
‘പെട്ടെന്ന് പോകണോ… പെട്ടിയിൽ പോകണോയെന്ന് ഞങ്ങൾ തീരുമാനിക്കും’; ക്രൂരമായ മറുപടി നൽകി ഡോക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ ‘പെട്ടെന്ന് പോകണോ… പെട്ടിയിൽ പോകണോയെന്ന് ഞങ്ങൾ തീരുമാനിക്കും’ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്പൈനൽ കോഡിനു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മകന്റെ ശസ്ത്രക്രിയ അൽപം വേഗത്തിലാക്കണമെന്ന് അപേക്ഷിച്ച അച്ഛനോട് ഡോക്ടർ പറഞ്ഞ വാക്കുകളാണിത്. ആരോഗ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശത്തെത്തുടർന്നു ശസ്ത്രക്രിയ വേഗത്തിലാക്കണമെന്നു മെഡിക്കൽ കോളജ് സൂപ്രണ്ട് ന്യൂറോ സർജറി വിഭാഗത്തോട് നിർദേശിച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിലെ ഡോ. ഫിലിപ്, ബിഎസ്സി നഴ്സിങ് വിദ്യാർഥിയുടെ അച്ഛൻ പത്തനംതിട്ട തണ്ണിത്തോട് സ്വദേശി സതീഷ് കുമാറിനോട് തട്ടിക്കയറിയെന്നാണു പരാതി.
‘ശസ്ത്രക്രിയ എനിക്ക് തോന്നുമ്പോൾ ചെയ്യും, അല്ലെങ്കിൽ മന്ത്രിയോടോ സൂപ്രണ്ടിനോടോ വകുപ്പ് മേധാവിയോടോ വന്നു ചെയ്യാൻപറയൂ. ഞാൻ ചെയ്യണമെങ്കിൽ എനിക്കു തോന്നണം. അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്കു കിടക്കുന്നതിൽ വല്ലവന്മാരും ചാകട്ടെ’ എന്നായിരുന്നു ഡോക്ടറുടെ വാക്കുകളെന്നും സതീഷ് പറയുന്നു. കർണാടകയിലെ ചിത്രദുർഗയിൽ പഠിക്കുന്ന സജിത്ത് സതീഷി (20)നു ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു സ്പൈനൽ കോഡിനു പരുക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയും ഒന്നര മാസത്തെ വിശ്രമവുമാണ് അധികൃതർ നിർദേശിച്ചത്.
ജൂണിൽ സജിത്തിന്റെ പരീക്ഷ തുടങ്ങും. ശസ്ത്രക്രിയ വൈകിയാൽ പരീക്ഷ മുടങ്ങും. ഇതോടെയാണു മന്ത്രിയുടെ ഓഫിസ് മുഖേന മെഡിക്കൽ കോളജ് സൂപ്രണ്ടിനെ വിവരം ധരിപ്പിച്ചത്. ശസ്ത്രക്രിയ വേഗത്തിലാക്കണമെന്ന് ന്യൂറോ സർജറി വിഭാഗത്തോട് സൂപ്രണ്ട് നിർദേശിച്ചു. മോശം പെരുമാറ്റത്തെത്തുടർന്ന് സതീഷ് ഡിസ്ചാർജ് ഷീറ്റ് എഴുതിവാങ്ങി മകനുമായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഇന്നലെ ശസ്ത്രക്രിയ നടന്നു. പെയിന്റിങ് തൊഴിലാളിയായ സതീഷിനു ജോലിക്കിടെ വീണ് നട്ടെല്ലിനു പരുക്കേറ്റിരുന്നു. ഒരു മാസം മുൻപാണ് നടക്കാൻ തുടങ്ങിയത്. നിർധനകുടുംബമാണ് ഇവരുടേത്. സൂപ്രണ്ടിനും മന്ത്രിക്കും പരാതി നൽകി.
4 ഡ്യൂട്ടി ചെയ്തു തളർന്ന് ഇരിക്കുകയായിരുന്നു ഞാൻ;
ആരോപണം അടിസ്ഥാന രഹിതമാണ്. യൂണിറ്റിൽ ഞാൻ ഉൾപ്പെടെ 3 പേർ മാത്രമാണ് ശസ്ത്രക്രിയ ചെയ്യാനുള്ളത്. ഗുരുതരാവസ്ഥയിലുള്ള 30 രോഗികൾ വെയ്റ്റിങ് ലിസ്റ്റിൽ ഉണ്ട്. അതിൽ കുട്ടികളുമുണ്ട്. ഇതിനിടയിലാണ് ഇവർ പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 4 മുതൽ 8 മണിക്കൂർ വരെ വേണ്ടി വരുന്ന സങ്കീർണശസ്ത്രക്രിയയാണ്. മരണം വരെ സംഭവിക്കാം ഇക്കാര്യങ്ങളെല്ലാം അവരെ പറഞ്ഞുമനസ്സിലാക്കി. അൽപം കാത്തിരിക്കാൻ പറഞ്ഞു. 4 ഡ്യൂട്ടി ചെയ്തു തളർന്ന് ഇരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് എന്നോട് ആജ്ഞാപിക്കുന്ന രീതിയിലാണ് അവർ സംസാരിച്ചത്. രോഗിയുടെ ജീവൻ രക്ഷിക്കണമെന്ന് ഉറപ്പിച്ച് ഇറങ്ങിത്തിരിക്കുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നവരോട് പ്രതികരിക്കാനില്ല. ഡോ.ഫിലിപ്, ന്യൂറോ സർജറി വിഭാഗം, കോട്ടയം മെഡിക്കൽ കോളജ്.
നിയമപോരാട്ടം നടത്തും
ചില ഡോക്ടർമാർ ക്രൂരമായാണ് പെരുമാറുന്നത്. ചികിത്സ അവരുടെ ഔദാര്യം പോലെയാണ് കാണുന്നത്. ഡോക്ടറുടെ മനുഷ്യത്വരഹിത നടപടിക്കെതിരെ നിയമപോരാട്ടം നടത്തും.സതീഷ് കുമാർ,രോഗിയുടെ പിതാവ്