
മഴയ്ക്ക് മാസം മാറിപ്പോയി: ഇത്തവണ കിട്ടിയത് കനത്ത വേനൽമഴ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അമ്പലവയൽ∙ ഇത്തവണ ജില്ലയിൽ കനത്ത് പെയ്ത് വേനൽ മഴ. വേനലാരംഭത്തിൽ പെയ്യാൻ മടിച്ചു നിന്ന മഴ പിന്നീട് ശക്തമായി പെയ്തിറങ്ങിയതോടെ ജില്ലയിൽ വേനൽമഴയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ വർധന. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ ഇന്നലെ വരെ ജില്ലയിൽ 282. 2 മില്ലി മീറ്റർ മഴയാണ് പെയ്തിറങ്ങിയത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഏപ്രിൽ 22 വരെ 174. 2 മില്ലി മീറ്റർ മഴ മാത്രമാണ് പെയ്തത്.മാർച്ച് മാസത്തിന്റെ തുടക്കത്തിൽ കാര്യമായ വേനൽമഴ ലഭിച്ചിരുന്നില്ല. ഇതോടെ ജില്ലയിൽ താപനില ഗണ്യമായി ഉയർന്നിരുന്നു. ജില്ലയിലാകെ കനത്ത ചൂടും അനുഭവപ്പെട്ടിരുന്നു. മാർച്ചിലെ രണ്ടാം ആഴ്ചയോടെയാണ് വേനൽ മഴ ചെറുതായെങ്കിലും ലഭിക്കാൻ തുടങ്ങിയത്. പകുതിയോടെ മഴ ശക്തമായി. പിന്നീട് മഴ പല ദിവസങ്ങളിലും ശക്തമായി പെയ്തു. വേനൽ മഴ ശക്തമായതോടെ ഉയർന്ന് നിന്നിരുന്ന താപനിലയും കുറഞ്ഞു.
∙ ഇരട്ടി പെയ്തു
കഴിഞ്ഞ 60 വർഷത്തെ വേനൽമഴയുടെ ശരാശരി കണക്കുകൾ പ്രകാരം മാർച്ച് മുതൽ ഇന്നലെ വരെ 130. 3 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടത്. എന്നാൽ അതിന്റെ ഇരട്ടിയിലേറെ മഴ ഇത്തവണ ലഭിച്ചു. ഇൗ കാലയളവിൽ 151. 9 മില്ലി മീറ്റർ മഴയാണ് കൂടുതലായി ജില്ലയിൽ പെയ്തത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരവും ജില്ലയിൽ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു.വേനൽ അവസാനിക്കാൻ ഇനിയും സമയമുള്ളതിനാൽ ഇത്തവണ പെയ്യേണ്ട മഴയെക്കാൾ കൂടുതൽ ലഭിക്കുമെന്നുറപ്പാണ്.
∙ കൂടുതൽ പെയ്തത് മാർച്ച് 13 ന്
ഇൗ വർഷം ജില്ലയിൽ വേനൽ മഴ ഏറ്റവും കൂടുതൽ പെയ്തത് മാർച്ച് 13 ആണ്.67.02 മില്ലി മീറ്റർ മഴയാണ് പെയ്തത്. ഇൗ മാസം ഏറ്റവും കൂടുതൽ പെയ്തത് 17 ന് ആണ്.25. 03 മില്ലി മീറ്റർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒട്ടേറെ ദിവസങ്ങളിൽ വേനലിൽ 25 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്തിട്ടുണ്ട്. മറ്റു ദിവസങ്ങളിലും കാര്യമായ മഴയുണ്ടായിട്ടുണ്ട്. വേനലിൽ ഇനിയുള്ള ദിവസങ്ങളിലും ശക്തമായ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമടക്കം അറിയിച്ചിരിക്കുന്നത്.
ജില്ലയിൽ വേനൽ മഴ കൂടുതൽ പെയ്ത ദിവസങ്ങൾ
ദിവസം മഴ (മില്ലിമീറ്ററിൽ) മാർച്ച് 13 67. 02, മാർച്ച് 26 26. 2, ഏപ്രിൽ 15 25. 2, ഏപ്രിൽ 17 25. 03