
2018 പ്രളയത്തിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് എന്തുചെയ്തു? കൊച്ചിയിൽ കാണാം, ഇരിക്കാനുള്ള ബെഞ്ചുകളായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2018 ഓഗസ്റ്റ്; മഹാപ്രളയത്തിൽ കേരളം മുങ്ങിയ കാലം. അസാധാരണമായ പെരുമഴയുടെ, ഉരുൾ പൊട്ടലുകളുടെ, കണക്കറ്റ നാശനഷ്ടങ്ങളുടെ, ആശങ്കകളുടെ, നിലവിളികളുടെ ദിനരാത്രങ്ങൾ. പ്രളയ ജലമിറങ്ങിയപ്പോൾ ദുരിതങ്ങൾക്കൊപ്പം മറ്റു ചിലതു കൂടി അവശേഷിച്ചു. അതിൽ പ്രധാനം ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യമായിരുന്നു. ഓരോ തെരുവിലും വീട്ടു തൊടികളിലും ജലാശയങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും കവറുകളും നിറഞ്ഞു. വലിച്ചെറിഞ്ഞതെല്ലാം പ്രകൃതി തിരിച്ചെറിഞ്ഞു. മഹാദുരന്തത്തിന്റെ ബാക്കിപത്രമായിരുന്നു ആ കാഴ്ച. തെറ്റായ ഉപയോഗ രീതികളും അതിവ്യാപനവും മൂലം ദോഷങ്ങൾ സൃഷ്ടിക്കുന്ന പ്ലാസ്റ്റിക് നമ്മുടെ നാടിനെ എത്രത്തോളം കീഴടക്കിയെന്നതിന്റെ സാക്ഷ്യമായിരുന്നു അത്. മണ്ണിൽ അലിയാതെ പ്രകൃതിയെ മലിനമാക്കുന്ന പ്ലാസ്റ്റിക് മാലിന്യം ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. പ്ലാസ്റ്റിക്കിൽ അടങ്ങിയ ബിപിഎ പോലുള്ള രാസവസ്തുക്കളാണു പ്രതിസ്ഥാനത്ത്.
പുനരുപയോഗം, പലവിധം
പ്രതിദിനം കേരളം ‘ഉൽപാദിപ്പിക്കുന്ന’ നഗര മാലിന്യം ഏകദേശം 11,449 ടൺ! കഥയിങ്ങനെ നീളുമ്പോഴാണു പ്ലാസ്റ്റിക്കിന്റെ വഴിവിട്ട പോക്കിനു തടയിടാൻ സർക്കാർ ഏജൻസികൾ തീരുമാനിച്ചത്. പ്ലാസ്റ്റിക് ഉപയോഗം പരിമിതപ്പെടുത്താൻ പല നിയമ വ്യവസ്ഥകൾ വന്നു. പ്ലാസ്റ്റിക് പുനഃസംസ്കരണത്തിനു തദ്ദേശ സ്ഥാപനങ്ങൾ ശ്രമം തുടങ്ങി. ഹരിത കർമസേനകളിറങ്ങി. സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളുമൊക്കെ ബോധവൽക്കരണവുമായി രംഗത്തു വന്നു. പക്ഷേ, പ്ലാസ്റ്റിക് മാലിന്യം വലിയ പ്രതിസന്ധിയായി തുടരുകയാണ്. പ്രധാന പരിഹാരം പുനരുപയോഗം തന്നെ. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു ശാസ്ത്രീയമായി സംസ്കരിച്ചു പുതിയ ഉൽപന്നങ്ങൾ നിർമിക്കാമെന്നതാണു പ്രധാന നേട്ടം. കെട്ടിട നിർമാണ സാമഗ്രികളും ഫർണിച്ചറുകളും ഗാർഹിക ഉൽപന്നങ്ങളും മുതൽ അലങ്കാര വസ്തുക്കൾ വരെ നീളുന്നു ആ നിര.
