ഓഹരി വിപണിയിൽ ഓരോ സമയത്തും ഒരോ പ്രത്യേക മേഖലയിലെ ഓഹരികളായിരിക്കും നേട്ടമുണ്ടാക്കുക. ഉദാഹരണത്തിന് ഒരു മാസം പ്രൈവറ്റ് ബാങ്കുകളാണ് ഉയരുന്നതെങ്കിൽ മറ്റൊരു മാസം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളായിരിക്കും ഉയരുക. അതിനു ശേഷം വൈദ്യുതിയുമായി ബന്ധപ്പെട്ട ഓഹരികളോ, വാഹന ഓഹരികളോ ആകും  നേട്ടമുണ്ടാക്കുക. ഇത് കൃത്യമായി ചെറുകിട നിക്ഷേപകന് മനസിലാക്കാൻ സാധിച്ചില്ലെങ്കിലും മ്യൂച്വൽ ഫണ്ട് മാനേജർമാർക്ക് മനസിലാക്കാൻ സാധിക്കും. ഇതനുസരിച്ച് ഓരോ സമയങ്ങളിൽ നേട്ടമെടുക്കാൻ അനുയോജ്യമായ രീതിയിൽ നമ്മുടെ പണം ഇത്തരം ഓഹരികളിലേക്ക് നിക്ഷേപിക്കാൻ സഹായിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ഡൈനാമിക് അസറ്റ് അലോക്കേഷൻ ഫണ്ട്.

നിലവിലെ വിപണി സാഹചര്യങ്ങളെയും സാമ്പത്തിക പ്രവചനങ്ങളെയും അടിസ്ഥാനമാക്കി പോർട്ട്‌ഫോളിയോയിലെ ആസ്തികൾ (ഉദാഹരണത്തിന്, ഓഹരികളും ബോണ്ടുകളും) ക്രമീകരിക്കാൻ ഫണ്ട് മാനേജരെ അനുവദിക്കുന്ന മ്യൂച്വൽ ഫണ്ടാണ് ഡൈനാമിക് ഫണ്ട്. അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനും വ്യത്യസ്ത ആസ്തികൾക്കിടയിൽ നിക്ഷേപങ്ങൾ മാറ്റുന്നതിലൂടെ നേട്ടം പരമാവധി കൊയ്യാൻ ഈ ഫണ്ടിന് സാധിക്കും.

(Representative image by Kateryna Onyshchuk / istock)

സവിശേഷതകൾ

മാർക്കറ്റ് വിശകലനത്തെയും ഫണ്ട് മാനേജരുടെ കാഴ്ചപ്പാടിനെയും അടിസ്ഥാനമാക്കി ഓഹരികൾക്കും കടപ്പത്രങ്ങൾക്കും ഇടയിൽ ആസ്തികൾ ക്രമീകരിക്കാനുള്ള കഴിവാണ് ഡൈനാമിക് ഫണ്ടിന്റെ സവിശേഷത. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഈ ഫണ്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പലിശ നിരക്കുകളിലെ മാറ്റങ്ങൾ, സാമ്പത്തിക വളർച്ച, മറ്റ് ഘടകങ്ങൾ എന്നിവക്കനുസരിച്ച് നിക്ഷേപം ക്രമീകരിക്കാൻ ഇത്  ഫണ്ട് മാനേജരെ അനുവദിക്കുന്നു. ആസ്തി വിഹിതം ക്രമീകരിക്കുന്നതിലൂടെ, അനിശ്ചിതത്വമോ വിപണി മാന്ദ്യമോ ഉള്ള സമയങ്ങളിൽ കടപ്പത്ര ആസ്തികളിലേയ്ക്ക് മാറാൻ  ഡൈനാമിക് ഫണ്ടുകൾ ലക്ഷ്യമിടുന്നു.

ആർക്ക് നിക്ഷേപിക്കാം?

പരമ്പരാഗത കടപ്പത്ര ഫണ്ടുകളേക്കാൾ ഉയർന്ന വരുമാനം നൽകാൻ ഡൈനാമിക് ഫണ്ടുകൾക്ക് കഴിയും. പക്ഷേ അവക്ക്  ഉയർന്ന അപകടസാധ്യതയുമുണ്ട്. ഡൈനാമിക് ഫണ്ടുകൾക്ക് നല്ല മാനേജ്മെന്റും പോർട്ട്ഫോളിയോ ക്രമീകരണങ്ങളും ആവശ്യമാണ്. നിക്ഷേപത്തിന് കൂടുതൽ വൈവിധ്യവത്കരണം ഇഷ്ടപ്പെടുന്ന നിക്ഷേപകർക്ക് ഇത് ആകർഷകമായേക്കാം. റിസ്ക് കൂടുതലായതിനാൽ അപകടസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു നിക്ഷേപിക്കുന്നവർക്കായിരിക്കും ഈ ഫണ്ട് നേട്ടം നൽകുക. അതുപോലെ മറ്റു ഫണ്ടുകൾ അപേക്ഷിച്ച് ഡൈനാമിക് ഫണ്ടുകൾക്ക് ഉയർന്ന ‘ചെലവ് അനുപാതം’ ആയിരിക്കും. ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ട് എന്നും ഇവ അറിയപ്പെടുന്നു. ഇപ്പോൾ നിക്ഷേപം ഓഹരികളിൽ നിന്നും വളരെ സുരക്ഷിതമായി പണപ്പെരുപ്പത്തെ തോൽപ്പിക്കുന്ന സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ആസ്തികളിലേക്ക് മാറ്റാൻ ഈ ഫണ്ടിൽ എളുപ്പമാണ്.

ഇത്തരം ചില ഫണ്ടുകൾ ടേബിളിൽ കൊടുത്തിരിക്കുന്നു

English Summary:

Maximize your returns with Dynamic Asset Allocation Mutual Funds. These funds adapt to market changes, shifting investments to maximize profits regardless of market fluctuations. Learn more about this investment strategy and its benefits.