
കൊച്ചി∙ വ്യാപാരയുദ്ധത്തിന്റെ തുടക്കത്തിൽ തിളക്കം മങ്ങിയെങ്കിലും ചൈന–യുഎസ് തീരുവപ്പോര് കടുത്തതാണ് കുതിക്കാനിടയാക്കിയത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് സ്വർണവിലയിലുണ്ടായത് 6% വർധന. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 3230 ഡോളർ എന്ന നിരക്കിലാണു സ്വർണം. ചൈനയുടെ തുറന്ന യുദ്ധപ്രഖ്യാപനം ഡോളറിനു വരുത്തിയ ക്ഷീണമാണ് സ്വർണത്തിനു കരുത്തായത്.
ചൈനീസ് ഉൽപന്നങ്ങൾക്ക് 104% ഇറക്കുമതിത്തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം അമേരിക്ക പ്രഖ്യാപിച്ചപ്പോൾ തന്നെ, യുഎസ് ഡോളർ വാങ്ങുന്നതു വെട്ടിക്കുറയ്ക്കാൻ ചൈനീസ് സെൻട്രൽ ബാങ്കിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഒരു ട്രില്യൻ ഡോളറിന്റെ കരുതൽ ശേഖരം ചൈനയുടെ പക്കലുണ്ട്. ശേഖരം വിൽക്കാനുള്ള തീരുമാനത്തിലേക്ക് ചൈന കടന്നാൽ അമേരിക്കൻ ഡോളറിന്റെ മൂല്യം ഇനിയും കുറയും. 76,000 കോടി ഡോളറിന്റെ ബോണ്ട് നിക്ഷേപവും ചൈനയ്ക്കുണ്ട്. ബോണ്ട് വരുമാനത്തിൽ കാര്യമായ ഇടിവ് സംഭവിച്ചതും ഡോളർ ഇൻഡക്സ് 100നു താഴേക്ക് ഇടിഞ്ഞതുമെല്ലാം വൻകിട നിക്ഷേപകരെ ഡോളർ വിട്ട്, സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.
ഇതുവരെ 21% വർധന
ഈ വർഷം ഇതുവരെ സ്വർണവിലയിലുണ്ടായ വർധന 21% ആണ്. കഴിഞ്ഞ വർഷം 37% നേട്ടം സ്വർണവിലയിലുണ്ടായിരുന്നു. പകരം തീരുവ ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്ന സൂചന സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുകയാണ്.
കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങൽ ഉയരുന്നതും സ്വർണ ഇടിഎഫുകളിലേക്ക് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) കൂടുതൽ പണമൊഴുകുന്നതും സ്വർണക്കുതിപ്പിന് ഇന്ധനമാകുന്നുണ്ട്. വ്യാപാരയുദ്ധസാഹചര്യത്തിന് അയവു വന്നില്ലെങ്കിൽ സമീപഭാവിയിൽ സ്വർണവില 3500 ഡോളറിലെത്തുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് പവൻ വില 75,000 രൂപ കടക്കും.
English Summary:
Gold prices surge amid escalating US-China trade war; dollar weakens, pushing gold to record highs. Experts predict further price increases, making gold a safe haven investment.
mo-business-gold mo-business-us-dollar 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list kgf8b65hshgpubuc8k13klvho