‘ഹോമിയോ മരുന്നു കഴിച്ചാൽ മദ്യപാന പരിശോധനയിൽ കുടുങ്ങുമോ? ഇക്കാര്യം പറഞ്ഞ് രക്ഷപ്പെടാൻ സാധിക്കുമോ?’
കോഴിക്കോട്∙ ഹോമിയോ മരുന്നു കഴിച്ച കെഎസ്ആർടിസി ഡ്രൈവർ ബ്രത്തലൈസർ പരിശോധനയിൽ മദ്യപിച്ചതായി കണ്ടതും പിന്നീട് നിരപരാധിത്വം തെളിയിച്ചതും ആരോഗ്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്കു വഴി തുറന്നു. ‘ഹോമിയോ മരുന്നു കഴിച്ചാൽ മദ്യപാന പരിശോധനയിൽ കുടുങ്ങുമോ ? മദ്യപിച്ച് കുടങ്ങിയാൽ തന്നെ ഹോമിയോ മരുന്നു കഴിച്ചതാണെന്നു പറഞ്ഞ് രക്ഷപ്പെടാൻ സാധിക്കുമോ ?’ ഈ രണ്ട് ചോദ്യങ്ങളാണ് ഉയരുന്നത്.
കോഴിക്കോട് – മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന ഡ്രൈവർ ഷിദീഷിനെ മദ്യപിച്ചു എന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തിയത്.
താൻ കഴിച്ച ഹോമിയോ മരുന്നു മൂലമാണ് ബ്രത്തലൈസർ ടെസ്റ്റിൽ പോസിറ്റീവായതെന്ന് ഷിദീഷ് പറഞ്ഞിട്ടും അധികൃതർ സമ്മതിച്ചില്ല. മാനേജിങ് ഡയറക്ടറുടെ മുന്നിൽ ഹാജരായി ഷിദീഷ് പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു.
ഹോമിയോ മരുന്ന് കഴിക്കുന്നതിനു മുൻപ് ടെസ്റ്റിനു വിധേയനായപ്പോൾ നെഗറ്റീവ് ആയിരുന്നു ഫലം. മരുന്നു കഴിച്ചതിനു ശേഷം ബ്രത്തലൈസർ ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആവുകയും ചെയ്തു.
ഇതോടെയാണ് ഷിദീഷിനെ കുറ്റവിമുക്തനാക്കിയത്. അടുത്തിടെ റെയിൽവേയിലും ലോക്കോ പൈലറ്റിനെതിരെ സമാനമായ നടപടിയെടുത്ത സംഭവം ഉണ്ടായിരുന്നു.
കാരണങ്ങൾ
ഹോമിയോ മരുന്ന് തയാറാക്കുമ്പോൾ അതിന്റെ ദ്രാവകരൂപം നിലനിർത്താനും ഗുണനിലവാരം കുറയാതിരിക്കാനും ശരീരത്തിൽ പെട്ടെന്ന് അലിഞ്ഞുചേരാനുമായി ആൽക്കഹോൾ ഉപയോഗിക്കുന്നുണ്ട്. മരുന്നു കഴിച്ച ഉടൻ ബ്രത്തലൈസർ പരിശോധന നടത്തിയാൽ പോസ്റ്റീവ് ആയേക്കാം.
ബ്രത്തലൈസർ
ബ്രത്തലൈസറിലേക്ക് ശ്വാസം പുറന്തള്ളുമ്പോൾ അതിലുള്ള എഥനോൾ തിരിച്ചറിയുകയും അളക്കുകയും ചെയ്യുന്നു. പോസിറ്റീവ് ഫലം
ആൽക്കഹോളിന്റെ അളവ് കൂടുതലുള്ള ഹോമിയോ മരുന്നു കഴിച്ച് കുറച്ചു നേരത്തിനുള്ളിൽ പരിശോധന നടത്തിയാൽ, വളരെ കുറഞ്ഞ അളവ് ഉപയോഗിച്ചാൽ പോലും ശ്വാസത്തിൽ ആൽക്കഹോൾ സാന്നിധ്യമുണ്ടാകാം.
പല്ല് വൃത്തിയാക്കാനുള്ള ദ്രാവകം, മൗത്ത് വാഷ്, ഹോമിയോപ്പതിക് സ്പ്രേ തുടങ്ങിയവയിലും ആൽക്കഹോൾ ഉണ്ട്. ഇത് ബ്രത്തലൈസറിൽ തെറ്റായ ഫലം നൽകാം. മറ്റു മരുന്നുകളിലും
അലോപ്പതിക്ക് കഫ് സിറപ്പുകൾ, ആയുർവേദ അരിഷ്ടങ്ങൾ എന്നിവയിലും ആൽക്കഹോൾ ഉണ്ട്.
മുൻകരുതലുകൾ
ഹോമിയോ മരുന്നുകളോ കഫ് സിറപ്പോ അരിഷ്ടമോ കഴിച്ച ശേഷം ഉടൻ ബ്രത്തലൈസർ ടെസ്റ്റിന് വിധേയരാകാതിരിക്കുക.
മരുന്നു കഴിച്ചതിനു ശേഷം വെള്ളം കുടിക്കുക. വായ നല്ല പോലെ കഴുകുക.
ബ്രത്തലൈസറിൽ പോസിറ്റീവായാൽ രക്ത പരിശോധന ആവശ്യപ്പെടുക. രക്ത പരിശോധനയിൽ ഒരിക്കലും ആൽക്കഹോളിന്റെ സാന്നിധ്യം ഉണ്ടാവില്ല.
പരിശോധനയ്ക്ക് പുതിയ മാനദണ്ഡം
കെഎസ്ആർടിസി ബസിൽ ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്തലൈസർ പരിശോധനയ്ക്ക് പുതിയ മാനദണ്ഡം.
മരുന്നുകഴിക്കുന്നുണ്ടെന്നു ജീവനക്കാർ അറിയിച്ചാൽ 20 മിനിറ്റിനു ശേഷം വീണ്ടും പരിശോധന നടത്തണം. ഈ പരിശോധനയിൽ നെഗറ്റീവ് റീഡിങ് ലഭിച്ചാൽ ഡ്യൂട്ടിക്ക് പ്രവേശിപ്പിക്കാം.
രണ്ടാമത്തെ പരിശോധനയിലും പോസിറ്റീവായാൽ ഡ്യൂട്ടിയിൽ നിന്നു മാറ്റിനിർത്തണം എന്നാണു പുതിയ നിർദേശം. വിവരങ്ങൾക്ക് കടപ്പാട്: ഡോ.എം.മുഹമ്മദ് അസ്ലം.എംജന.
സെക്രട്ടറി, ഐഎച്ച്കെ, ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ്കേരള (ഐഎച്ച്കെ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]