും കെട്ടിടങ്ങളിലുമെല്ലാം തന്നെ ഇവ ഇണ ചേരുകയും മുട്ടയിടുകയും ചെയ്യുന്നതും വെല്ലിംഗ്ടണിൽ കാണാനാവുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിനോദ സഞ്ചാര മേഖലകളിലെ ക്യാംപർ വാനുകൾക്കുള്ളിലേക്കും ഇവ എത്തുന്നുണ്ട്. അധികൃതർ തേരട്ട ശല്യം നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ക്ഷുദ്രജീവികളുടെ ഇനത്തിൽ ഉൾപ്പെടുത്താത്തതിനാൽ വ്യാപക നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]