ന്യൂഡൽഹി∙ ഇന്ത്യയുടെ സ്വന്തം വെബ് ബ്രൗസർ വികസിപ്പിക്കാൻ ‘സോഹോ കോർപ്’. ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ് തുടങ്ങിയവയ്ക്കു ബദലായി തദ്ദേശീയമായ വെബ് ബ്രൗസർ വികസപ്പിക്കുന്നതിനായി കേന്ദ്രം നടത്തിയ വെബ് ബ്രൗസർ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയാണ് സോഹോ കോർപ് ഈ നേട്ടം കൈവരിച്ചത്. അടുത്ത വർഷം അവസാനത്തോടെ രാജ്യത്തിന്റെ സ്വന്തം വെബ് ബ്രൗസർ യാഥാർഥ്യമാകും. 

വെബ്സൈറ്റുകൾ തുറക്കാനായി മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയിലടക്കം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറാണ് വെബ് ബ്രൗസർ. കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിൽ ബെംഗളൂരു സി–ഡാക് ആണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. പൗരന്മാരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് തദ്ദേശീയ വെബ് ബ്രൗസറിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ഇന്ത്യൻ ബ്രൗസർ പിന്തുണയ്ക്കും.

Photo Credit : AP Infra updates / Twitter

കൂടാതെ പൂർണമായും രാജ്യത്തെ ഡേറ്റ പ്രൊട്ടക്‌ഷൻ നിയമങ്ങൾ അനുസരിച്ച് നിർമിക്കുന്ന ബ്രൗസർ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഇന്ത്യയിൽ തന്നെ സൂക്ഷിക്കും. ഐഒഎസ്, വിൻഡോസ്, ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ബ്രൗസർ ഉപയോഗിക്കാനാവും.

സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു Photo Credit :WCOA Mumbai 2022 / Twitter

ക്രിപ്റ്റോ ടോക്കൺ ഉപയോഗിച്ച് ഡോക്കുമെന്റുകളിൽ ഡിജിറ്റൽ സൈൻ ചെയ്യാനും സൗകര്യമുണ്ടാകും. കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പേരന്റൽ കൺട്രോൾ വെബ് ഫിൽറ്റർ, കുട്ടികൾക്ക് അനുയോജ്യമായ ചൈൽഡ് ഫ്രെൻഡ്‍ലി ബ്രൗസിങ് അടക്കമുള്ള സൗകര്യങ്ങളുണ്ടാകും.

സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, വ്യക്തികൾ തുടങ്ങിയവർക്കായി കേന്ദ്രം ഐടി മന്ത്രാലയം നടത്തിയ വെബ് ബ്രൗസർ ചാലഞ്ചിൽ 58 ടീമുകളാണ് മത്സരിച്ചത്. സോഹോ കോർപ് ഒന്നാം സ്ഥാനം നേടിയപ്പോൾ ‘പിങ്’ രണ്ടാം സ്ഥാനവും ‘അജ്ന’ മൂന്നാം സ്ഥാനവും നേടി. ഒന്നാമതെത്തിയ ടീമിന് 1 കോടി രൂപയാണ് സമ്മാനം. 

ഐടി രംഗത്ത് സേവനങ്ങൾ നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യത്തെ ഐടി ഉൽപന്ന നിർമാണത്തിലും മുന്നോട്ട് നയിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ആദ്യപടിയാണ് തദ്ദേശീയ വെബ് ബ്രൗസറെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

English Summary:

Soho Corp’s Indian web browser wins government challenge, prioritizing data privacy and security. This indigenous browser supports regional languages, parental controls, and crypto token signing, offering a safe and secure browsing experience.