
25 വർഷം പിന്നിട്ടിട്ടും സീപോർട്ട്–എയർപോർട്ട് റോഡ് ഇരുട്ടിൽ: എന്നുവരും കളമശേരിയിൽ വെളിച്ചം ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിന്റെ എച്ച്എംടി വരെയുള്ള ഭാഗം 2000ത്തിൽ പൂർത്തിയായതാണ്. 25 വർഷം പിന്നിട്ടിട്ടും റോഡിൽ കളമശേരി നഗരസഭയുടെ ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞില്ല. അപകടങ്ങൾ പെരുകിയപ്പോൾ കൈപ്പടമുകൾ വളവ് വീതികൂട്ടുകയും മീഡിയൻ നിർമിച്ച് ഈ ഭാഗത്തു മാത്രം സോളർ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ വിളക്കുകാലുകൾ അധികദിവസം പ്രകാശം ചൊരിഞ്ഞില്ല. കേടായപ്പോൾ നന്നാക്കിയതുമില്ല. ബാറ്ററികളെല്ലാം മോഷണം പോയി. കാലിയായ ബാറ്ററി ബോക്സുകളും സോളർ പാനലും വഹിച്ച് 15 വർഷമായി മീഡിയനിൽ കാഴ്ചവസ്തുവായി മാറിയിരിക്കുകയാണ്.
മാറിമാറി വന്ന ഭരണ സമിതികളെല്ലാം വഴിവിളക്കിന്റെ കാര്യം വന്നപ്പോൾ ‘ഇപ്പ ശര്യാക്കി തരാം’ എന്ന് ആവർത്തിച്ചു പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല. സമീപത്തെ നഗരസഭകളെല്ലാം തങ്ങളുടെ ഭാഗത്തെ റോഡ് പ്രകാശമാനമാക്കിയപ്പോഴും കളമശേരി നഗരസഭ ഉണർന്നില്ല. നഗരസഭയിലെ കൗൺസിലർമാരിൽ പ്രതിപക്ഷത്തുള്ളവരോ ഭരണപക്ഷത്തുള്ളവരോ ആരും തന്നെ ഇക്കാര്യം കൗൺസിൽ യോഗത്തിൽ ഗൗരവത്തോടെ അവതരിപ്പിച്ചിട്ടുമില്ല. റോഡിന്റെ ഇരുവശങ്ങളിലും ശുചിമുറിമാലിന്യവും അജൈവമാലിന്യങ്ങളും നിറഞ്ഞിട്ടും വാഗ്ദാനം ആവർത്തിച്ചതല്ലാതെ വഴിവിളക്കുകൾ സ്ഥാപിച്ചില്ല. ഇപ്പോഴും സ്ഥിതിക്കു മാറ്റമില്ല.
സീപോർട്ട്–എയർപോർട്ട് റോഡിൽ നഗരസഭയ്ക്കു ബാധ്യതയില്ലാതെ പരസ്യ സംവിധാനത്തോടെ ക്യാമറകൾ സ്ഥാപിക്കാൻ സ്വകാര്യ സ്ഥാപനം സമർപ്പിച്ച താൽപര്യ പത്രത്തിനു കഴിഞ്ഞമാസം ചേർന്ന കൗൺസിൽ യോഗം അംഗീകാരം നൽകി. അപ്പോഴും റോഡിനെ ഇരുട്ടിൽ നിന്നു മോചിപ്പിക്കാനുള്ള തീരുമാനമില്ല.