
എടിഎം കാർഡ് പണം തട്ടിപ്പ്: ടൂറിസ്റ്റ് ബസ് ക്ലീനർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ പുനലൂർ- ബെംഗളൂരു സ്വകാര്യ ടൂറിസ്റ്റ് ബസ് യാത്രക്കാരന്റെ ബാഗിൽ നിന്നു കവർന്ന എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ ബസ് ക്ലീനറെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ കുന്നക്കാട് ആഞ്ഞലിത്താനം കൊച്ചുകുന്ന് കാട്ടിൽ വീട്ടിൽ എം.ജോബിൻ മാത്യു (37) ആണ് പിടിയിലായത്. ചാലക്കുടി വേലൂർ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരി വീട്ടിൽ പി.ജോണിന്റെ പണവും രേഖകളുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബർ 29ന് രാത്രി 10.30 ഓടെ ജോണും ഭാര്യയും സ്വകാര്യ ടൂറിസ്റ്റ് ബസിൽ ചാലക്കുടിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയിരുന്നു. അടുത്ത ദിവസം ഇരുവരും അവിടെ നിന്നും പുനലൂരിലേക്കുള്ള ഇതേ ബസിൽ കയറി പിറ്റേന്ന് ചാലക്കുടിയിൽ എത്തി.
വീട്ടിൽ എത്തിയപ്പോൾ ജോണിന്റെ എടിഎം, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ രേഖകൾ അടങ്ങിയ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടതായി മനസിലായി. തുടർന്ന് എടിഎം കാർഡ് ഉപയോഗിച്ച് പുനലൂർ യൂണിയൻ ബാങ്ക്, അടൂർ എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നും നാലു തവണയായി 40,000 രൂപ പിൻവലിച്ചതായി ജോണിന്റെ മൊബൈലിൽ മെസേജ് എത്തി. ഇതിനെ തുടർന്ന് ജോൺ പുനലൂർ പൊലീസിൽ പരാതി നൽകി. പ്രത്യേക പൊലീസ് സംഘം പുനലൂരിലെ ഉൾപ്പെടെ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
ഇതറിഞ്ഞ പ്രതി ജോബിൻ ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് പലയിടങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ലയിൽ നിന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നലെ പുനലൂർ ടിബി ജംക്ഷനിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിൽ തെളിവെടുപ്പിന് എത്തിച്ചു. മുൻപും ഇത്തരത്തിലുള്ള കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി പുനലൂർ എസ്എച്ച്ഒ ടി.രാജേഷ് കുമാർ പറഞ്ഞു.