ബെഞ്ചാകുന്നു; പ്ലാസ്റ്റിക് മാലിന്യം
കൊച്ചി നഗരത്തിൽ പലയിടത്തും പാർക്ക് ബെഞ്ചുകൾക്കൊരു പ്രത്യേകതയുണ്ട്; പ്ലാസ്റ്റിക് റീസൈക്കിൾഡ് ബെഞ്ചുകളാണവ. മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, പനമ്പിള്ളി നഗർ ഡയമണ്ട് പാർക്ക് തുടങ്ങി പലയിടത്തും പ്ലാസ്റ്റിക് ബെഞ്ചിൽ സ്വസ്ഥമായി ഇരിക്കാം. ദർബാർ ഹാൾ റോഡ് ഉൾപ്പെടെ പലയിടത്തും നടപ്പാതകളിൽ പ്ലാസ്റ്റിക്, ഇരിപ്പിടങ്ങളായി മാറിയിട്ടുണ്ട്. മെറ്റൽ ഫ്രെയിമിൽ പ്ലാസ്റ്റിക് ബോഡി. പല നിറങ്ങൾ, പല ടെക്സ്ചർ. ഭാരം കുറവായതിനാൽ ഇവ ആവശ്യാനുസരണം എടുത്തു മാറ്റാനും സാധിക്കും.
പ്ലാസ്റ്റിക് ബെഞ്ചുകൾക്കു കാലാവസ്ഥാ പ്രതിരോധ ശേഷി കൂടുതലാണ്; ദീർഘായുസ്സും. തുറന്ന പൊതു സ്ഥലങ്ങളിൽ സൗകര്യപ്രദം. വേ ഫോർ ലൈഫ് എൻജിഒയുടെ സഹകരണത്തോടെ ഡിസിബി ബാങ്ക് മറൈൻ ഡ്രൈവ് സുഭാഷ് പാർക്ക്, പനമ്പള്ളി നഗർ ഡയമണ്ട് പാർക്ക് എന്നിവിടങ്ങളിൽ സ്ഥാപിച്ചത് 25 പാർക്ക് ബെഞ്ചുകളാണ്. ഓരോ ബെഞ്ചും നിർമിച്ചത് 27 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച്. 25 ബെഞ്ചുകൾ നിർമിച്ചതിലൂടെ പുനരുപയോഗിച്ചത് 650 കിലോഗ്രാം പ്ലാസ്റ്റിക്. നിരത്തുകളിലും പാർക്കുകളിലും വോക് വേകളിലും മാത്രമല്ല, കൊച്ചി മെട്രോ സ്റ്റേഷനുകളിലും റീസൈക്കിൾഡ് പ്ലാസ്റ്റിക് ബെഞ്ചുകളുണ്ട്; മെട്രോ യാത്ര പോലെ ഇരിപ്പും സുഖകരം.
പരിസ്ഥിതി ബോധമുണ്ട്
പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചു മികച്ച അവബോധം കൊച്ചിയിലെ സമൂഹത്തിനുള്ളതു കൊണ്ടാണു റീസൈക്കിൾഡ് പ്ലാസ്റ്റിക് ഫർണിച്ചർ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിൽ നടപ്പാക്കിയെന്നു പറയുകയാണു ഡിസിബി ബാങ്ക് മാർക്കറ്റിങ്, പിആർ, കോർപറേറ്റ് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻവെസ്റ്റർ റിലേഷൻസ് ഹെഡ് ഗൗരവ് മേത്ത. ‘‘ കൊച്ചി കോർപറേഷനും നൂതന സംരംഭങ്ങളോടു തുറന്ന സമീപനമാണ്.
കൂടുതൽ സിഎസ്ആർ പദ്ധതികൾ കൊച്ചിയിൽ നടപ്പാക്കും. രാജ്യവ്യാപകമായി ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടു പിടിക്കാനുള്ള ഗ്രീൻ അപ് പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. വെറുതെ നടുകയല്ല, രണ്ടു വർഷം വരെ പരിപാലനം കൂടി ഉറപ്പാക്കുന്ന പദ്ധതിയാണ്. വൈപ്പിൻ മേഖലയിലെ പൊക്കാളി നെൽക്കൃഷിക്കു പുനർജീവൻ നൽകാനായി എം.എസ്.സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനുമായി സഹകരിച്ചും പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.