
വാട്ടർ മെട്രോയിലേറി ‘ഏലൂർ’ കൊച്ചി തൊടും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഏലൂരുകാർ ഏറെ കൊതിച്ചതല്ലേ– ഇന്നുമുതൽ ഏലൂർ ജെട്ടിയിൽ നിന്നു ഹൈക്കോടതി ജെട്ടിയിലേക്കു നേരിട്ടു വാട്ടർ മെട്രോ സർവീസ് തുടങ്ങും. ഏലൂരിൽ നിന്നു കൊച്ചി നഗരകേന്ദ്രത്തിലേക്കു നേരത്തേയും വാട്ടർ മെട്രോയിൽ വരാമായിരുന്നു. ഏലൂരിൽ നിന്നു സൗത്ത് ചിറ്റൂർ ജെട്ടിയിൽ ഇറങ്ങി അടുത്ത ബോട്ട് പിടിച്ച് ഹൈക്കോടതി ജെട്ടിയിലേക്ക്. പക്ഷേ, ഇതിനിടയിൽ സമയം കുറേ പോകുമെന്നു മാത്രം. ഇന്നു മുതൽ അതുവേണ്ട. രാവിലെ രണ്ടു ബോട്ട് ഹൈക്കോടതി ജെട്ടിയിലേക്കും 2 ബോട്ട് തിരികെ ഏലൂർക്കും. വൈകുന്നേരവും ഇതുപോലെ 2 സർവീസ് വീതം. ബാക്കി സമയം, പതിവുപോലെ ഏലൂരിൽ നിന്നു ചിറ്റൂർ വരെയും തിരിച്ചും. പരീക്ഷണം വിജയിച്ചാലും, കൂടുതൽ യാത്രക്കാരുണ്ടായാലും ഇതു പതിവ് സർവീസ് ആക്കും. ബോട്ടും വേണം.
ഏലൂരിൽ നിന്നു സൗത്ത് ചിറ്റൂരിലെത്താൻ 30 മിനിറ്റ്. അവിടെ 10 മിനിറ്റ് ഇടവേള. പോണ്ടൂൺ ( ജലനിരപ്പിനനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന പ്ലാറ്റ് ഫോം) ഒന്നു മാത്രമേ ഉള്ളു എന്നതിനാലാണിത്. രണ്ടാമത്തെ പോണ്ടൂൺ വന്നാൽ ഇൗ ഇടവേള ഇല്ല. ചിറ്റൂരിൽ നിന്നു 40 മിനിറ്റ് ഹൈക്കോടതി ജെട്ടിയിലേക്ക്. ഇത്രയും ദൂരം ബസിൽ വരാൻ ഇതിൽ കൂടുതൽ സമയം വേണം. ടിക്കറ്റ് നിരക്ക് അൽപം കൂടിയാലും വാട്ടർ മെട്രോയിൽ സുഖകരമായി യാത്ര ചെയ്യാം.
23 ബോട്ട് എന്ന് വരും
2022 ൽ പണി പൂർത്തിയാക്കി തരണമെന്ന വ്യവസ്ഥയോടെ 23 ബോട്ട് പണിയാൻ കൊച്ചി കപ്പൽശാലയ്ക്ക് കരാർ നൽകിയെങ്കിലും ഇതുവരെ കൊടുത്തു തീർത്തത് 19 ബോട്ട്. ബാക്കി ചോദിക്കുമ്പോൾ, ‘ഉടൻ’ എന്ന മറുപടിയാണു കപ്പൽശാലയ്ക്ക്.ബോട്ട് കിട്ടിയാൽ അടുത്തമാസം മുതൽ മട്ടാഞ്ചേരിക്കു വാട്ടർമെട്രോ ബോട്ട് ഓടിക്കും. കരാർ നൽകിയ ബോട്ടുകൾ കിട്ടിയിട്ടില്ലെങ്കിലും അടുത്ത സെറ്റ് ആയി 15 ബോട്ടുകളുടെ ടെൻഡർ അവസാന ഘട്ടത്തിലാണ്. അതിലും കൊച്ചി കപ്പൽശാലയാണു ടെൻഡർ നൽകിയിട്ടുള്ളത്.
15ൽ 10 ജെട്ടി
ആദ്യ ഘട്ടത്തിൽ 15 ജെട്ടികൾ പ്ലാൻ ചെയ്തതിൽ 10 ആയി. ബാക്കി 5 നിർമാണം പുരോഗമിക്കുന്നു. ചിറ്റേത്തുകര, വൈറ്റില, ഹൈക്കോർട്ട്, ഫോർട്ട്കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ജെട്ടികളിലേക്ക് ഇപ്പോൾ സർവീസ് ഉണ്ട്. മട്ടാഞ്ചേരി അടുത്തമാസം തുടങ്ങും. പോണ്ടൂൺ എത്തിയാൽ ഐലൻഡിൽ ബോട്ട് അടുക്കും. കുമ്പളം,ഇടക്കൊച്ചി, കടമക്കുടി, ചരിയംതുരുത്ത് ജെട്ടികളുടെ നിർമാണം പൂർത്തിയാവാനുണ്ട്.