
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് പരാജയപ്പെട്ടത്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്‍ (43 പന്തില്‍ 63), വാഷിംഗ്ടണ്‍ സുന്ദര്‍ (29 പന്തില്‍ 49) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് തകര്‍ത്തത്. നാല് ഓവറില്‍ 17 റണ്‍സാണ് സിറാജ് വിട്ടുകൊടുത്തത്. 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും 30നപ്പുറമുള്ള സ്കോര്‍ നേടാന്‍ സാധിച്ചില്ല.
ഗുജറാത്തിന്റെ തുടക്കം അത്ര നന്നായിരുന്നില്ല. സായ് സുദര്ശന് (5), ജോസ് ബട്ലര് (0) എന്നിവരുടെ വിക്കറ്റുകള്‍ ഗുജറാത്തിന് തുടക്കത്തില്‍ നഷ്ടമായി. സുദര്‍ശനെ (5) മുഹമ്മദ് ഷമി, അനികേത് വര്‍മയുടെ കൈകളിലെത്തിച്ചു. പിന്നാലെ ബട്ലറും മടങ്ങി. മൂന്ന് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച്. തുടര്‍ന്ന് ഗില്‍ – സുന്ദര്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് ഗുജറാത്തിന്റെ വിജയത്തില്‍ അടിത്തറയിട്ടത്. സുന്ദറിനെ മുഹമ്മദ് ഷമി മടക്കിയെങ്കിലും ഷെഫാനെ റുതര്‍ഫോര്‍ഡ് (16 പന്തില്‍ 35) – ഗില്ലിനൊപ്പം ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റുതര്‍ഫോര്‍ഡിന്റെ ഇന്നിംഗ്സ്. ഗില്‍, ഒമ്പത് ബൗണ്ടറികള്‍ നേടി. ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ഹൈദരാബാദിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ട്രോവിസ് ഹെഡിനെ (8) മടക്കാന്‍ സിറാജിന് സാധിച്ചു. രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. അഞ്ച് പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. അഞ്ചാം ഓവറില്‍ അപകടകാരിയായ അഭിഷേക് ശര്‍മയും (18) മടങ്ങി. ഇത്തവണയും തെവാട്ടിയക്കായിരുന്നു ക്യാച്ച്. സിറാജിന് തന്നെയായിരുന്നു വിക്കറ്റ്. 16 പന്തുകള്‍ നേരിട്ട താരം നാല് ബൗണ്ടറികള്‍ നേടി. പിന്നീട് കിഷനും – നിതീഷ് കുമാറും കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണ ബ്രേക്ക് ത്രൂമായെത്തി.
ഐ ലീഗ്: ഗോകുലം കേരളയ്ക്ക് നിരാശ, ഐഎസ്എല്‍ പ്രവേശനമില്ല! ഒന്നാമത് ചര്‍ച്ചിലോ അതോ ഇന്റര്‍ കാശിയോ?
കിഷനെ ഇശാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചു. 14 പന്തുകള്‍ നേരിട്ട താരം രണ്ട് ബൗണ്ടറികള്‍ നേടി. പിന്നീട് നിതീഷും ഹെന്റിച്ച് ക്ലാസനും (19 പന്തില്‍ 27) കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ക്ലാസനെ ബൗള്‍ഡാക്കി സായ് കിഷോര്‍ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. വൈകാതെ നിതീഷും മടങ്ങി. അനികേത് വര്‍മ (18), കാമിന്ദു മെന്‍ഡിസ് (1), സിമാര്‍ജീത് സിംഗ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്സ് (9 പന്തില്‍ 22) സ്കോര്‍ 150 കടത്താന്‍ സഹായിച്ചു. മുഹമ്മദ് ഷമി (6) പുറത്താവാതെ നിന്നു.
പ്ലേയിംഗ് ഇലവനുകള്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന് (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ്മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്ശന്, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്, റാഷിദ് ഖാന്, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]