
ഗതാഗഗതക്കുരുക്ക്: 50 കിലോ മീറ്റർ അരമണിക്കൂറിനുള്ളിൽ; ആംബുലൻസിൽ അതിവേഗയാത്ര: രക്ഷിച്ചത് കുരുന്നുജീവൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലോട്∙ നേരിയ ശ്വാസം മാത്രം ഉണ്ടായിരുന്ന കുഞ്ഞിനെ 45 മിനിറ്റിനുള്ളിൽ എത്തിക്കണമെന്ന ഡോക്ടറുടെ ആവശ്യം ചാലഞ്ചായി ഏറ്റെടുത്ത ആംബുലൻസ് ഡ്രൈവർ ഗതാഗഗതക്കുരുക്കിനെ അതിജീവിച്ചു പാലോട് നിന്ന് 50 കിലോമീറ്ററോളം അരമണിക്കൂറിനുള്ളിൽ താണ്ടി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു. പാലോട് ആശുപത്രിക്കു സമീപം ആംബുലൻസ് സർവീസ് നടത്തുന്ന എസ് വൈഎസ് സാന്ത്വനത്തിന്റെ ഡ്രൈവർ പെരിങ്ങമ്മല കൊച്ചുപനങ്ങോട് തടത്തരികത്തു വീട്ടിൽ കാർത്തിക് ആണ് സാഹസികമായി കുഞ്ഞിന്റെ ജീവൻ രക്ഷിച്ചു അഭിനന്ദനം ഏറ്റുവാങ്ങിയത്.
ജന്മനാ കിഡ്നി തകരാറിലായി വീട്ടിൽ തന്നെ ഡയാലിസിസ് നടത്തി വരുന്ന പെരിങ്ങമ്മല സ്വദേശികളുടെ മൂന്ന് വയസ്സുള്ള കുഞ്ഞിന് ഒരു ദിവസം ഡയാലിസിസ് മുടങ്ങിയതിനെ തുടർന്ന് പിറ്റേന്ന് കുഞ്ഞ് അവശനിലയിലായി. ഉടൻ തന്നെ പാലോട് ആര്യ ആശുപത്രിയിൽ എത്തിച്ചു ഡോക്ടർ പരിശോധിച്ചപ്പോൾ നേരിയ ശ്വാസം മാത്രമായി ഗുരുതരാവസ്ഥയിലായിരുന്നു. ചലനം തീരെ കുറവായിരുന്നു. നേരിയ ശ്വാസം മനസ്സിലാക്കിയ ഡോക്ടർ ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും പിന്നാലെ കുഞ്ഞിനെ സ്ഥിരം നോക്കുന്ന തിരുവനന്തപുരം കിംസിലെ ഡോക്ടറെ ബന്ധപ്പെടുകയും ചെയ്തു.
എന്നാൽ 45 മിനിറ്റിനുള്ളിൽ എത്തിച്ചാൽ നോക്കാം അതു കഴിഞ്ഞാൽ ഒന്നും പറയുന്നില്ല എന്നും ഡോക്ടർ പറഞ്ഞു. ഈ സമയം കാർത്തിക് പറന്നെത്തി. 45 മിനിറ്റ് ചാലഞ്ച് ഏറ്റെടുത്തു. ഉടൻ തന്നെ ഓക്സിജൻ സെറ്റ് ചെയ്തു യാത്ര തിരിച്ചു. നെടുമങ്ങാട് എത്തിയപ്പോൾ വലിയ ഗതാഗത കുരുക്ക്. കാർത്തിക് ഉടൻതന്നെ നെടുമങ്ങാട് പൊലീസിനെ വിളിച്ചു കാര്യം ധരിപ്പിച്ചു. അവർ രണ്ടു മൂന്ന് വണ്ടികളിലായി പറന്നെത്തി എസ്കോർട്ട് നൽകി.
30 മിനിറ്റിനുള്ളിൽ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ അപകടനില തരണം ചെയ്തു സുഖമായി കിടക്കുന്നു. കുഞ്ഞിനെ രക്ഷിക്കാൻ തന്നെ ഏതോ ശക്തി ചുരുങ്ങിയ സമയം കൊണ്ട് എത്തിക്കുകയായിരുന്നുവെന്ന് കാർത്തിക് പറയുന്നു. ഡോക്ടർമാരും നാട്ടുകാരും അഭിനന്ദിച്ചു. അവസരോചിതമായി ഇടപെട്ട പാലോട് ആര്യ ഹോസ്പിറ്റൽ, നെടുമങ്ങാട് പൊലീസ് എന്നിവരും അഭിനന്ദനത്തിന് അർഹരായി.