
അജൈവ മാലിന്യം നീക്കാനുള്ള കോടികളുടെ പദ്ധതിയെ ചൊല്ലി അഴിമതി ആരോപണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
ഒറ്റപ്പാലം ∙ നഗരസഭയുടെ ഖരമാലിന്യ സംസ്കരണ പ്ലാന്റിൽ കുന്നുകൂടിക്കിടക്കുന്ന അജൈവ മാലിന്യം നീക്കാനുള്ള പദ്ധതിയെ മറയാക്കി ഇവ മണ്ണിട്ടു മൂടുന്നുവെന്ന ആരോപണവുമായി ബിജെപി. കോടികൾ മുടക്കിയുള്ള പദ്ധതിയെ ചൊല്ലിയാണ് അഴിമതി ആരോപണം.
പ്ലാന്റിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ലെഗസി വേസ്റ്റ് നീക്കുന്നതിനു പകരം കുഴിച്ചുമൂടുകയാണെന്നും ഇതിൽ വൻ അഴിമതിയുണ്ടെന്നും ആരോപിച്ചു വെസ്റ്റ് ജില്ലാകമ്മിറ്റി പ്രതിഷേധവുമായി പനമണ്ണയിലെ പ്ലാന്റിലെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചെടുത്തു നീക്കം ചെയ്യാതെ മണ്ണിട്ടു മൂടുകയാണെന്നാണ് ആരോപണം. അംഗീകാരമില്ലാത്ത കമ്പനിക്കാണു ബയോമൈനിങ് നടത്തുന്നതിനു കരാർ നൽകിയിട്ടുള്ളതെന്നു നേതാക്കൾ ആരോപിച്ചു.
45,000 ക്യുബിക് മീറ്റർ മാലിന്യമാണു പ്ലാന്റിൽ ഉണ്ടായിരുന്നത്. ഇതിൽ 25,000 ക്യുബിക് മീറ്ററോളം മാലിന്യം ഇതിനകം നീക്കിയെന്നാണു നഗരസഭാധികൃതരുടെ വാദം. 20,000 ക്യുബിക് മീറ്റർ മാലിന്യമാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. കാലങ്ങളായി അടിഞ്ഞുകൂടിയിട്ടുള്ള ഈ മാലിന്യം കൂടി നീക്കാൻ നഗരസഭ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്.
1.68 കോടി രൂപ ചെലവിൽ വിജയവാഡയിൽ നിന്നുള്ള കമ്പനിയാണ് ഇതിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളതെന്നും ഇതിനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്നും നേരത്തെ മാലിന്യം നീക്കിയതിനു കൃത്യം രേഖയുണ്ടെന്നും നഗരസഭാ അധികൃതർ പറയുന്നു. മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും നഗരസഭാ ഉപാധ്യക്ഷൻ കെ.രാജേഷ് പറഞ്ഞു.
പ്ലാന്റിൽ ഓർഗാനിക് വേസ്റ്റ് കൺവർട്ടറിന്റെ ഉദ്ഘാടനവും നേരത്തെ മാലിന്യം നീക്കിയ സ്ഥലത്ത് ഒരുക്കിയ പൂന്തോട്ടത്തിന്റെ സമർപ്പണവും ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് 18നു നിർവഹിക്കാനിരിക്കെയാണ് ആരോപണം. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി.വേണുഗോപാലൻ, മധ്യമേഖലാ സെക്രട്ടറി ടി.ശങ്കരൻകുട്ടി, മണ്ഡലം പ്രസിഡന്റ് സി.സുമേഷ്, ജനറൽ സെക്രട്ടറി കെ.പി.കൃഷ്ണകുമാർ, കെ.പ്രമോദ്, നഗരസഭാ കൗൺസിലർമാരായ എസ്.ഗംഗാധരൻ, സി.സജിത്ത്, എ.അനിത, സി.പ്രസീത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്ലാന്റിൽ പ്രതിഷേധം.