
വേനൽച്ചൂട്: മത്സ്യ ലഭ്യത കുറഞ്ഞു; തൊഴിലാളികൾ പട്ടിണി ഭീതിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരൂർ∙ വേനൽച്ചൂടും, കായലിൽ മത്സ്യത്തിന്റെ ലഭ്യതക്കുറവും കാരണം ഉൾനാടൻ മത്സ്യമേഖലയിൽ തൊഴിലാളികൾ പട്ടിണിയിലേക്ക്. കൂടാതെ കായലിൽ മാലിന്യം നിറഞ്ഞു മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി.ഇതുമൂലം വേമ്പനാട്, കൈതപ്പുഴ കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ഉൾനാടൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുന്നതോടെ കുടുംബങ്ങളും പട്ടിണിയിലായി.
ദിവസങ്ങളായി തുടരുന്ന വേനൽച്ചൂട് കാരണം പകൽ തൊഴിലാളികൾക്കു കായലിൽ മത്സ്യ ബന്ധനത്തിന് പോകാൻ കഴിയുന്നില്ല. പുലർച്ചെയും സന്ധ്യാസമയങ്ങളിലുമാണ് നിലവിൽ മത്സ്യബന്ധനത്തിനു പോകുന്നത്. മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ ചുരുങ്ങിയ സമയങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനാൽ നിത്യച്ചെലവിനു പോലും വരുമാനം ലഭിക്കുന്നില്ല.
പരമ്പരാഗതമായി കായലിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന ചെമ്മീനിന്റെ ലഭ്യതയും കുറഞ്ഞു. ഒട്ടേറെ മത്സ്യങ്ങൾക്ക് വംശ നാശവും സംഭവിച്ചു.പല മത്സ്യങ്ങളും ഇപ്പോൾ കായലിൽ കാണാനില്ല. കരിമീൻ, കണമ്പ് തുടങ്ങിയ മത്സ്യങ്ങൾ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. കടുത്ത മാലിന്യം മൂലം മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും പതിവു കാഴ്ചയായി. കായലുകളിലെ മലിനീകരണം മൂലം മത്സ്യപ്പാടങ്ങളിലും മത്സ്യങ്ങൾ ചത്തു പൊങ്ങുന്നുണ്ട്.