
കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി സൗത്ത് കത്തിപ്പാറ നിവാസികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അടിമാലി ∙ കാട്ടാനശല്യത്തിൽ പൊറുതിമുട്ടുകയാണ് വെള്ളത്തൂവൽ പഞ്ചായത്തിലെ സൗത്ത് കത്തിപ്പാറ നിവാസികൾ. ഒട്ടേറെ കർഷക കുടുംബങ്ങളുടെ കൃഷിദേഹണ്ഡങ്ങളാണു നിരന്തരമായി എത്തുന്ന കാട്ടാനകൾ നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വരകുകാലായിൽ ഷാജി, തെക്കേക്കര സാറാമ്മ ബേബി, പെരുനിലത്ത് സാജു എന്നിവരുടെ കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. വേനൽ കടുത്തതോടെ സമീപത്തുള്ള കൈതച്ചാൽ വനത്തിൽ നിന്നാണ് കാട്ടാനകൾ നാട്ടിലേക്ക് എത്തുന്നത്. എന്നാൽ ഇവ തിരികെപ്പോകാൻ കൂട്ടാക്കാത്തത് കർഷകരുടെ ദുരിതം വർധിപ്പിച്ചിരിക്കുകയാണ്.3 വർഷം മുൻപു വനാതിർത്തിയിൽ ട്രഞ്ച് നിർമാണം നടത്തിയെങ്കിലും പൂർത്തീകരിച്ചിട്ടില്ല. 850 മീറ്ററോളം ട്രഞ്ച് നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ കൃഷിയിടങ്ങളിലേക്ക് എത്തുന്ന വന്യമൃഗശല്യത്തിനു പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്. ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ട്രഞ്ച് നിർമാണത്തിനു നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ടി.ആർ.ബിജിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിവേദനം നൽകിയെങ്കിലും അനന്തര നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നതാണ് കാട്ടാനശല്യം രൂക്ഷമാകാൻ കാരണം.
പഴമ്പള്ളിച്ചാലിലും കാട്ടാനശല്യം
അടിമാലി പഞ്ചായത്തിലെ പഴമ്പിള്ളിച്ചാൽ കമ്പിലൈൻ ഭാഗത്തും കാട്ടാനശല്യം വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വനമേഖലയിൽ നിന്നു കൃഷിയിടത്തിലേക്ക് കാട്ടാനയെത്തി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. വന്യമൃഗശല്യം ഒഴിവാക്കാൻ മേഖലയിൽ ഫെൻസിങ് നിർമിക്കുന്നതിനു നടപടികൾ ഊർജിതമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.