
ഭവന വായ്പയേക്കാളും പലിശ; എന്നിട്ടും മിന്നിച്ച് സ്വർണപ്പണയ വായ്പകൾ, എന്താണ് രഹസ്യം? | ഗോൾഡ് ലോൺ | ബിസിനസ് ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Gold loans shine despite higher interest rates than home loans | Gold Rate | Malayala Manorama Online News
ഭവന വായ്പയേക്കാളും പലിശ; എന്നിട്ടും മിന്നിച്ച് സ്വർണപ്പണയ വായ്പകൾ, എന്താണ് രഹസ്യം?
Published: March 17 , 2025 11:15 PM IST
1 minute Read
Image : Shutterstock AI
ഇന്ത്യയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണപ്പണയ വായ്പകളിലുണ്ടായത് 71% വളർച്ച. മറ്റേതൊരു വായ്പാ വിഭാഗത്തേക്കാളും ഉയരെ വളർച്ചാനിരക്ക്. എന്താകും കാരണം? ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്.
∙ എളുപ്പത്തിൽ നേടാം: വ്യക്തിഗത വായ്പകൾ, ഈടുരഹിത വായ്പകൾ (unsecured loans) എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡ് കൂടാനിടയാക്കി. കിട്ടാക്കടം കുത്തനെ കൂടുന്നതു വിലയിരുത്തിയാണ് ഈടുരഹിത വായ്പാവിതരണത്തിനു റിസർവ് ബാങ്ക് നിയന്ത്രണപ്പൂട്ടിട്ടത്.
സ്വർണം പണയം (ഈട്) വച്ച് എളുപ്പത്തിൽ നേടാമെന്നതും നടപടിക്രമങ്ങൾ ലളിതമാണെന്നതും വായ്പ തേടുന്നയാളുടെ പൂർവകാല വായ്പാതിരിച്ചടവോ ക്രെഡിറ്റ് സ്കോറോ ഇതിനായി കാര്യമായി പരിശോധിക്കില്ലെന്നതുമാണ് ഗോൾഡ് ലോണുകളുടെ സ്വീകാര്യത കൂട്ടിയത്. സ്വർണപ്പണയ വായ്പകൾ വിതരണം ചെയ്യുന്നത് ധനകാര്യ സ്ഥാപനങ്ങൾക്കും നേട്ടമാണ്. കാരണം, വായ്പാത്തിരിച്ചടവ് മുടങ്ങിയാലും ഈടുസ്വർണം വിറ്റഴിച്ച് അതു തരണം ചെയ്യാം.
∙ കുതിക്കുന്ന വില: സ്വർണവില അടുത്തകാലത്തായി റെക്കോർഡ് തിരുത്തി മുന്നേറിയത് സ്വർണപ്പണയ വായ്പയുടെ ആവശ്യകത കൂടാനിടയാക്കിയിട്ടുണ്ട്. സ്വർണത്തിന്റെ മൂല്യത്തിന്റെ നിശ്ചിത തുകയേ വായ്പയായി കിട്ടൂ. ലോൺ-ടു-വാല്യു (എൽടിവി) ചട്ടപ്രകാരമാണിത്. ശരാശരി 70% തുകയാണ് വായ്പ കിട്ടുക. വില കൂടിയതോടെ കൂടുതൽ തുക വായ്പയായി നേടാനാകും. മാത്രമല്ല, നിലവിൽ ഈടുവച്ച സ്വർണത്തിനുമേൽ ചില ധനകാര്യ സ്ഥാപനങ്ങൾ അധികതുകയും (ടോപ്-അപ്പ്) വായ്പയായി അനുവദിക്കുന്നുണ്ട്.
Representative image
∙ പലിശനിരക്ക്: വ്യക്തിഗത, ഈടുരഹിത വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ പലിശനിരക്കാണ് സ്വർണപ്പണയ വായ്പകൾക്കുള്ളത്. എന്നാൽ, ഭവന വായ്പകളേക്കാൾ കൂടുതലുമാണ്. 9 മുതൽ 26% വരെ പലിശനിരക്കാണ് വിവിധ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (NBFC) സ്വർണ വായ്പയ്ക്ക് ഈടാക്കുന്നത്.
∙ എന്റെ പൊന്നാണ്! – സ്വർണം പണയം വച്ചവർ വായ്പ തിരിച്ചടച്ച് അതു തിരികെയെടുക്കാൻ ശ്രമിക്കുന്നതാണ് പതിവ്. ആഗ്രഹിച്ച് സ്വന്തമാക്കിയ പൊന്ന്, കൈവിട്ടുപോകാൻ പലരും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ഗോൾഡ് ലോണിൽ കിട്ടാക്കട അനുപാതം താരതമ്യേന കുറവ്. സ്വർണപ്പണയ സ്ഥാപനങ്ങൾക്ക് പുറമേ പൊതു, സ്വകാര്യ ബാങ്കുകളും ഗോൾഡ് ലോൺ വിതരണത്തിൽ ഇപ്പോൾ വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Gold loans shine despite higher interest rates than home loans
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-gold mo-business-goldloan 2fa5rb7hbqfap03h4e48cf762-list mo-business-goldloantrends mo-business-business-news 649365elie2d4brevu4tecthk0 7q27nanmp7mo3bduka3suu4a45-list