
നാല് കൊല്ലം മുന്നേ…രണ്ട് പെണ്ണുങ്ങൾക്ക് ഒരു നട്ടപ്പാതിരയ്ക്ക് തോന്നിയ ഒരു പൂതി..എന്നാ പിന്നെ ഒന്ന് മഞ്ഞു കാണാൻ പോയാലോ എന്ന ഒറ്റ ചോദ്യത്തിൻ്റെ പുറത്ത് നാട്ടിൽ നിന്ന് ദില്ലി, അവിടെ നിന്ന് നേരെ മണാലിയ്ക്ക് ബസ് പിടിച്ചു. സോളാങ് വാലിയിൽ പോയി ഒരു പകൽ മുഴുവൻ മഞ്ഞും മാഗിയും പിന്നെ നല്ല ചൂട് ചായയുമൊക്കെയായി വൈകിട്ട് ആയപ്പോഴാണ് പകലത്തെ കാഴചകളുടെ ആവേശത്തെ തണുപ്പ് വന്ന് മൂടിയത്. റൂമിലെത്തി ഹീറ്ററിൻ്റെ ചൂടിൽ തെർമലും ജാക്കറ്റുമൊക്കെ ആയി കുറച്ചിരുന്നപ്പോ..എന്നാ പിന്നെ നമുക്ക് നാളെ കസോൾ പോയാലോ എന്നായി.
ഹിമാചൽ പ്രദേശിലെ അത്ര എക്സ്പ്ലോർ ചെയ്യപ്പെടാത്ത എന്നാൽ മനോഹരമായ ഗ്രാമമാണ് കസോൾ. പാർവതി നദിക്കരയിൽ, ശാന്തമായങ്ങനെ ഒരിടം..സഞ്ചാരികളുടെ ഭാഷയിൽ കിടിലം വൈബ്. ഒന്നും നോക്കിയില്ല, ഒരു ഹോം സ്റ്റേ തപ്പിയെടുത്ത് ബുക്ക് ചെയ്തു. പിറ്റേന്ന് നേരെ ബസ് പിടിച്ച് കസോളിലേക്ക്. സഞ്ചാരികളെ ട്രാവലേഴ്സ് എന്നും ടൂറിസ്റ്റ് എന്നുമൊക്കെ തരം തിരിച്ച് തുടങ്ങിയിട്ട് കാലമേറെ ആയില്ല. സഞ്ചാരി നിഘണ്ടുവിൽ മണാലി ഒരു ടൂറിസ്റ്റ് ഇടമാണെങ്കിൽ കസോൾ ഒരു ട്രാവലേഴ്സ് പ്ലേസ് ആണ്. ബാക്ക് പാക്കേഴ്സും ബൈക്കേഴ്സും ഒക്കെ പോകാൻ ഇഷ്ടപ്പെടുന്ന ഒരിടം. ബസ് ഇറങ്ങി നടക്കുമ്പോൾ കണ്ട ഇസ്രായേലി കോഫീ ഷോപ്പുകൾ, ഇസ്രയേൽ വിഭവങ്ങൾ കിട്ടുന്ന റസ്റ്റോറൻ്റുകൾ, മറ്റെവിടെയോ എത്തിയ പോലെ…
ബസ് പുറപ്പെടും മുമ്പ് ഉണ്ടാക്കിയ ലിസ്റ്റിൽ ഇന്നത്തെ ദിവസം മണികരൻ ഉണ്ട്. ഒരു ഗുരുദ്വാര, ഒരു ഹോട്ട് വാട്ടർ സ്പ്രിങ് അതിനപ്പുറം പ്രത്യേകിച്ചൊന്നും പ്രതീക്ഷിച്ചല്ല അവിടേക്ക് ചെന്നത്. പാർവതി നദിക്ക് കുറുകെയുള്ള പാലം കടന്ന് ഗുരുദ്വാരയിലേക്ക് കടക്കാൻ തുടങ്ങുമ്പോൾ വലതു വശത്തായി ചെറുതായി പുക ഉയർന്നു പൊങ്ങുന്നുണ്ട്. എന്താണെന്നറിയാൻ എത്തി