
തലങ്ങും വിലങ്ങും വാഹനങ്ങൾ; ചങ്ങനാശേരി മാർക്കറ്റ് നിശ്ചലം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ കടകൾക്കു മുൻപിലും റോഡിലും തലങ്ങും വിലങ്ങും വാഹനങ്ങൾ; മാർക്കറ്റ് നിശ്ചലം. പ്രധാന ചന്തദിവസങ്ങളിൽ മാർക്കറ്റിനുള്ളിലൂടെ വാഹനവുമായി പോയാൽ കുരുക്കിൽപെടുന്നത് മണിക്കൂറുകൾ. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷൻ മുതൽ വണ്ടിപ്പേട്ട വരെ ഗതാഗതക്കുരുക്ക് നീണ്ടു. റോഡിന്റെ ഇരുവശത്തുമായി ലോറികൾ പാർക്ക് ചെയ്ത് ഗതാഗതത്തിന് തടസ്സമുണ്ടാക്കും വിധം സാധനങ്ങൾ കയറ്റിയിറക്കരുതെന്ന നിർദേശവും തുടർച്ചയായി ലംഘിക്കപ്പെടുകയാണ്.
മാർക്കറ്റ് റോഡിനെ ആശ്രയിക്കുന്ന പറാൽ, കുമരങ്കരി, വെട്ടിത്തുരുത്ത് പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പറാൽ – കുമരങ്കരി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസും ഗതാഗതക്കുരുക്കിൽപെടുന്നു. സ്വകാര്യ വാഹനങ്ങൾ കടകൾക്കു മുൻപിൽ നിർത്തിയിട്ട് പോകുന്നതും ഗതാഗതക്കുരുക്കിനു കാരണമാണ്. മാർക്കറ്റ് റോഡിനു സമാന്തരമായുള്ള മത്സ്യ – പച്ചക്കറി മാർക്കറ്റ് റോഡിലും ഗതാഗതക്കുരുക്കാണ്. വർഷങ്ങൾക്കു മുൻപ് മാർക്കറ്റ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ഇതിനെ തുടർന്ന് തർക്കമുണ്ടാകുകയും ചെയ്തിരുന്നു.
ഇതിനു ശേഷം, അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾ നിശ്ചിത ദിവസങ്ങളിൽ മാർക്കറ്റിന്റെ ഒരു ഭാഗത്ത് മാത്രം നിർത്തി സാധനങ്ങൾ കയറ്റിയിറക്കണമെന്ന് നിർദേശം വന്നു. എന്നാൽ ഈ നിർദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ഇപ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് കാരണം അടിയന്തരഘട്ടങ്ങളിൽ അഗ്നിരക്ഷാസേനയ്ക്കോ പൊലീസിനോ മാർക്കറ്റിനുള്ളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. ഗതാഗതക്കുരുക്ക് വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നു.
കുരുക്ക് അഴിക്കാൻ
∙ വണ്ടിപ്പേട്ട നവീകരിച്ച് സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തണം.
∙ മാർക്കറ്റ് റോഡിന്റെ രണ്ടു ഭാഗത്തുമായി ഒരേ സമയം അമിത ഭാരം കയറ്റിയ വാഹനങ്ങൾ നിർത്തി സാധനം കയറ്റിയിറക്കുന്നത് ഒഴിവാക്കണം. നിശ്ചിത ദിവസങ്ങളോ സമയമോ ഇതിനായി നിശ്ചയിക്കണം.
∙ കാലപ്പഴക്കം മൂലം നശിച്ച ലോറി സ്റ്റാൻഡ് നവീകരിക്കണം. ലോഡിങ്ങിനു ശേഷം ലോറികൾ ഇവിടെ പാർക്ക് ചെയ്താൽ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമുണ്ടാകും.
∙ കാലപ്പഴക്കം മൂലം നശിച്ച ലോറി സ്റ്റാൻഡ് നവീകരിക്കണം. ലോഡിങ്ങിനു ശേഷം ലോറികൾ ഇവിടെ പാർക്ക് ചെയ്താൽ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമുണ്ടാകും.
∙ മാർക്കറ്റിനുള്ളിലൂടെ എംസി റോഡ്, മതുമൂല, എസി റോഡ് ഭാഗങ്ങളിലേക്കുള്ള ഇടറോഡുകൾ നവീകരിക്കണം. ഇവിടെ സൂചനാ ബോർഡുകൾ സ്ഥാപിക്കണം.