
‘ഞാൻ വളർത്തിയ കുട്ടികൾ 85-ാം വയസ്സിൽ എനിക്കു തന്ന അവാർഡ്’: സസ്പെൻഷനെക്കുറിച്ച് ഇസ്മായിൽ
തിരുവനന്തപുരം∙ താൻ വളർത്തിക്കൊണ്ടുവന്ന കുട്ടികൾ എൺപത്തിയഞ്ചാം വയസ്സിൽ തനിക്കു തന്ന അവാർഡാണ് സസ്പെൻഷനെന്ന് സിപിഐ നേതാവ് കെ.ഇ.ഇസ്മായിൽ. സിപിഐയിൽനിന്ന് ആറു മാസത്തെ സസ്പെൻഷൻ നേരിട്ടശേഷം മനോരമ ഓൺലൈനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സസ്പെൻഷൻ ഉത്തരവു കയ്യിൽ കിട്ടിയശേഷം പ്രതികരിക്കാം എന്നായിരുന്നു ഇസ്മായിൽ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത്.
‘‘പാർട്ടി നടപടിയെടുത്തു, ആറു മാസത്തേക്ക് എന്നെ സസ്പെൻഡ് ചെയ്തു.
ഇനിയൊന്നും ചെയ്യാൻ പറ്റില്ലല്ലോ. ഞാൻ ഉണ്ടാക്കിയ പാർട്ടിയാണിത്.
എന്റെ പാർട്ടി ഒരു തീരുമാനമെടുത്താൽ ഞാൻ അത് അംഗീകരിക്കും’’ – ഇസ്മായിൽ പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിക്കുന്നതു തെറ്റ് ചെയ്തു എന്ന ബോധ്യത്താലാണോ എന്ന ചോദ്യത്തിനു പാർട്ടി തീരുമാനമെടുത്താൽ അതിൽ പിന്നെ തെറ്റും ശരിയുമില്ലെന്നും ഇസ്മായിൽ പറഞ്ഞു.
നടപടി അംഗീകരിക്കേണ്ടതു ഭരണഘടനാപരമായി തന്റെ ബാധ്യതയാണ്. രാജുവിന്റെ മരണം അടക്കമുള്ള വിഷയങ്ങളിൽ നടത്തിയ പ്രതികരണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നടപടിയിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിനു എൺപത്തിയഞ്ചാം വയസ്സിൽ തനിക്കു കിട്ടിയ നടപടി വലിയൊരു അവാർഡ് ആയാണു സ്വീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘‘കമ്യൂണിസ്റ്റ് പാർട്ടി ഈ പ്രായത്തിൽ എനിക്കൊരു അവാർഡ് തന്നതുപോലെയാണു തോന്നുന്നത്.
ഞാൻ വളർത്തിക്കൊണ്ടു വന്ന കുട്ടികളാണ് ഇപ്പോൾ എക്സിക്യൂട്ടീവിലുള്ള എല്ലാവരും. അവർ കൂടി തീരുമാനിച്ച് എനിക്കു തന്ന അവാർഡല്ലേ ഇത്.
സന്തോഷപുരസരം അതു സ്വീകരിക്കുന്നു.’’ – പൊട്ടിച്ചിരിച്ചു കൊണ്ട് ഇസ്മായിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുമായി എന്നും സംസാരിക്കുന്നത് അല്ലേയെന്നും ഇതിൽ ഇപ്പോൾ പ്രത്യേകിച്ച് എന്താണെന്നും അദ്ദേഹം ചോദിച്ചു.
നടപടി മുൻപേ പ്രതീക്ഷിച്ചതാണെന്നും ഇപ്പോഴല്ലേ വന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]