നോക്കി. അതാണത്രെ ഹോട്ട് വാട്ടർ സ്പ്രിങ്. എന്തോ തട്ടിപ്പാണെന്ന മുൻധാരണ ഉണ്ടായിരുന്നുവെന്നത് കുറ്റബോധത്തോടെ സമ്മതിക്കുന്നു. യാത്ര ചെയ്ത് തുടങ്ങിയ കാലം മുതൽ ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ് പോകുന്നത് ഭക്തിയാണെന്ന് ഒരുപാട് വട്ടം തോന്നിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കച്ചവടം ചെയ്യുന്നത് ദൈവത്തെയും. ഒരു പക്ഷേ, ഒരുപാട് വട്ടമുണ്ടായ അനുഭവങ്ങൾ ഈ മുൻധാരണയെ ഉറപ്പിച്ച് കാണും. ഏതാണ്ട് 2 ഡിഗ്രി തണുപ്പിൽ, ഉറഞ്ഞു മഞ്ഞാവാൻ മനസ്സ് കൊണ്ടു ഒരുങ്ങിയ പോലെ ഒഴുകിയിറങ്ങുന്ന പാർവതി നദിയിൽ ചൂട് വെള്ളമേ.. ഉവ്വ്..വീണ്ടും ഒരു തട്ടിപ്പ്.
പാലം കടന്ന് നേരെ മണികരൻ ഗുരുദ്വാരയ്ക്ക് ഉള്ളിലേക്ക്..ചെന്ന് കയറുമ്പോൾ തലപ്പാവ് വെച്ചൊരാൾ ഇറങ്ങി വന്ന് താമസിക്കാനാണോ? എത്ര പേരുണ്ട്? അവൈലബിൾ ആണോ എന്ന് നോക്കേണ്ടി വരുമെന്ന് പറഞ്ഞു. അപ്പോൾ വെറുതെ ഒരു കൗതുകത്തിന് (ഹോംസ്റ്റെയിൽ റൂം നമുക്ക് ഉണ്ടെങ്കിലും) എത്രയാ ചാർജ് എന്ന് ചോദിച്ചു. മറുപടി ഉടൻ വന്നു, അവൈലബിൾ ആണെങ്കിൽ ഫ്രീ ആണത്രേ..ആദ്യത്തെ ഞെട്ടൽ അവിടെ വെച്ച് ഞെട്ടി. വേണ്ട എന്ന് വിനയത്തോടെ പറഞ്ഞ് അവിടെ നിന്ന് നടന്ന് ഒരു വലിയ ഹാളിലെത്തി. നടന്ന് കയറുന്ന കൂട്ടത്തിനൊപ്പം ഞങ്ങളും. നേരെ കയറി ഇരിക്കുമ്പോൾ മുന്നിൽ ഭക്ഷണം, റൊട്ടിയും കറിയും പിന്നെ എന്തൊക്കെയോ വിളമ്പി. മനസ്സും വയറും നിറഞ്ഞ് എഴുന്നേറ്റ്, ഞങ്ങൾക്ക് ഭക്ഷണം വിളമ്പിയ ആളോട് ചോദിച്ചു, ഞങ്ങളെന്താ ചെയ്യേണ്ടത്? നേരെ കൈ ചൂണ്ടി, ഭക്ഷണം വരുന്ന വഴിയിലേക്ക്. ഒരാളുടെ കയ്യിൽ വെള്ളവും ഗ്ലാസും അടുത്തയാൾക്ക് ദാലും. വിളമ്പി മടുക്കുമ്പോൾ വെച്ച് മാറാം, ഞങ്ങളെ പോലെ അടുത്ത ആളുകൾ വന്ന് കയറും, പേര് പോലും ചോദിക്കാതെ പറയാതെ..സേവനമാണ് ഭക്തി എന്ന വിശ്വാസത്തിൻ്റെ ഒഴുക്കിൽ..
