
മുഖം മാറാൻ മാവേലിക്കര റെയിൽവേ സ്റ്റേഷൻ; നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ അമൃത് ഭാരത് പദ്ധതിയിലും റെയിൽവേ ഡിവിഷൻ തുക വിനയോഗിച്ചും നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്നു. ഡിവിഷന്റെ നേതൃത്വത്തിൽ ലിഫ്റ്റ്, മേൽപാലം എന്നിവയാണു ക്രമീകരിക്കുന്നത്. അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷനിലേക്കുള്ള പ്രധാന റോഡിന്റെ വീതികൂട്ടൽ, പാർക്കിങ് ഏരിയ, പ്ലാറ്റ്ഫോമുകളുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണു പുരോഗമിക്കുന്നത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടൽ, പഴയ സ്റ്റേഷൻ കെട്ടിടം ആധുനികവൽക്കരിക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്.
പുതിയ ഡിജിറ്റൽ ബോർഡുകളും നവീകരണത്തിന്റെ ഭാഗമായി സ്ഥാപിക്കും. പ്രധാന റോഡിന്റെ നവീകരണം നടക്കുന്നതിനാൽ സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ ഇപ്പോൾ കെഎസ്ആർടിസി റീജനൽ വർക്ഷോപ് വഴിയുള്ള റോഡിലൂടെയാണു സഞ്ചരിക്കുന്നത്. നവീകരണ ജോലികൾ പൂർത്തിയാകുന്നതിനൊപ്പം തിരക്കില്ലാത്ത സമയങ്ങളിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലും ട്രെയിനുകൾ നിർത്തുന്നതിനുള്ള ക്രമീകരണവും ഉണ്ടാകും. നിലവിൽ ലൂപ് ലൈൻ ആയി ഉപയോഗിക്കുന്ന ഒന്നാം നമ്പർ പാതയിലൂടെ രാവിലെയും വൈകിട്ടും ട്രെയിനുകൾ നിർത്താനായി റെയിൽവേ ഓപ്പറേഷൻസ് വിഭാഗം ക്രമീകരണം ആലോചിക്കുന്നുണ്ട്.
ആർപിഎഫ് സേവനം ക്രമീകരിക്കണം
റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) സേവനം ലഭ്യമാക്കാനുള്ള നടപടി വേണമെന്ന ആവശ്യം ശക്തമാണ്. സ്റ്റേഷൻ പരിസരത്തു സൂക്ഷിക്കുന്ന വാഹനങ്ങളിൽ നിന്നു ഇന്ധനം അപഹരിക്കുക, ഹെൽമറ്റ് മോഷണം പോകുക എന്നിവ പതിവാണ്. വിശാലമായ സ്റ്റേഷൻ പരിസരത്തു സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതും ലഹരി വസ്തുക്കളുടെ കൈമാറ്റം നടത്തുന്നതും സ്ഥിരമാണ്. രാത്രി ഗുണ്ടാസംഘങ്ങൾ സ്റ്റേഷൻ പരിസരത്തു തമ്പടിച്ചു പരസ്പരം പോരടിക്കുന്നതിനൊപ്പം യാത്രക്കാരെ ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കുന്നുമുണ്ട്. ഇതിനു പരിഹാരമായി ആർപിഎഫ് സേവനം സ്ഥിരമായി ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്.
പാർക്കിങ് ഏരിയയിൽ മേൽക്കൂര വേണം
സ്ഥിരമായി യാത്ര ചെയ്യുന്നവർ വാഹനങ്ങൾ സ്റ്റേഷൻ പരിസരത്തു പാർക്കിങ് നടത്താറുണ്ട്. ഏറെ വാഹനങ്ങൾ ഉള്ളതിനാൽ മേൽക്കൂര ക്രമീകരിച്ചിരിക്കുന്ന പാർക്കിങ് സ്ഥലത്തിനു വെളിയിലാണു ഭൂരിഭാഗം വാഹനങ്ങളും പൂട്ടി സൂക്ഷിക്കുന്നത്. സ്ഥിരമായി വെയിലും മഴയും കൊണ്ട് വാഹനങ്ങൾ നശിക്കുന്ന അവസ്ഥയുണ്ട്. സ്റ്റേഷൻ നവീകരണം പൂർത്തിയാകുന്നതിനൊപ്പം മതിയായ മേൽക്കൂര പാർക്കിങ് ഏരിയയിൽ സ്ഥാപിക്കുന്നതിനു നടപടി ഉണ്ടാകണം.