
‘എന്തുസംഭവിച്ചാലും അജ്ഞാതശക്തി സംരക്ഷിക്കും’; സാഹിൽ കൊലപാതകം നടത്തിയത് ‘മരിച്ചുപോയ അമ്മ’ പറഞ്ഞിട്ട്, ആൾമാറാ’ട്ടത്തിന് സ്നാപ്ചാറ്റും
മീററ്റ്∙ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവ് സൗരഭ് രജ്പുത്തിനെ(29) കൊലപ്പെടുത്താൻ ഭാര്യ മുസ്കാൻ റസ്തഗി കാമുകൻ സാഹിലിനെ ഉപയോഗപ്പെടുത്തിയതിന് പിന്നിൽ ആഭിചാരവും. 2023 നവംബർ മുതൽ മുസ്കാൻ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും കടുത്ത അന്ധവിശ്വാസിയായിരുന്ന സാഹിലിനെ കൊലപാതകം തന്റെ ദൗത്യമാണെന്ന് ആൾമാറാട്ടം വഴി വിശ്വസിപ്പിക്കുകയുമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്തുവന്നു.
സാഹിലിന്റെ മരിച്ചുപോയ അമ്മയാണെന്ന് അവകാശപ്പെട്ടാണ് സമൂഹ മാധ്യമമായ സ്നാപ്പ്ചാറ്റിലൂടെ മുസ്കാൻ റസ്തഗി സാഹിലിന് സന്ദേശങ്ങൾ അയച്ചിരുന്നത്. ‘മുസ്കി’ എന്ന യൂസർനെയിമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
മരിച്ചുപോയ അമ്മ മറ്റേതോ ലോകത്തിരുന്ന് സംസാരിക്കുകയാണെന്നും നിർദേശങ്ങൾ പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്നും കടുത്ത അന്ധവിശ്വാസിയായ സാഹിലിനെ വിശ്വസിപ്പിക്കാൻ മുസ്കാന് കഴിഞ്ഞു.
‘‘മകനേ രാജ, നിന്റെ ഭാര്യ എല്ലാ പരീക്ഷണങ്ങളും ജയിച്ചിരിക്കുന്നു.
അവൾ നമ്മളുടെ കുടുംബത്തിന്റെ ഐശ്വര്യമാണ്. അവളെ ഇനി തോൽപ്പിക്കാൻ ആർക്കും സാധിക്കില്ല.’’ എന്നാണ് അമ്മയുടെ പേരിൽ സാഹിലിന് അയച്ച സന്ദേശങ്ങളിലൊന്ന്.
സഹോദരന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് മൂന്ന് വ്യാജ അക്കൗണ്ടുകൾ കൂടി ഉണ്ടാക്കിയ മുസ്കാൻ തന്റെ അമ്മയുടെയും സഹോദരന്റെയും പേരിലും സാഹിലിന് സന്ദേശങ്ങൾ അയച്ചിരുന്നു. കുടുംബം തങ്ങളുടെ ബന്ധത്തെ അംഗീകരിച്ചുവെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം.
സൗരഭിനെ കൊലപ്പെടുത്തണമെന്ന് മരിച്ചുപോയ അമ്മയാണെന്ന വ്യാജേന മുസ്കാൻ സാഹിലിനോട് ആവശ്യപ്പെടുകയായിരുന്നു. കൊലപാതകം നടത്തേണ്ടത് സാഹിലിന്റെ ദൗത്യമാണെന്നും അത് ചെയ്യണമെന്നും ആവശ്യപ്പെടുന്ന നിരവധി സന്ദേശങ്ങൾ മുസ്കാൻ വ്യാജ അക്കൗണ്ട് വഴി അയച്ചതായുള്ള തെളിവുകൾ പുറത്തുവന്നു.
‘‘മകനേ രാജ, ഞാൻ ഇനി തിരികെ വരില്ല. സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും.
അജ്ഞാത ശക്തി നിന്നെ സംരക്ഷിക്കും.’’ എന്നും സന്ദേശങ്ങളിലുണ്ട്. സൗരഭിനൊപ്പം കഴിഞ്ഞാൽ ലഹരി ഉപയോഗിക്കാനാവില്ലെന്ന പേടിയാണ് മുസ്കാനെ കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരും കുറച്ചുനാളായി പിരിഞ്ഞു കഴിയുകയായിരുന്നു. യുഎസിൽ നിന്ന് നാട്ടിലെത്തിയ സൗരഭിനെ മുസ്കാനും സാഹിലും ചേർന്ന് കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി വീപ്പയിൽ നിറച്ച് ഉപേക്ഷിക്കുകയായിരുന്നു.
ജയിലിൽ കഴിയുന്ന പ്രതികൾ ലഹരിക്ക് അടിമകളാണെന്നും ലഹരി ആവശ്യപ്പെട്ട് ജയിലിൽ സംഘർഷം ഉണ്ടാക്കുകയാണെന്നുമുള്ള വാർത്തകളും പുറത്തുവന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]