
കാലടി ബസ് ടെർമിനൽ നിർമാണം ആരംഭിച്ചു; ഒരു മാസത്തിനുള്ളിൽ പൈലിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലടി∙ കാലടിയുടെ ദീർഘകാല സ്വപ്നമായ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം ആരംഭിച്ചു. പൈലിങ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 16 അടി താഴ്ചയിലാണ് പൈലിങ് നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ പൈലിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 12.5 കോടി രൂപ പദ്ധതി 2 ഘട്ടങ്ങളായിട്ടാണ് പൂർത്തിയാക്കുന്നത്. ആദ്യഘട്ടമായി 6 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതിയായിട്ടുള്ളത്. കളമശേരി എ.കെ. കൺസ്ട്രക്ഷനാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 16 മീറ്റർ വീതിയും 80 മീറ്റർ നീളവുമുള്ള 2 നില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ 29 കടമുറികൾ ഉണ്ടാകും.
റോഡിനും സ്റ്റാൻഡിനും അഭിമുഖമായാണ് കട മുറികൾ നിർമിക്കുന്നത്. ഒന്നാം നിലയിൽ കടമുറികളും രണ്ടാം നിലയിൽ ഹാളും മറ്റും ഉണ്ടാകും. കെട്ടിടത്തിന്റെ ബേസ്മെന്റിലും വടക്കേ അറ്റത്തും പാർക്കിങ് സൗകര്യം ഒരുക്കും. നിലവിൽ താൽക്കാലിക സ്റ്റാളുകൾ പ്രവർത്തിച്ചിരുന്ന സ്ഥലത്തായിരിക്കും 20 മീറ്റർ വീതിയിലും 80 മീറ്ററോളം നീളത്തിലുമുള്ള ആധുനിക ബസ് സ്റ്റാൻഡ്.നിലവിലെ ബസ് സ്റ്റാൻഡിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ സമീപമുള്ള പൊതുമാർക്കറ്റിൽ ബസ് സ്റ്റാൻഡിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി പറഞ്ഞു.
ബസുകൾ ഇതിനുള്ളിൽ ഹാൾട്ട് ചെയ്യണം. അങ്കമാലി, പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ നിലവിലുള്ള സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്കിറങ്ങുന്ന ഭാഗത്തും അതിന് എതിർ വശത്ത് അൽപം മാറിയും യാത്രക്കാരെ ഇറക്കി കയറ്റി പോകുന്നതിന് സൗകര്യം ഒരുക്കും. എന്നാൽ ബസുകൾ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് നിർദേശിച്ചിരിക്കുന്ന പാർക്കിങ് സംവിധാനങ്ങൾ പ്രായോഗികമല്ലാത്തതാണെന്നാണ് അങ്കമാലി–കാലടി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ അഭിപ്രായം. ഇതിനെതിരെ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.