
ദില്ലി: താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്ന് ദിവസത്തേക്കാണ് വാൻസ് ഇന്ത്യയിലെത്തുന്നത്. ഈ ഇന്ത്യൻ സന്ദർശനത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം സാംസ്കാരിക പരിപാടികളും ജയ്പൂരിലെയും ആഗ്രയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങളുമായിരിക്കും. വാൻസിന്റെ മൂന്ന് കുട്ടികളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവർക്ക് അവരുടെ അമ്മ ഉഷയുടെ വേരുകളുള്ള രാജ്യം പരിചയപ്പെടുത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
നിലവിൽ, വാൻസിന്റെ ഷെഡ്യൂളിലെ സുപ്രധാനമായ ഔദ്യോഗിക പരിപാടി മോദിയുമായുള്ള കൂടിക്കാഴ്ചയും തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന അത്താഴവിരുന്നും മാത്രമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള നിരവധി കാബിനറ്റ് മന്ത്രിമാരും ഭാരതീയ ജനതാ പാർട്ടിയിലെ (ബിജെപി) ഉന്നത നേതാക്കളും അത്താഴവിരുന്നിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഇതിനിടെ വാൻസിന്റെ ഇന്ത്യയിലെത്തുന്ന സമയത്തില്‍ മാറ്റം വന്നതും നിരവധി നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ നടത്തുന്നതിന് തടസമായി. ഏപ്രിൽ 22-23 തീയതികളിൽ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിനാൽ മോദിക്കും ഈ ആഴ്ച തിരക്കേറിയ ഷെഡ്യൂളാണുള്ളത്. ഏപ്രിൽ 18ന് ഇറ്റലിയിൽ ആരംഭിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന രണ്ട് രാജ്യങ്ങളുടെ പര്യടനത്തിന്റെ രണ്ടാം ഘട്ടമാണ് വാൻസിന്റെ ഇന്ത്യ സന്ദര്‍ശനം.
വാൻസ് ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. മോദിയും വാൻസും അവസാനമായി കണ്ടുമുട്ടിയത് ഫെബ്രുവരിയിൽ പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിയിലാണ്. ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളും ജൂലൈ വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ഡോണൾഡ് ട്രംപിൻ്റെ പരസ്പര താരിഫുകളെ കുറിച്ചുള്ള ചര്‍ച്ചകളും വാൻസ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]