
അങ്കമാലി ബൈപാസ്: ഭൂമിയുടെ പുതുക്കിയ ന്യായവില കരട് പ്രസിദ്ധീകരിച്ചു; ഇനിയെല്ലാം വേഗത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അങ്കമാലി ∙ അങ്കമാലി ബൈപാസിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ ന്യായവില പുനർനിർണയം പൂർത്തിയായി. നടപടി പൂർത്തിയായതോടെ ഇതനുസരിച്ചുള്ള തുക ഭൂവുടമകൾക്കു ലഭ്യമാക്കി ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ കഴിയും. കറുകുറ്റി, അങ്കമാലി വില്ലേജുകളിലാണ് ബൈപാസിനായി ഭൂമി ഏറ്റേടുക്കേണ്ടത്. അങ്കമാലി വില്ലേജിൽ ന്യായവില നിശ്ചയിച്ചതിലെ അപാകത മൂലം പുനർനിർണയിക്കണമെന്ന് റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ (ആർബിഡിസികെ) ആവശ്യപ്പെട്ടിരുന്നു. ബൈപാസിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ പുതുക്കിയ ന്യായവില കരട് പ്രസിദ്ധീകരിച്ചു.
പരാതികൾ ഉന്നയിക്കാനുള്ള സമയം അനുവദിച്ചതിനു ശേഷം അന്തിമമായ ഗസറ്റ് വിജ്ഞാപനവും ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുതുക്കിയ വിജ്ഞാപനം അനുസരിച്ചുള്ള ഭൂമിയുടെ അടിസ്ഥാന മൂല്യനിർണയ റിപ്പോർട്ടും (ബിവിആർ) വിശദ മൂല്യനിർണയ സ്റ്റേറ്റ്മെന്റും (ഡിവിഎസ്) കിഫ്ബിക്ക് ഉടൻ സമർപ്പിക്കും. ഇതു പ്രകാരമുള്ള പൂർണമായ തുകയും കിഫ്ബി കലക്ടർ മുഖേന ഭൂവുടമകൾക്കു കൈമാറി ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഈ തുക എത്രയും വേഗം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോജി എം. ജോൺ എംഎൽഎ പറഞ്ഞു.
ആലുവ താലൂക്കിൽ അങ്കമാലി വില്ലേജിൽ ഉൾപ്പെട്ട 6.8006 ഹെക്ടർ ഭൂമിയും കറുകുറ്റി വില്ലേജിൽ 0.6965 ഹെക്ടർ ഭൂമിയും ഉൾപ്പെടെ 7.4971 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കുന്നതിനു 100 കോടി രൂപയോളം ചെലവഴിക്കേണ്ടിവരും. ഭൂമി ഏറ്റെടുക്കുന്നതിനു 2020ൽ പൊന്നുംവില ഓഫിസറായി എറണാകുളം കിഫ്ബി സ്പെഷൽ തഹസിൽദാരെ (എൽഎ) നിയോഗിച്ച് ഉത്തരവായതാണ്. കോട്ടയം മൂലംകുഴി കേരള വൊളന്ററി ഹെൽത്ത് സർവീസസിന്റെ നേതൃത്വത്തിൽ തയാറാക്കിയ സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് 2021 ഒക്ടോബറിൽ നൽകുകയും ചെയ്തിട്ടുണ്ട്.
73 ഭൂവുടമസ്ഥർക്ക് ഭൂമിയും താമസിക്കുന്ന ഒരു വീടും ഒരു വിദ്യാഭ്യാസ സ്ഥാപനവും നിർമാണത്തിലിരിക്കുന്ന ഒരു വാണിജ്യ കെട്ടിടവും 3 ശുദ്ധജല കിണറുകളും വാണിജ്യ ഉപയോഗത്തിലിരിക്കുന്ന ഒരു ഷെഡ് തുടങ്ങിയവയുടെ നഷ്ടമാണ് പദ്ധതിയുടെ നേരിട്ടുള്ള പ്രത്യാഘാതം കണക്കാക്കിയിരിക്കുന്നത്. ബൈപാസ് കുറഞ്ഞ സാമൂഹികാഘാതം ഉണ്ടാക്കുന്നതാണെന്നാണു വിലയിരുത്തൽ. ചെലവു കുറഞ്ഞതും നഗരത്തിൽ നിന്ന് ഒഴിഞ്ഞ് ജനവാസ മേഖലയോടു ചേർന്നുമാണ് ബൈപാസ് കടന്നുപോകുന്നത്. ഇപ്പോൾ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നാണ് അങ്കമാലി.ബൈപാസ് വന്നാൽ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്.