
ലിഫ്റ്റില്ല; രോഗികളെ എത്തിക്കുന്നത് സ്ട്രച്ചറിൽ ചുമന്ന്: ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എറണാകുളം ∙ ലിഫ്റ്റ് സൗകര്യമില്ലാത്തതിനാൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ സ്ട്രച്ചറിൽ ചുമന്ന് രണ്ടാം നിലയിലെത്തിക്കുന്ന പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഡെപ്യൂട്ടി ഡിഎംഒ യുടെ റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് താലൂക്ക് ആശുപത്രിയിൽ അടിയന്തര പരിശോധന നടത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ, ഡിഎംഒ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർ കാലതാമസം കൂടാതെ പരിഹാരം കാണണം.
ആശുപത്രിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത സാഹചര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയം, നിർമാണം യഥാസമയം പൂർത്തിയാക്കാത്തതിന്റെ കാരണങ്ങൾ എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ഏപ്രിൽ 22ന് രാവിലെ 10 ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ ഡിഎംഒ, ഡിഎച്ച്എസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട്, പെരുമ്പാവൂർ മുൻസിപ്പാലിറ്റി സെക്രട്ടറി എന്നിവരുടെ പ്രതിനിധികൾ ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ലിഫ്റ്റില്ല; രോഗികളെ എത്തിക്കുന്നത് സ്ട്രച്ചറിൽ ചുമന്ന്
പെരുമ്പാവൂർ ∙ ലിഫ്റ്റ് സൗകര്യമില്ലാത്ത താലൂക്ക് ആശുപത്രിയിൽ രണ്ടാം നിലയിലേക്ക് രോഗികളെ കൊണ്ടു പോകുന്നത് നഴ്സുമാരും അറ്റൻഡർമാരും രോഗിയുടെ ബന്ധുക്കളും ചേർന്നു സ്ട്രക്ചറിൽ ചുമന്ന്. ചിലപ്പോൾ സമീപത്തെ ചുമട്ടു തൊഴിലാളികളും സഹായത്തിനെത്തും.2, 3 വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം ഉപയോഗശൂന്യമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിന്റെ മുകളിലത്തെ നിലയിലെ വാർഡിലാണ് കിടത്തി ചികിത്സ. അപകടത്തിൽപ്പെട്ടും മറ്റും കൈകാലുകൾ ഒടിഞ്ഞു പ്ലാസ്റ്ററിടുന്ന രോഗികളെ സ്ട്രക്ചറിൽ കിടത്തി എടുത്തു കോണിപ്പടി കയറണം.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അത്യാഹിത വിഭാഗം താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ഓർത്തോ വിഭാഗം. മറ്റു ചികിത്സാ വിഭാഗങ്ങളിലെ രോഗികളുമുണ്ട്.ശ്വാസംമുട്ടു പോലെയുള്ള രോഗവുമായി എത്തുന്ന വയോജനങ്ങൾക്കു നടന്നു പടികൾ കയറാൻ കഴിയാത്തതിനാൽ ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേർന്ന് കസേരയിലിരുത്തി എടുത്തുകൊണ്ടു പോകുകയാണു പതിവ്.മുകളിലത്തെ നില ഷീറ്റ് മേഞ്ഞതിനാൽ കടുത്ത വേനലിൽ ചൂടു സഹിച്ചാണ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും കഴിയുന്നത്.
2 വർഷം മുൻപ് തുടങ്ങിയ നവീകരണ ജോലികൾ തീർന്നിട്ടില്ല. നവീകരിച്ച കെട്ടിടത്തിൽ ഒപി വിഭാഗം പ്രവർത്തനം തുടങ്ങിയെങ്കിലും അത്യാഹിത വിഭാഗം മാറ്റിയിട്ടില്ല.ആധുനിക സൗകര്യങ്ങളോടെ 5 നിലയിൽ ആശുപത്രി സമുച്ചയം നിർമിക്കാൻ 2018ൽ മാസ്റ്റർ പ്ലാൻ തയാറാക്കിയതാണ്. പ്രളയവും കോവിഡും മൂലം പദ്ധതി നിലച്ചു. നഗരസഭ വകയിരുത്തിയ 2.50 കോടി രൂപയും സർക്കാർ വിവിധ വകുപ്പുകളിൽ നിന്നായി അനുവദിച്ച 3 കോടി രൂപയും ഉപയോഗിച്ചുള്ള നവീകരണമാണ് ഇപ്പോൾ നടക്കുന്നത്. 35 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് സമർപ്പിച്ചിരിക്കുന്നത്. ആദ്യ ഗഡുവായി 20 കോടി രൂപയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകിയിട്ടുണ്ടെന്നു നഗരസഭാധികൃതർ പറഞ്ഞു.