ഇറങ്ങി പോരുമ്പോൾ, ഹോട്ട് വാട്ടർ സ്പ്രിങ് കാണാൻ ഒരിക്കൽ കൂടി പാലത്തിൻ്റെ മുകളിൽ, ഇത്തവണ വിശ്വാസത്തിൻ്റെ കരയിൽ നിന്ന്..റൂമിലേക്ക് നടക്കുമ്പോൾ, മഞ്ഞുപുതച്ച മലമുകളിൽ അസ്തമയ സൂര്യൻ്റെ അവസാന കിരണങ്ങൾ, ഓറഞ്ച് കലർന്ന സ്വർണ നിറം നിറഞ്ഞ്..മഞ്ഞിൻ്റെ വെളുപ്പിൽ സുവർണ വെളിച്ചം കണ്ട് ദിവസം അവസാനിക്കുന്നു. വെളിച്ചം മറയുന്നതും ചുറ്റും ഇരുട്ട് വന്ന് മൂടുന്നതുമൊന്നും ഞങ്ങളെ ബാധിച്ചതേയില്ല. വഴിയരികിലെ ആവി പറക്കുന്ന മോമോസ് ഞങ്ങളെ മാടി വിളിച്ചു. അത് വിൽക്കുന്നത് രണ്ടു സ്ത്രീകൾ. അമ്മയും മകളുമാകാം. ദില്ലിയിലേക്ക് ഉള്ള ബസ് കയറുന്നത് അവിടെ നിന്നാണ്. വഴിയിൽ നിറയെ കസോളിൽ നിന്ന് മടങ്ങാൻ ബസിനായി കാത്തു നിൽക്കുന്ന കുറേ പേർ. ഞങ്ങളെ പോലെ അവരും മോമോസിൻ്റെ വിളിയിൽ അതിനു ചുറ്റും.
രാത്രിയായി തുടങ്ങുന്നു..തണുപ്പും ഇരുട്ടും വന്ന് കെട്ടിപ്പിടിക്കുന്നു. നാളെ എന്ത്? റൂമിലെത്തി പ്ലാൻ..അപ്പോഴാണ് മലാന മനസിലേക്ക് വന്നത്. അധിക ദൂരമില്ല ഇവിടെ നിന്ന്. അങ്ങനെ അത് തീരുമാനിച്ച് അരിച്ചിറങ്ങുന്ന തണുപ്പിൽ ഉറക്കത്തിലേക്ക്..
രാവിലെ ബ്രേക്ക്ഫാസ്റ്റ് ആലൂ പറാത്തയും മസാല ചായയും കഴിച്ച് നേരെ മലാനയ്ക്ക്. ഒരു വെറൈറ്റിക്ക് റെൻ്റഡ് ബൈക്ക്. തോൽക്കാൻ മനസില്ലാതെ തലയുയർത്തി നിൽക്കുന്ന മലയിടുക്കുകൾ താണ്ടി മലാനയിലേക്ക്. ഇടയ്ക്ക് എവിടെയൊക്കെയോ മഞ്ഞ് വീണ കയറ്റങ്ങളിൽ വണ്ടി ചെറുതായി തെന്നി തുടങ്ങിയപ്പോൾ ഇറങ്ങി നടന്നു. കയറ്റം കയറി അടുത്ത വളവിലേക്ക്. ഒടുവിൽ ആ ബോർഡ് കണ്ടു. വെൽകം ടു മലാന വില്ലേജ്. സൈഡിൽ ഒരു ചെറിയ കട. ഒരു മാഗിയും ചായയും ഓർഡർ ചെയ്ത് നിൽക്കുമ്പോൾ ഗ്രാമത്തിലെ സ്ത്രീകൾ വലിയ ചുമടുകളുമായി നടന്ന് പോകുന്നുണ്ടായിരുന്നു.
