
‘കൊല്ലപ്പെട്ട’ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയത്; ഒന്നരവർഷം ജയിലിൽകിടന്ന യുവാവിനെ വിട്ടയച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബെംഗളൂരു ∙ ‘കൊല്ലപ്പെട്ട’ ഭാര്യ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്ന് ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ചയാളെ കോടതി വിട്ടയച്ചു. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നു ബോധ്യപ്പെട്ടതിനെ തുടർന്ന് 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി നിർദേശിച്ചു.
2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകി. അതേ കാലയളവിൽ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു. തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയിൽശിക്ഷ ലഭിച്ചു.
എന്നാൽ, കഴിഞ്ഞദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിലിരുന്ന ആഹാരം കഴിക്കുന്നതു കണ്ട സുരേഷിന്റെ സുഹൃത്ത് വിഡിയോ ഫോണിൽ പകർത്തുകയും കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് ഹാജരാക്കി.
മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നെന്ന് മല്ലിക കോടതിയിൽ മൊഴി നൽകിയതോടെയാണ്, സുരേഷിനെ വിട്ടയച്ചതും വ്യാജക്കേസ് ചമച്ച പൊലീസിനെ കോടതി വിമർശിച്ചതും.