
നെഞ്ചിൽ അണയാത്ത ആധി; എങ്ങുമെത്താതെ അഗ്നിരക്ഷാസേനാ വാട്ടർ പോയിന്റുകളുടെ നിർമാണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ്∙ രാത്രി വൈകുന്നത് വരെ ഹോട്ടലിലെ തീപിടിത്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് ഉറങ്ങിയ തളിപ്പറമ്പിലെ വ്യാപാരികൾ ഉറക്കം പൂർത്തിയാക്കാനാകാതെ ഓടിയെത്തേണ്ടി വന്നത് വൻ തീപിടിത്തത്തിലേക്ക്. കഴിഞ്ഞദിവസം രാത്രി മന്ന ജംക്ഷനിലെ ഹോട്ടലിൽ ഉണ്ടായ തീപിടിത്തത്തിൽനിന്ന് നഗരം ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. പാചകവാതക സിലിണ്ടറിൽ ഉണ്ടായ അഗ്നിബാധയിൽ ഹോട്ടലിന്റെ അടുക്കള കത്തിയപ്പോൾ വാതകം നിറച്ച 4 സിലിണ്ടറുകൾ അടുക്കളയിൽ ഉണ്ടായിരുന്നു. അഗ്നിരക്ഷാസേനയുടെ സന്ദർഭോചിതമായ ഇടപെടലിലൂടെയാണ് 4 സിലിണ്ടറുകളും പുറത്ത് എത്തിച്ചത്.
അപ്പോഴേക്കും ലീക്കായ സിലിണ്ടർ പൂർണമായും കത്തിത്തീർന്നിരുന്നു. ഇതിൽ നിന്ന് അടുക്കളയിൽ പടർന്ന തീ മറ്റ് സിലിണ്ടറുകളെ ബാധിച്ചിരുന്നുവെങ്കിൽ നഗരമധ്യത്തിലുള്ള ഹോട്ടലായതിനാൽ വൻദുരന്തം തന്നെ സംഭവിക്കുമായിരുന്നു. അർധരാത്രിയോടെ ഇവിടെ നിന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകർ വീടുകളിലേക്ക് പോയത്.
എന്നാൽ ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായ യു.എം. മുഹമ്മദ് കുഞ്ഞിയുടെ മുതുകുട ഓയിൽ മില്ലിന് തീപിടിച്ചത് അറിഞ്ഞ് പുലർച്ചെ മൂന്നോടെ എല്ലാവരും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വീണ്ടും ഓടിയെത്തുകയായിരുന്നു.എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തുണ്ടായിരുന്നു.
എങ്ങുമെത്താതെ അഗ്നിരക്ഷാസേനാ വാട്ടർ പോയിന്റുകളുടെ നിർമാണം
തളിപ്പറമ്പ്∙ തീപിടിത്തമുണ്ടായാൽ അഗ്നിരക്ഷാസേനയ്ക്ക് ഉടൻ വെള്ളം ശേഖരിക്കാൻ ആവശ്യമായ വാട്ടർ പോയിന്റുകൾ പ്രാവർത്തികമാക്കുവാൻ വൈകുന്നത് ദുരന്തങ്ങൾ വർധിപ്പിക്കുന്നു. ഇന്നലെ തളിപ്പറമ്പ് മാർക്കറ്റിലെ മുതുകുട ഓയിൽ മില്ലിനു തീപിടിച്ചപ്പോൾ ചിറവക്കിലെ രാജരാജേശ്വര ക്ഷേത്രചിറയിൽ നിന്നാണ് അഗ്നിരക്ഷാസേന ടാങ്കറുകളിൽ വെള്ളം നിറച്ചത്. എന്നാൽ നഗരത്തിൽ നിന്ന് ദൂരെ ജലക്ഷാമമുള്ള സ്ഥലങ്ങളിൽ അഗ്നിബാധയുണ്ടായാൽ ഇവിടെ വന്ന് വെള്ളം നിറച്ച് പോകുന്നത് ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കാൻ ഇടയാക്കുന്ന അവസ്ഥയാണ്. ഇതിനു പരിഹാരമായിട്ടാണ് വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് അഗ്നിരക്ഷാസേനയ്ക്ക് വെള്ളം ശേഖരിക്കാൻ വിവിധ സ്ഥലങ്ങളിൽ വാട്ടർ പോയിന്റുകൾ സ്ഥാപിക്കാൻ നിർദേശം വന്നത്. തളിപ്പറമ്പിൽ ഇതിനായി 14 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ടെൻഡർ നൽകിയെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
തളിപ്പറമ്പിലെ കാക്കത്തോട് ബസ് സ്റ്റാൻഡ്, നഗരസഭ ഓഫിസിന് താഴെ ഭാഗം, നഗരത്തിന് പുറത്ത് കാഞ്ഞിരങ്ങാട്, നാടുകാണി, പട്ടുവം, കൂനം, ധർമശാല എന്നിവിടങ്ങളിലാണ് വാട്ടർ പോയിന്റുകൾ നിർദേശിച്ചത്. ഇവിടെയുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിൽ വാൽവുകൾ നിർമിച്ച് അഗ്നിരക്ഷാസേനയുടെ ഉയർന്ന സമ്മർദ്ധത്തിലുള്ള വാൽവുകൾ ഉപയോഗിച്ച് ഇവിടെ നിന്ന് വെള്ളം ശേഖരിക്കുന്ന സംവിധാനമാണ് ഇത്. ദുരന്ത നിവാരണ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഇതിനു പണം അനുവദിച്ചത്. എന്നാൽ ഇവയുടെ നിർമാണം എവിടെയും എത്താത്ത അവസ്ഥയാണ്. ഇന്നലെ തളിപ്പറമ്പിലെയും പരിസരങ്ങളിലെയും അഗ്നിരക്ഷാസേനകളുടെ 4000 ലീറ്റർ വരെ മാത്രം കൊള്ളുന്ന ടാങ്കർ ഉപയോഗിച്ചാണ് തീ കെടുത്താൻ ആദ്യം വെള്ളം എത്തിച്ചത്.
എന്നാൽ ഇത് പോരെന്ന് വന്നപ്പോഴാണ് കണ്ണൂരിൽ നിന്ന് 12000 ലീറ്റർ ശേഷിയുള്ള ടാങ്കർ എത്തിച്ചത്. വലിയ തീപിടിത്തം ഉണ്ടായാൽ നിലവിൽ കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് 12000 ലീറ്റർ ശേഷിയുള്ള ഈ ഒരു വാഹനം മാത്രമാണ് ഉള്ളത്. നിർദേശിക്കപ്പെട്ട സ്ഥലങ്ങളിലെ വാട്ടർ പോയിന്റുകൾ ഉടൻ പ്രാവർത്തികമാക്കിയാൽ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാൻ സാധിക്കും.