
പട്ടണ മധ്യത്തിൽ ഇതുവരെ നടന്നു തുടങ്ങാതെ ‘പ്രത്യേക സംവിധാനം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ പട്ടണ മധ്യത്തിൽ കൊല്ലം – തിരുമംഗലം ദേശീയപാതയും മലയോര ഹൈവേയും സംഗമിക്കുന്ന കെഎസ്ആർടിസി മൈതാനിയിൽ കാൽനടയാത്രയ്ക്കായി പ്രത്യേക സംവിധാനം ഒരുക്കുന്ന നടപടി എങ്ങും എത്തിയില്ല. 5 വർഷങ്ങൾക്കു മുൻപ് അന്നു മന്ത്രി കൂടിയായിരുന്ന എംഎൽഎ കെ.രാജുവും നഗരസഭാ അധികൃതരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് ഇവിടെ പുതിയ ആകാശ നടപ്പാതയ്ക്കു പ്രാരംഭ നടപടികൾ ആരംഭിച്ചതാണ്. എന്നാൽ, തുടർനടപടികൾ ഉണ്ടായില്ല. അപകടത്തിൽപ്പെടാതെ കാൽനട യാത്രക്കാർക്കു മലയോര ഹൈവേയും ദേശീയപാതയും മുറിച്ചു കടക്കുന്നതിനാണ് ആകാശപാത നിർമിക്കാൻ ആലോചിച്ചത്.
കെഎസ്ആർടിസി ഡിപ്പോക്കു സമീപത്തു നിന്നു കെഎസ്ആർടിസി മൈതാനിയിലെ 2 റോഡുകൾക്കു മുകളിലൂടെ 7 നില വ്യാപാര സമുച്ചയത്തിനു മുൻവശത്ത് കച്ചേരി റോഡിൽ സമാപിക്കുന്ന രീതിയിലാണ് ആകാശ നടപ്പാത ആലോചിച്ചത്. നിലവിൽ ശാസ്ത്രീയമായി ട്രാഫിക് ഐലൻഡ് പോലും ഇവിടെ നിർമിച്ചിട്ടില്ല എന്നതിനാൽ വാഹനഗതാഗതവും കാൽനട യാത്രയും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതി ആലോചിച്ചത്. ജനപ്രതിനിധികളും നഗരസഭയും ഇടപെട്ട് അടിയന്തരമായി ഇവിടെ കാൽനടയാത്രക്കാർക്കായി സുരക്ഷിതയാത്ര ഒരുക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേ സമ്പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ വടക്കൻ ജില്ലകളിൽ നിന്നു ദിവസവും നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കാൻ പോകുന്നത്.