
വൈദ്യുതാഘാതമേറ്റ് അഞ്ചര വയസ്സുകാരന്റെ മരണം: അപകട കാരണം മൾട്ടി പിൻ സോക്കറ്റിൽ ഉണ്ടായ ഷോർട് സർക്യൂട്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ ചെട്ടികുളങ്ങര കൈത വടക്ക് വൈദ്യുതാഘാതമേറ്റ് അഞ്ചര വയസ്സുകാരൻ മരിച്ച വീട്ടിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ പരിശോധന നടത്തി. കെഎസ്ഇബി തട്ടാരമ്പലം സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ അപകട ദിവസം നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട് ചീഫ് സേഫ്റ്റി ഓഫിസറും സ്ഥലത്തെത്തി പരിശോധന നടത്തി വൈദ്യുതി ബോർഡ് ചീഫ് സേഫ്റ്റി കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണു ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതർ കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടിൽ പരിശോധന നടത്തിയത്. ഇലക്ട്രിക്കൽ എൻജിനീയർ ജയരാജ്, ഡപ്യൂട്ടി ഇലക്ട്രിക്കൽ എൻജിനീയർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
റസിഡ്യൂൽ കറന്റ് സർക്യൂട്ട് ബ്രേക്കർ (ആർസിസിബി) വീട്ടിൽ ഇല്ലായിരുന്നു, മൾട്ടി പിൻ സോക്കറ്റിൽ ഉണ്ടായ ഷോർട് സർക്യൂട്ട് ആണ് എർത്ത് വയറിലും വൈദ്യുതി പ്രവഹിക്കാൻ ഇടയാക്കിയത് എന്നും പരിശോധനയിൽ കണ്ടെത്തി. വീട്ടിൽ സ്ഥാപിക്കാനായി പുതിയ ആർസിസിബി ഇൻസ്പെക്ടറേറ്റ് അധികൃതർ സൗജന്യമായി നൽകി. വീട്ടിലെ പഴയ വയറിങ് മാറ്റി സ്ഥാപിച്ച ശേഷം മാത്രം വൈദ്യുത കണക്ഷൻ പുനഃസ്ഥാപിച്ചാൽ മതിയെന്നു നിർദേശം നൽകി. വയറിങ് പുതുക്കിയ ശേഷം വീട്ടുകാർ അപേക്ഷ നൽകിയതിനു ശേഷം തട്ടാരമ്പലം സെക്ഷൻ ഓഫിസിൽ നിന്നു സ്ഥലത്തു വീണ്ടും പരിശോധന നടത്തും. ഇതിനു ശേഷമേ വീട്ടിലേക്കുള്ള വൈദ്യുതി പുനഃസ്ഥാപിച്ചു നൽകൂ.
ഹാമിന്റെ സംസ്കാരം ഇന്ന്
മാവേലിക്കര ∙ എർത്ത് വയറിൽ നിന്നു വൈദ്യുതാഘാതമേറ്റു മരിച്ച പത്തനംതിട്ട തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്കിന്റെയും ശ്യാമയുടേയും (പെരിങ്ങര പഞ്ചായത്ത് ജീവനക്കാരി) ഇളയ മകൻ എച്ച്.ഹാമിന്റെ സംസ്കാരം ഇന്നു നടക്കും. പോസ്റ്റ്മോർട്ടത്തിനു ശേഷം തിരുവല്ലയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 8.30നു പെരിങ്ങരയിലെ വീട്ടിലെത്തിക്കും. ശുശ്രൂഷകൾക്കു ശേഷം സംസ്കാരം 12.30നു പെരുന്തുരുത്തി സിഎസ്ഐ പള്ളിയിൽ നടക്കും. ഹാമിന്റെ പിതാവ് ഹാബേൽ ഐസക് ഖത്തറിൽ നിന്ന് ഇന്നലെ രാവിലെ നാട്ടിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ചെട്ടികുളങ്ങര കൈത വടക്ക് കോയിത്താഴത്ത് രാജന്റെ വീട്ടുമുറ്റത്താണ് ദാരുണമായ അപകടം നടന്നത്. ശ്യാമയുടെ പിതാവ് ശിവാനന്ദന്റെ സഹോദരനാണ് രാജൻ. ഹാമിനും സഹോദരി ഹാമിയും ഒരാഴ്ച മുൻപാണ് അവധിക്കാലം ആഘോഷിക്കാൻ അമ്മ വീട്ടിൽ എത്തിയത്.