
മാലിന്യ സംഭരണ വാഹനം ഓടുമ്പോൾ കത്തിനശിച്ചു; തൊഴിലാളികൾ രക്ഷപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളമശേരി ∙ നഗരസഭയിലെ ഹരിതകർമസേനയുടെ മാലിന്യ സംഭരണ വാഹനം ഓട്ടത്തിനിടയിൽ കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ഹരിതകർമസേനാംഗങ്ങളായ മുനീർ, രമേഷ്രാജ് എന്നിവർ ചാടി രക്ഷപ്പെട്ടു. രാവിലെ 11 മണിയോടെയാണ് സംഭവം. തൃക്കാക്കര അമ്പലം വാർഡിൽ നിന്നു ജൈവമാലിന്യം ശേഖരിച്ചു സംഭരണകേന്ദ്രത്തിലേക്കു മടങ്ങുമ്പോഴാണ് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിനു മുന്നിൽ വാഹനത്തിനു തീപിടിച്ചത്.
ഡ്രൈവർ കാബിനു പിന്നിൽ പൊട്ടിത്തെറി ശബ്ദത്തോടെയാണു തീപിടിച്ചത്. പിന്നിൽ ചൂട് അനുഭവപ്പെട്ടതോടെ തിരിഞ്ഞുനോക്കിയപ്പോൾ തീയും പുകയും കണ്ട ഡ്രൈവർ മുനീറും കൂടെയുണ്ടായിരുന്ന രമേഷ്രാജും ചാടിയിറങ്ങി. നിമിഷ നേരം കൊണ്ടു തീപടർന്നു. ഏലൂർ, തൃക്കാക്കര ഫയർസ്റ്റേഷനുകളിൽ നിന്നു അഗ്നിരക്ഷാസേന എത്തിയാണു തീ അണച്ചത്. ഷോർട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു.
നഗരസഭാ വാഹനത്തിനു പിഴയില്ല, സ്വകാര്യ വാഹനത്തിനു പിഴ 24,000 രൂപ ഇതെന്തു നീതി ?
കളമശേരി ∙ കുസാറ്റ് റോഡിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിനു സമീപം ജനുവരി 22നു കത്തിനശിച്ച ആഡംബര കാറിന്റെ അവശിഷ്ടങ്ങൾ ക്യാംപസിൽ നിന്നു നീക്കുന്നതിനു മുൻപായി ഉടമ 24,000 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട കുസാറ്റ് എൻജിനീയറിങ് വിഭാഗം തങ്ങളുടെ റോഡിൽ ഇന്നലെ നഗരസഭയുടെ മാലിന്യ സംഭരണ വാഹനം കത്തിനശിച്ചപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെടാത്തത് ആക്ഷേപത്തിനിടയാക്കി.
നഗരസഭയുടെ വാഹനം റോഡിനു മധ്യത്തിൽ വച്ചാണ് കത്തിനശിച്ചത്.ആഡംബര കാറിന്റെ ഉടമ നഷ്ടപരിഹാരം അടയ്ക്കാൻ തയാറാവാതെ വാഹനത്തിന്റെ ബാക്കി ഭാഗങ്ങൾ ക്യാംപസിൽ ഉപേക്ഷിച്ചു പോയിരുന്നു. വാഹന ഭാഗങ്ങൾ 2 മാസമായി ക്യാംപസിലെ റോഡിൽ കിടക്കുകയാണ്. കാർ കത്തിയതുമൂലം ഭാവിയിൽ റോഡിനു നാശമുണ്ടായേക്കാമെന്നു ചൂണ്ടിക്കാട്ടിയാണ് ഉടമയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
സ്വകാര്യ വ്യക്തിയോടു കാണിച്ച സമീപനം നഗരസഭാ വാഹനം കത്തിയപ്പോൾ സ്വീകരിക്കാത്തത് എന്തുകൊണ്ടെന്നു വ്യക്തമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. സ്കൂൾ ഓഫ് എൻജിനീയറിങ് ക്യാംപസ് വരെ റോഡ് തങ്ങളുടേതാണെന്നു എൻജിനീയറിങ് വിഭാഗം അവകാശപ്പെടുന്നു. നഷ്ടപരിഹാരം റജിസ്ട്രാറാണു തീരുമാനിക്കേണ്ടതെന്നു യൂണിവേഴ്സിറ്റി എൻജിനീയർ വ്യക്തമാക്കി. ഭാവിയിൽ ഉണ്ടായേക്കാവുന്ന നഷ്ടം കണക്കാക്കി റിപ്പോർട്ട് റജിസ്ട്രാർക്ക് സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.