
2026 ഫെബ്രുവരിയിൽ തുറവൂർ– അരൂർ ഉയരപ്പാത നിർമാണം പൂർത്തിയാകുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പിയർ പ്രൊട്ടക്ഷൻ ഭിത്തിയുടെ കോൺക്രീറ്റ് തുടങ്ങി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്. 9 മീറ്റർ ഉയരമുള്ള ഒറ്റ തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായി. ഇനി റാംപുകളുടെയും ഉയരപ്പാതയ്ക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയ്ക്കായുള്ള തൂണുകളും നിർമിക്കണം.
ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റിങ് ജോലിയും നടക്കുന്നു. തൂണുകൾക്ക് ചുവട്ടിൽ 7 മീറ്റർ വീതിയിലും 7 മീറ്റർ നീളത്തിലും ഒന്നര അടി താഴ്ചയിൽ പാറപ്പൊടിയും 65 എംഎം മെറ്റലും ചേർത്തിട്ടുള്ള മിശ്രിതം യന്ത്ര സഹായത്തോടെ ഉറപ്പിക്കുന്ന ജോലിയും തുടങ്ങി.ഇതിനോട് ചേർന്ന് തൂണിന്റെ അടിഭാഗത്ത് നിന്നു 2 മീറ്റർ ഉയരത്തിൽ 10 സെന്റീമീറ്റർ ഘനത്തിൽ കോൺക്രീറ്റിങ് നടക്കുന്നു. തുറവൂർ, കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലായി പത്തോളം തൂണുകളുടെ ജോലി പൂർണമായി.
തൂണുകൾക്ക് മുകളിൽ പാതയ്ക്കായി കോൺക്രീറ്റിങ് പൂർത്തിയായ ഭാഗങ്ങളിലാണ് ജോലികൾ നടക്കുന്നത്. നിർമാണത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളും നീക്കം ചെയ്തു. തൂണിനോട് ചേർന്ന് മീഡിയനുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി അവസാനത്തോടെ ഉയരപ്പാത നിർമാണം പൂർത്തിയാക്കണമെന്നാണ് കരാർ.
ഗതാഗത നിയന്ത്രണം
അരൂർ∙ തുറവൂർ–അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട തുറവൂർ ജംക്ഷനിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 11 മുതൽ 15 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു കുമ്പളങ്ങി റോഡ് വഴിയോ, തൈക്കാട്ടുശേരി റോഡ് വഴിയോ പോകണം. അരൂർ മുക്കം , വൈറ്റില എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽ നിന്നു അരൂക്കുറ്റി റോഡ് വഴിയും പോകണമെന്ന് അശോക് ബിൽക്കോൺ അധികൃതർ അറിയിച്ചു.