ക്യാമറ ഞങ്ങളുടെ കണ്ണുകൾക്കൊപ്പം സഞ്ചരിച്ചു കൊണ്ടേയിരുന്നു. അപ്പോഴാണ് ഒരു ശബ്ദം, കടയുടെ അരികിൽ നിന്ന്.. “മാൽ ചാഹിയെ ക്യാ?” കയ്യിലൊരു തിളങ്ങുന്ന മൂർച്ച കൂട്ടിയ അരിവാളും മുതുകിൽ ഏതാണ്ട് തന്നോടൊപ്പം തന്നെ വലിപ്പവുമുള്ള ഒരു ചാക്ക് കെട്ടും തൂക്കി മുഖത്ത് നിറയെ ചുളിവുകളുമായി തീരെ ചിരിക്കാത്ത ഒരു മുഖത്തോടെ ആ സ്ത്രീ ഞങ്ങളോട് ചോദിച്ചു. ആദ്യം ആ ചോദ്യം മനസ്സിലായില്ല. വഴിക്കാഴ്ചകളും മഞ്ഞും മലകളുമൊക്കെ ക്യാമറയിൽ പകർത്തി വരുമ്പോൾ, വീഡിയോയിൽ ഇവരുടെ മുഖവും പതിഞ്ഞതിൻ്റെ ദേഷ്യത്തിൽ എന്തോ പറഞ്ഞതാണോ എന്ന് തെല്ലാശങ്കയോടെ ഒരിക്കൽ കൂടി കേൾക്കാൻ വേണ്ടി അവരോട് “ക്യാ ബോലാ ആപ്നെ? സംച്ചി നഹി“ എന്ന് പറഞ്ഞു. വീണ്ടും അതേ ടോണിൽ താളത്തിൽ അവർ ചോദിച്ചു, മാൽ ചാഹിയെ ക്യാ? കുറച്ച് സമയമെടുത്തു മനസ്സിലാക്കാൻ. മാൽ – മലാനാ ക്രീം – വേണോ എന്നാണ് അവർ ചോദിച്ചത്.
പുതിയ ഇടങ്ങൾ തേടി, കാഴ്ചകൾ തേടി ചെയ്യാറുള്ള യാത്ര. അങ്ങനെ കൃത്യമായ ഒരു പ്ലാനുമില്ലാതെ ഹിമാചലിൻ്റെ ഗ്രാമങ്ങളിലൂടെ ചെയ്ത യാത്ര ഇത്തവണ എത്തിച്ചത് മലാന ഗ്രാമത്തിൻ്റെ കവാടത്തിലാണ്.എന്നാൽ പിന്നെ ഇതെന്താണെന്നറിയാനൊരു പൂതി. എന്താ വിലയെന്ന് ചോദിച്ചു. കൂടെ വാ എന്നു പറഞ്ഞു ഞങ്ങളെ കൂട്ടി മുന്നോട്ട് നടന്ന അവരുടെ മുഖഭാവം ചെറുതായൊന്ന് പേടിപ്പിച്ചെങ്കിലും അവർ ഒരാളല്ലേ, നമ്മൾ രണ്ട് പേരുണ്ടല്ലോ എന്ന ധൈര്യത്തിൽ അവരുടെ പുറകെ ചെന്നു. കുറച്ച് മുന്നോട്ട് എത്തിയപ്പോൾ മറ്റൊരാൾ സീനിലേക്ക് വരുന്നു. അയാൾ പറഞ്ഞു എൻ്റെ കൂടെ വരൂ. ഈ സ്ത്രീ ഞങ്ങളെ ആൾക്ക് കൈമാറി. ഇപ്പോൾ, ചെറിയ പേടി വന്നു തുടങ്ങി. എന്തായാലും മുന്നോട്ട് തന്നെ. ഒരു ചെറിയ കടമുറി, അതിനുള്ളിലേക്ക് ഞങ്ങളെ വിളിച്ചു. ഒരാൾ വന്നാൽ മതിയെന്ന് പറഞ്ഞപ്പോൾ ഉള്ളിലൊരു പേടി മണി നിർത്താതെ അടിച്ചു തുടങ്ങി. ഞങ്ങൾ പറഞ്ഞു, വേണ്ട, രണ്ടാളും വരുന്നുണ്ട്. ആയിക്കോട്ടെ എന്ന് പറഞ്ഞ് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
