
പിറന്നാള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ മുംബൈയിലെ ഹോട്ടലില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗൗരി സ്പ്രാറ്റ് എന്ന യുവതിയുമായി പ്രണയത്തിലാണെന്ന വിവരം നടന് ആമിർ ഖാന് സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ച (മാര്‍ച്ച് 14) നാണ് ആമിർ ഖന്റെ 60-ാം പിറന്നാള്‍. ഇതിന്റെ തലേദിവസമാണ് ഗൗരിയുമായി ഡേറ്റിങ്ങിലാണെന്ന് താരം സ്ഥിരീകരിക്കുന്നത്. മുംബൈയിലെ ഹോട്ടലില്‍വച്ച് ഗൗരിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തിയ ആമിർ ഖാന് തന്റെ ഭാവിപരിപാടികള്‍ എന്താണെന്നതിനെക്കുറിച്ചും വിശദീകരിച്ചു.
പ്രണയം വെളിപ്പെടുത്തുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ആമിറിന്റെ പ്രതികരണം ഇങ്ങനെ: ‘ഞങ്ങള്‍ തീരുമാനിച്ച് ഉറപ്പിച്ചുകഴിഞ്ഞു. ഇക്കാര്യം തുറന്നുപറയുന്നതില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും പ്രശ്നമൊന്നുമില്ല എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യം മറച്ചുവെക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് കരുതുന്നത്’. ഗൗരി സ്പ്രാറ്റുമായുള്ള പ്രണയ ബന്ധത്തെക്കുറിച്ചും അമീര്‍ ഖാന് മനസുതുറന്നു. 25 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഗൗരിയുമായി പരിചയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് പരസ്പരം കണ്ടുമുട്ടിയിരുന്നില്ല. രണ്ടുവര്‍ഷം മുമ്പാണ് പരിചയം പുതുക്കുന്നത്.
ശാന്തമായും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയുന്നത് ആര്‍ക്കൊപ്പമണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒരാളെ കണ്ടെത്തിക്കഴിഞ്ഞു. തന്റെ മക്കള്‍ക്കും ഗൗരിയെ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയിലാണ് ഗൗരി സ്പ്രാറ്റിനെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച ചോദ്യം മാധ്യമ പ്രവര്‍ത്തകരില്‍നിന്ന് ഉയരുന്നത്. ഇതോടെ അമീറും ഗൗരിയും ചിരിച്ചു. തുടര്‍ന്നാണ് അമീര്‍ ഖാന് ചോദ്യത്തിന് മറുപടി നല്‍കിയത്. ഞാന്‍ രണ്ടുതവണ വിവാഹിതനായിക്കഴിഞ്ഞു. 60-ാം വയസില്‍ ഇനിയും വിവാഹിതനാകുന്നത് ഉചിതമാണെന്ന് കരുതുന്നില്ല. എങ്കിലും കാത്തിരുന്ന് കാണാം എന്നായിരുന്നു താരത്തിന്റെ മറുപടി.
മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചയാളാണ് 60-കാരനായ ആമിര്‍ ഖാന്. റീന ദത്തയായിരുന്നു ആമീറിന്റെ ആദ്യഭാര്യ. 1986-ല്‍ വിവാഹിതരായ ഇവര്‍ 2002-ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ജുനൈദ്, ഇറ എന്നിങ്ങനെ രണ്ടുമക്കളുണ്ട്. 2001-ല്‍ ലഗാന്റെ സെറ്റില്‍ വച്ചാണ് സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കിരണ്‍ റാവുവിനെ ആമീര്‍ പരിചയപ്പെടുന്നത്. 2005-ല്‍ ഇവര്‍ വിവാഹിതരായി. ഇരുവര്‍ക്കും ആസാദ് എന്നൊരു മകനുണ്ട്. 2021-ല്‍ ആമീറും കിരണും വേര്‍പിരിഞ്ഞു. ബെംഗളൂരു സ്വദേശിയായ ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. യുവതിയെ ആമിര്‍ കുടുംബത്തിന് പരിചയപ്പെടുത്തിക്കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ ഘട്ടത്തില്‍ ഈ വാര്‍ത്ത ആമിറോ അടുത്ത വൃത്തങ്ങളോ സ്ഥിരീകരിച്ചിരുന്നില്ല. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയാണ് ഗൗരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]