
മൺസൂൺ ശക്തിപ്പെടാൻ തുടങ്ങിയിട്ട് 800 വർഷം; ഇനിയും തീവ്രമാകാൻ സാധ്യത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പത്തനംതിട്ട ∙ സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളുടെയും ഊർജപ്രവാഹത്തിന്റെയും ഏറ്റക്കുറച്ചിലുകൾ മുതൽ ദീർഘകാല കാലാവസ്ഥയിലെ ആവർത്തനാത്മക സ്വഭാവം വരെ മൺസൂണിനെ ബാധിക്കുന്നതായി കേന്ദ്ര സർവകലാശാലാ ഗവേഷകരുടെ കണ്ടെത്തൽ. 2018 ലെ കനത്ത മഴയും വയനാട്ടിലെയും കുടകിലെയും ഉരുൾപൊട്ടലുകളും മഴയിലെ ഈ ദീർഘകാല വർധനവിന്റെ ഭാഗമാകാം എന്ന നിർണായക വാദവും ഗവേഷകർ പങ്കുവയ്ക്കുന്നു. വരും വർഷങ്ങളിലും മഴയുടെ തീവ്രതയിൽ വർധന പ്രതീക്ഷിക്കാമെന്നും പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ കരുതൽ നടപടികൾ ആവശ്യമാണെന്നും പഠനം നിർദേശിച്ചു.
പരിസ്ഥിതി സംരക്ഷണ നടപടികളും മണ്ണു സംരക്ഷണവും പശ്ചിമഘട്ടത്തിൽ അനിവാര്യമാകുന്ന കാലത്തിലേക്കാണു മഴയുടെ രീതികൾ മാറുന്നതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകി. കാലാവസ്ഥാ മാറ്റം വരുത്തുന്ന പ്രതിസന്ധികൾക്ക് പുറമെയാണ് ഇത്.കാസർകോട് കേന്ദ്ര സർവകലാശാല ഭൂമിശാസ്ത്ര വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ.കെ.സന്ദീപിന്റെ നേതൃത്വത്തിൽ ഗവേഷകരായ കെ.വി.രേഷ്മ, ജി.എച്ച്.അരവിന്ദ് തുടങ്ങിയവരുടെ സംഘമാണ് പുതിയ കണ്ടെത്തലിനു പിന്നിൽ. രാജ്യാന്തര ജേണലായ ക്വാട്ടേണറി ഇന്റർനാഷനലിൽ പഠനം പ്രസിദ്ധീകരിച്ചു.
പശ്ചിമ ഘട്ടത്തിൽ കഴിഞ്ഞ 800വർഷത്തിനിടെ മഴ വർധിച്ചതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ഡോ.കെ.സന്ദീപ് പറഞ്ഞു. മടിക്കേരിക്കടുത്ത് ചെപ്പണ്ടിക്കര തടാകത്തിലെ എക്കൽച്ചെളി മണ്ണ് ശേഖരിച്ചു നടത്തിയ കാന്തിക, ഐസോടോപിക്, പഠനത്തിലാണ് മൺസൂണിലുണ്ടായ ഏറ്റക്കുറച്ചിലുകളുടെ ചിത്രം ഉരുത്തിരിഞ്ഞത്.