
ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായി. ഇതിന്മേലുള്ള ആദ്യ ചർച്ചകൾ ഏപ്രിൽ 23 മുതൽ വാഷിംഗ്ടണിൽ ആരംഭിക്കും. 19 അധ്യായങ്ങൾ അടങ്ങുന്നതാണ് നിർധിഷ്ഠ വ്യാപാര ഉടമ്പടി. ഈ പുതിയ ഉടമ്പടിയിൽ തീരുവ, ചരക്ക്, തടസ്സങ്ങൾ, കസ്റ്റംസ് തുടങ്ങിയ പ്രധാന മേഖലകൾ ഉൾപ്പെടും. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 2030ഓടെ 500 ബില്യൺ ഡോളറായി ഉയർത്തുകയാണ് ലക്ഷ്യം. സാമ്പത്തിക കാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറി രാജേഷ് അഗ്രവാൾ ആണ് ഇന്ത്യയുടെ മധ്യസ്ഥൻ. ഏപ്രിൽ 18ന് രാജേഷ് അഗ്രവാൾ അടുത്ത സാമ്പത്തിക സെക്രട്ടറിയായി നിയമിതനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തകാലത്ത് വാഷിംഗ്ടണിലേക്കുള്ള സന്ദർശനം, ഈ വ്യാപാരസംവാദങ്ങൾ വീണ്ടും സജീവമാക്കാനും തർക്കങ്ങൾ കുറയ്ക്കാനും സഹായിച്ചു. പ്രതിരോധ, ഊർജ്ജ മേഖലകളിൽ നിന്ന് കൂടുതൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമായിട്ടുണ്ട്. ഈ ചർച്ചകൾ ഇരുരാഷ്ട്രങ്ങൾക്കിടയിലെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനും, പരസ്പര ഗുണകരമായ വ്യാപാര ബന്ധം വികസിപ്പിക്കാനും സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നിരീക്ഷിക്കുന്നത്. 90 ദിവസത്തെ തീരുവ ഇളവാണ് ചർച്ചയുടെ വേഗം കൂട്ടിയത്.
ഏപ്രിൽ 15ന് സാമ്പത്തിക സെക്രട്ടറി സുനിൽ ഭാരത്വാൾ ഉടമ്പടിക്കായുള്ള ശ്രമങ്ങൾ വേഗത്തിലാക്കുമെന്ന് വിശദമാക്കിയിരുന്നു. മാർച്ച് മുതലാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ ഉഭയ കക്ഷി വ്യാപാര കരാറിന് ശ്രമം ആരംഭിച്ചത്. ഒക്ടോബറോടെ ആദ്യ ഘട്ടം പൂർത്തിയാക്കാനും 2030ഓടെ 191 ബില്യൺ അമേരിക്കൺ ഡോളറിന്റെ ഇടപാട് നടത്താനുമാണ് കരാറിന്റെ ശ്രമം. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരം ചെയ്യുന്ന ഉത്പന്നങ്ങളിൽ പരമാവധി എണ്ണത്തിന് കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള ശ്രമമാണ് വ്യാപാര കരാറിൽ ലക്ഷ്യമിടുന്നത്.
ഇതുവഴി നിക്ഷേപ മേഖലയ്ക്ക് ഊർജ്ജം നൽകുകയാണ് ലക്ഷ്യം. വ്യവസായ ഉത്പന്നങ്ങൾ, ഓട്ടോ മൊബൈൽ, വൈൻ, പെട്രോ കെമിക്കൽ ഉത്പന്നങ്ങൾ, പാൽ ഉൽപന്നങ്ങൾ, ആപ്പിൾ, ട്രീ നട്ട്സ് അടക്കമുള്ളവയിലാണ് അമേരിക്ക ഇളവ് പ്രതീക്ഷിക്കുന്നത്. വസ്ത്രം, പവിഴം, ആഭരണങ്ങൾ, ലെതർ, പ്ലാസ്റ്റിക്, കെമിക്കൽ, എണ്ണക്കുരു, ചെമ്മീൻ അടക്കമുള്ളവയിലാണ് ഇന്ത്യ ഇളവ് ലക്ഷ്യമിടുന്നത്. 2021-22 മുതൽ 2024-25 വരെ അമേരിക്കയുടെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]