
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത ഹൈപ്പില്‍ എത്തിയ ചിത്രമാണ് എമ്പുരാന്. വിദേശത്തും സ്വദേശത്തുമായി വന്‍ താരനിരയുമായി ഒരുക്കിയ ചിത്രം മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. അതിനാല്‍ തന്നെ അതിരാവിലെ ആറുമണിക്ക് തീയറ്ററില്‍ കയറുന്ന പ്രേക്ഷകന്റെ പ്രതീക്ഷയും ഏറെയാണ്. ആ പ്രതീക്ഷയെ പരിക്കേല്‍പ്പിക്കാത്ത ഒരു ചിത്രമാണ് എമ്പുരാന്.
ലൂസിഫര്‍ എന്ന 2019 ല്‍ ഇറങ്ങിയ ചിത്രത്തിന്റെ സീക്വലായി തന്നെയാണ് എമ്പുരാന് പുരോഗമിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയത്തില്‍ ബിമല്‍ നായര്‍ ഇല്ലാതായതിനെ തുടര്‍ന്ന് ജെതിന്‍ രാം ദാസിന്റെ ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ അഞ്ച് കൊല്ലം പിന്നിടുന്ന ജെതിന്‍ എന്നാല്‍ പിതാവിന്റെ വഴിയില്‍ നിന്നും ഒരു മാറ്റം നടത്താന്‍ ഒരുങ്ങുന്നു. സഹോദരി പ്രിയദര്‍ശനിക്ക് അടക്കം ഇതിനോട് എതിര്‍പ്പുണ്ട്. ജെതിനെ വാഴിച്ച ശേഷം കേരളം വിട്ട സ്റ്റീഫന്‍ നെടുമ്പള്ളി തിരിച്ചെത്തണം എന്ന് അവര്‍ എല്ലാവരും ആഗ്രഹിക്കുന്നു.
എന്നാല്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷനായ സ്റ്റീഫന്‍ നെടുമ്പള്ളി എന്നാല്‍ അബ്രാം ഖുറേഷി എന്ന അധോലോക നായകനായി ആഗോളതലത്തില്‍ എന്ത് ചെയ്യുന്നു എന്നതും മറ്റൊരു തലത്തില്‍ അഖ്യാനം ചെയ്യപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ ലൂസിഫറില്‍ കണ്ട രീതിയില്‍ തന്നെ കഥാപാത്ര ബാഹുല്യവും, ലെയറുകളും ഉള്ള ഒരു മുരളി ഗോപി തിരക്കഥയ്ക്ക് മുകളില്‍ തന്നെ പൃഥ്വിരാജ് തന്റെ മേയ്ക്കിംഗ് ക്രാഫ്റ്റ് കാണിക്കുന്നത്. നേരത്തെ പ്രമോഷനില്‍ പറഞ്ഞ വാക്കുകള്‍ വെറും വാക്ക് അല്ലെന്ന് തെളിയിക്കുന്ന രീതിയില്‍ പല സീനുകളിലും ചിത്രത്തിന്റെ ബജറ്റിനോട് നീതി പുലര്‍ത്തുന്ന ‘റിച്ചിനസ്’ കാണാന്‍ കഴിയും. പ്രത്യേകിച്ച് മോഹന്‍ലാലിന്റെ ഇന്‍ട്രോ രംഗത്തില്‍ അടക്കം.
രണ്ടാം പകുതിയുടെ വീര്യം കൂട്ടാന്‍ എന്ന നിലയിലുള്ള ഒരു രംഗ സജ്ജീകരണമാണ് ചിത്രത്തിന്റെ ആദ്യപകുതിയെന്ന് പറയാം. അതേ സമയം കഥാപാത്രങ്ങളെ കൂടുതല്‍ പരിചയപ്പെടുത്തി കഥയിലേക്ക് എത്തുന്ന രീതിയും സംവിധായകന് എമ്പുരാനിലും ഉപേക്ഷിക്കുന്നില്ല.
മോഹന്‍ലാല്‍ ഷോ എന്ന് പറയാവുന്ന മാസ് രംഗങ്ങള്‍ ചിത്രത്തില്‍ ഏറെയുണ്ട്. അതില്‍ പ്രത്യേകിച്ച് ഇടവേളയ്ക്ക് ശേഷം നെടുമ്പള്ളി കാട്ടില്‍ നടക്കുന്ന രംഗം ശരിക്കും ഗംഭീരമാണ്. ഒപ്പം തന്നെ മോഹന്‍ലാല്‍ ഇല്ലാത്ത മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തുന്ന രംഗവും വന്‍ കൈയ്യടിയാണ് തീയറ്ററില്‍ ഉണ്ടാക്കുന്നത്. പതിവ് രീതിയില്‍ നായകന്റെ സ്ക്രീന്‍ ടൈമിന് അപ്പുറം നായകന്റെ ഫീല്‍ ഒരോ രംഗത്തിലും ഉണ്ടാക്കാന്‍ എമ്പുരാനും വിജയിക്കുന്നു.
സാങ്കേതികമായും ചിത്രം മികച്ച അനുഭവം തന്നെയാണ് സുജിത്ത് വാസുദേവിന്റെ ഛായഗ്രഹണം, ദീപക് ദേവിന്റെ സംഗീതം, മോഹന്‍ദാസിന്റെ കലാ സംവിധാനം, അഖിലേഷ് മോഹന്റെ എഡിറ്റിംഗ് എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നുണ്ട്.
മലയാള സിനിമയില്‍ തീയറ്ററുകളില്‍ ഉത്സവം തീര്‍ക്കുന്ന അനുഭവമാണ് മോഹന്‍ലാലിന്റെ ബിഗ് ടിക്കറ്റ് സിനിമകള്‍. അത്തരത്തില്‍ നോക്കിയാല്‍ എമ്പുരാന് അത്തരത്തില്‍ ആഘോഷിക്കാന്‍ എല്ലാ വകയും ഉള്ള സിനിമയാണ്. കൃത്യമായി ഒരു മൂന്നാം ഭാഗത്തില്‍ സൂചനയും നല്കി, ഒപ്പം ഒരു സര്‍പ്രൈസ് ക്യാമിയോയുമായാണ് ചിത്രം അവസാനിക്കുന്നത്. എന്തായാലും എല്‍ 3ക്ക് വേണ്ടി കാത്തിരിക്കേണ്ടിവരും.
ബോക്സ് ഓഫീസില്‍ വീണ്ടും ചരിത്രമെഴുതി മോഹന്‍ലാല്‍; ഓപണിംഗില്‍ 50 കോടി നേട്ടവുമായി ‘എമ്പുരാന്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]