
ഉയരം തലകുനിച്ചു, വാസന്തിക്കു മുന്നിൽ; എവറസ്റ്റ് ബേസ് ക്യാംപിലെത്തി തൃച്ചംബരം സ്വദേശിനി വാസന്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തളിപ്പറമ്പ് ∙ തൃച്ചംബരത്തെ ചെറുവീട്ടിൽ ചെന്നാൽ മിക്കപ്പോഴും തയ്യൽപണിയിലാവും വാസന്തി. വസ്ത്രങ്ങൾക്കൊപ്പം തന്റെ സ്വപ്നങ്ങളും ഒന്നൊന്നായി തുന്നിച്ചേർക്കുന്ന തിരക്കിലാണ് വാസന്തിയിപ്പോൾ. ഫെബ്രുവരി 9ന് വീട്ടിൽ നിന്നിറങ്ങി ആ അമ്പത്തൊൻപതുകാരി നടന്നുകയറിയത് എവറസ്റ്റ് ബേസ് ക്യാംപിലേക്കാണ്.
‘ഇടയ്ക്കെങ്കിലും നമ്മൾ ലോകം കാണാൻ ഇറങ്ങണം. എന്നെപ്പോലെ 59 വയസ്സാകാൻ കാക്കരുത്’–ഏറ്റവും വലിയ സ്വപ്നം എത്തിപ്പിടിച്ച നിറവിൽ വാസന്തി പറഞ്ഞു. യുട്യൂബ് വിഡിയോകളിലൂടെ കണ്ട എവറസ്റ്റിനെ നേരിൽ കാണാനുണ്ടായ വാസന്തിയുടെ അടങ്ങാത്ത മോഹത്തിനു മക്കളായ വിനീതും വിവേകുമാണ് പൂർണ പിന്തുണ നൽകിയത്. അങ്ങനെ, സ്വപ്നം യാഥാർഥ്യമായി.
ബേസ് ക്യാംപിലേക്കുള്ള യാത്ര
നേപ്പാളിലെ കഠ്മണ്ഡുവിൽ ഫ്ലൈറ്റ് കാത്തുനിൽക്കുമ്പോഴേ ട്രെക്കിങ് തുടങ്ങേണ്ട സുർക്കെ വില്ലേജിലേക്ക് ഒരു റോഡ് യാത്ര മനസ്സിലുണ്ടായിരുന്നു. ലുക്ല എയർപോർട്ടിലേക്കുള്ള ഫ്ലൈറ്റ് റദ്ദായതോടെ മനസ്സിൽ കണ്ട റോഡ് യാത്ര തരപ്പെട്ട സന്തോഷം. കൂടെ ഒരു ജർമൻ കപ്പിളും. അവരുടെ കൂടെ ഹില്ലേരി വരെ റോഡ് മാർഗം യാത്ര. അതേറ്റവും മനോഹരമായ അനുഭവമായിരുന്നുവെന്ന് വാസന്തി പറഞ്ഞു.
മണിക്കൂറുകൾ നീണ്ടതായിരുന്നു ബേസ് ക്യാംപിലേക്കുള്ള ഓരോ കയറ്റവും. സുർക്കെ വില്ലേജിൽനിന്ന് 9 മണിക്കൂർ നടന്നുവേണം അടുത്ത താവളം വരെയെത്താൻ. എന്നാൽ, ആഗ്രഹത്തിന്റെ മുന്നിൽ ശരീരവും മനസ്സും തളർച്ച മറന്നു. ശരീരത്തിനുമുന്നേ മനസ്സ് പാഞ്ഞു. ‘എല്ലാവരെക്കാളും പതിയെയാണ് ഞാൻ നടന്നത്’. പ്രായമേൽപിക്കുന്ന പിൻവിളികൾക്ക് അവർ കണ്ടെത്തിയ പരിഹാരം.
‘അവസാനതാവളത്തിൽനിന്നു ബേസ് ക്യാംപിലേക്കു സാധാരണ നടന്നെത്താൻ വേണ്ടത് 2 മണിക്കൂർ. എനിക്ക് അതിന്റെ ഇരട്ടി സമയം വേണമായിരുന്നു. തിരിച്ചുപോകാമെന്നാണ് ഗൈഡ് പറഞ്ഞത്. പക്ഷേ, മടങ്ങാൻ ഞാൻ തയാറായിരുന്നില്ല. ഒടുക്കം ക്യാപിലെത്തിയപ്പോൾ സന്തോഷമാണോ സങ്കടമാണോ എന്നു വേർതിരിക്കാൻ പറ്റാത്ത നിറവായിരുന്നുവെന്ന് വാസന്തി പറഞ്ഞു. സന്തോഷം എവറസ്റ്റോളം പൊങ്ങിനിന്നു. ഞാൻ ഇത് നിറവേറ്റിയല്ലോയെന്ന സംതൃപ്തിയായിരുന്നു തിരിച്ചിറങ്ങാനുള്ള ശക്തിയെന്നും അവർ പറഞ്ഞു. ‘ബേസ് ക്യാംപിൽ നിന്ന് സെറ്റുമുണ്ടും ഇട്ടൊരു ഫോട്ടോയെന്ന ആഗ്രഹവും നിറവേറ്റി.’ വാസന്തി ചിരിച്ചു.
ആദ്യയാത്ര തായ്ലൻഡിലേക്ക്
തായ്ലൻഡായിരുന്നു തുടക്കം. ‘ഒറ്റയ്ക്കു യാത്ര പോകാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്ക് കിട്ടുന്നത് തായ്ലൻഡ് യാത്രയ്ക്ക് ശേഷമാണ്. അവിടെ ഭാഷ കുറച്ചു ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലിഷ് പറയുന്നവർ ചുരുക്കമാണ്. ഒട്ടേറെ തായ് ഭക്ഷണങ്ങൾ രുചിച്ചത് നല്ല അനുഭവമായിരുന്നു’.
അടുത്ത ലക്ഷ്യം ചൈന
വെറുതേയൊരു പോക്കല്ല വാസന്തിയുടെ യാത്രകൾ. വലിയ തയാറെടുപ്പ് തന്നെയുണ്ട്. ഏറ്റവും പ്രധാനം പോകുന്നിടത്തെ ഭാഷ കുറച്ചു പഠിക്കാം എന്നതുതന്നെ. ഇപ്പോൾ ചൈനീസ് ഭാഷ പഠിക്കുന്ന തിരക്കിലാണു വാസന്തി. ‘ചൈനീസ് എളുപ്പമാണ്. ചില വാക്കുകൾക്കു മലയാളത്തോടു സാമ്യമുണ്ട്’.
ചൈനയിലെ വൻമതിലേക്കുള്ള തന്റെ ദൂരം തുന്നിച്ചേർക്കുന്ന തിരക്കിൽ വാസന്തി പറഞ്ഞു. ‘വീട്ടിൽനിന്നു തയ്ച്ചും സ്വർണം പണയംവച്ചും മക്കൾ സഹായിച്ചുമാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. ‘എന്തുവന്നാലും പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനമാണ് ആദ്യം വേണ്ടത്. അതിൽ എന്നോടുതന്നെ അഭിമാനം തോന്നുന്നു’– അവർ പറഞ്ഞു.