
ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമെന്ന വിശേഷണവുമായി തിയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ ചിത്രമാണ് മാര്‍ക്കോ. സമീപകാലത്ത് കേരളത്തിലുണ്ടായ പല ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലും മാര്‍ക്കോ പോലുള്ള സിനിമകളുടെ സ്വാധീനമുണ്ട് എന്ന ആരോപണം അടുത്തിടെ ഉയര്‍ന്നിരുന്നു.
കുറ്റകൃത്യങ്ങളില്‍ സിനിമയ്ക്ക് സ്വാധീനമുണ്ടോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് മാര്‍ക്കോയുടെ നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് ഒരു പ്രഖ്യാപനം നടത്തുന്നത്. ‘മാര്‍ക്കോ’ പോലുള്ള വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ തന്നെ പ്രഖ്യാപിച്ച കാട്ടാളന് എന്ന ചിത്രത്തില്‍ വയലന്‍സ് കുറയ്ക്കണമെന്ന് ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആന്റണി വര്‍ഗീസ് (പെപ്പെ) നായകനാകുന്ന കാട്ടാളന് വയലന്‍സ് നിറഞ്ഞ ചിത്രമാകും എന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനിയെന്താകും കാട്ടാളന്റെ ഭാവി എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ഈ സാഹചര്യത്തില്‍ ചിത്രത്തിന്റെ സംവിധായകന് പോള്‍ ജോര്‍ജ് സംസാരിക്കുന്നു:
‘കാട്ടാളന്’ എന്ന സിനിമയില്‍ വയലന്‍സ് ഉണ്ടാവില്ല എന്ന് നിര്‍മ്മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നല്ലോ. ചിത്രത്തിന്റെ സംവിധായകന് എന്നനിലയില്‍ അതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? വയലന്‍സ് ഒഴിവാക്കാനുള്ള നിര്‍ദേശം നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്ന് ലഭിച്ചോ?
തീര്‍ച്ചയായും. പ്രൊഡ്യൂസറുമായി സംസാരിച്ചിരുന്നു. അദ്ദേഹം നമുക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ‘കാട്ടാളന്’ എന്ന സിനിമയില്‍ നിന്ന് വയലന്‍സ് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നല്ല. അങ്ങനെ പൂര്‍ണ്ണമായി വയലന്‍സ് ഒഴിവാക്കിക്കൊണ്ട് നമുക്ക് ആ സിനിമയുമായി മുന്നോട്ട് പോകാനും പറ്റില്ല. കാരണം, അതിന്റെ കഥാപശ്ചാത്തലം അങ്ങനെയാണ്. കാടിനോടുചേര്‍ന്നുള്ള കഥാപശ്ചാത്തലമാണ്. അതിലെ കഥാപാത്രങ്ങള്‍ക്കൊരു വയലന്‍സ് ഷേഡുണ്ട്. വയലന്‍സ് ഒഴിവാക്കാന്‍ കഴിയില്ലെങ്കിലും വയലന്‍സിന്റെ ബ്രൂട്ടാലിറ്റിയും അതിപ്രസരവും ഒഴിവാക്കും. ഓവര്‍ ബ്രൂട്ടാലിറ്റിയൊന്നും സിനിമയിലുണ്ടാകില്ല. പക്ഷേ സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നില്ക്കുന്ന വലയന്‍സ് സിനിമയിലുണ്ടാകും.
നിര്‍മ്മാതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ കുറ്റസമ്മതമാണോ? അതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം എന്താണ്?
ഇല്ല. അതൊരിക്കലുമൊരു കുറ്റസമ്മതമായി എനിക്ക് തോന്നിയിട്ടില്ല. കാരണം, മാര്‍ക്കോ എന്ന സിനിമ അവരെടുക്കുമ്പോള് അത് ഒരാളെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നൊന്നും അവര്‍ മുന്നില്‍ കണ്ടിട്ടില്ലല്ലോ. ഹോളിവുഡിലും കൊറിയന്‍ സിനിമകളിലുമെല്ലാം ഇതുപോലെ വയലന്റായ ആക്ഷന്‍ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അതുപോലൊരു സിനിമ ഇന്ത്യയിലും അവരൊരുക്കി. പിന്നീട് നമ്മുടെ സമൂഹത്തില്‍ അതിനെ കുറിച്ചൊരു ചര്‍ച്ച വന്നപ്പൊ, സാമൂഹിക പ്രതിബദ്ധതയുള്ള ഒരാളെന്ന നിലയില്‍ അതെല്ലാം മാനിച്ചുകൊണ്ട് അദ്ദേഹം ശരിയായി പ്രതികരിച്ചു. അപ്പോഴാണ് അദ്ദേഹം തന്റെ രണ്ടാമത്തെ ചിത്രത്തില്‍ ‘മാര്‍ക്കോ’ എന്ന ചിത്രത്തിലെ പോലെ ബ്രൂട്ടലായ വയലന്‍സ് ഉണ്ടാകില്ല എന്ന് പറഞ്ഞത്. അത് സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയായാണ് എനിക്ക് തോന്നിയത്. കുറ്റസമ്മതമായി എനിക്ക് തോന്നിയിട്ടില്ല.
നവാഗത സംവിധായകന് എന്ന നിലയ്ക്ക്, സമൂഹത്തില്‍ ഇപ്പോള്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ സിനിമയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്നാണ് താങ്കള്‍ കരുതുന്നത്?
സ്വാധീനിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍… സിനിമയില്‍ നല്ലകാര്യങ്ങളുമുണ്ടാകും മോശം കാര്യങ്ങളുമുണ്ടാകും. സിനിമയിലെ നല്ലകാര്യങ്ങളേയും മോശം കാര്യങ്ങളേയും വേര്‍തിരിച്ചുകാണാനുള്ള വിവേകബുദ്ധി പ്രേക്ഷകര്ക്കുണ്ടെന്ന വിശ്വാസത്തിലാണല്ലോ നമ്മള് ഓരോ സിനിമയും അവരുടെ മുന്നിലേക്ക് കൊടുക്കുന്നത്. ഒരു സിനിമ ക്രൈം ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍, എനിക്ക് തോന്നുന്നു വളരെ കുറവ് ശതമാനമായിരിക്കും അങ്ങനെ സംഭവിക്കുന്നത്. ഒരാളെ കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത് അയാളുടെ ജീവിതസാഹചര്യങ്ങളും ആ സമയത്തെ സാഹചര്യവുമെല്ലാമാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ സിനിമ കണ്ടിട്ട് മാത്രം ഒരാള്‍ പോയിട്ട് ഒരു ക്രൈം ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]