പണ്ട് കുട്ടിയായിരിക്കുമ്പോൾ ഒടിഞ്ഞുപോയ മാല കൊളുത്ത് ശരിയാക്കാൻ അമ്മയുടെ കൂടെ സ്വർണ്ണപ്പണിക്കാരൻ്റെ അടുത്ത് പോയ ഒരോർമ്മ. ഇടുങ്ങിയ ഒരിടം. സ്വർണം തൂക്കൂന്ന മില്ലി ത്രാസുമായി ഒരാളിരിക്കുന്നു. അവിടെ നിന്നാണ് നമ്മുടെ “മാൽ” കിട്ടുക. എത്ര വേണം? വില കേട്ടപ്പോഴാണ് യഥാർത്ഥത്തിൽ ഞെട്ടിയത്. 1 ഗ്രാം 1000 രൂപ എന്ന്. സ്വർണക്കട ഓർമ വന്നതിൽ ഒരു തെറ്റുമില്ല. ഞങ്ങൾ ആകെ കൺഫ്യൂഷനിലായി. ഇതിപ്പോൾ ഇവരുടെ ഗൂഢ സങ്കേതത്തിൽ എത്തി ഒന്നും വാങ്ങാതെ ഇറങ്ങിയാൽ അവരുടെ പ്രതികരണം എന്താകുമെന്നൊരു ടെൻഷൻ. അവസാനം രണ്ടും കൽപ്പിച്ച് ഞാൻ പറഞ്ഞു. 1 ഗ്രാം മതി, പക്ഷേ 1000 രൂപ ഇല്ല, 500 രൂപ മാത്രേ കയ്യിലുള്ളൂ. നടക്കില്ല എന്ന് ആൾ. എന്നാൽ ശരി, ഞങ്ങൾ പോകുന്നു (ഹാവൂ രക്ഷപ്പെട്ടു എന്ന് മനസിൽ ) എന്ന് പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും അയാൾ 500ന് തരാമെന്നായി.
ജാങ്കോ..നമ്മൾ പെട്ടു..പരസ്പരം നോക്കിക്കൊണ്ട്, ഞാൻ 500 രൂപ എടുത്തു കൊടുത്തു. അയാൾ മോതിരമൊക്കെ ഇട്ടു തരുന്ന ചെപ്പ് പോലെ ഒന്നിൽ ഒരു ഗ്രാം തൂക്കി എടുത്ത് ഇട്ട് തരുന്നു. മലാനയുടെ സ്വർണ്ണം, മലാന ക്രീം. ക്രീം പോലെ ഒന്നുമല്ല അത് കണ്ടാൽ. ഒരു കറുത്ത നിറത്തിൽ കട്ടിയുള്ള ഒരു ഐറ്റം. എന്തോ കുറ്റം ചെയ്തവരെ പോലെ പുറത്തേക്കിറങ്ങുന്ന ഞങ്ങളെ അയാൾ ഒരു വാണിംഗ് കൂടി തന്നു വിട്ടു. ഇവിടെ നിങ്ങളെ ആരും ഒന്നും ചെയ്യില്ല. പക്ഷേ ഗ്രാമത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചാൽ പൊലീസ് പിടിക്കും. സൂക്ഷിക്കണം. ജാങ്കോ..നമ്മൾ വീണ്ടും പെട്ടു. അവിടെ നിന്നിറങ്ങി, ഇനിയെന്ത് എന്ന് ആലോചിച്ചിങ്ങനെ നിന്നപ്പോൾ, എന്നാ പിന്നെ ഒരു ചായ കുടിച്ചോണ്ട് ആലോചിച്ചാലോ എന്ന് അവൾ. ശരി, ആയിക്കോട്ടെന്ന് പറഞ്ഞു.
നമ്മുടെ ആദ്യത്തെ കടയുടെ അവിടെ ചെല്ലുമ്പോൾ ദേ അവിടെ നിൽക്കുന്നു നമ്മുടെ മാൽ ചായിയെ ക്യ അമ്മച്ചി. അടുത്ത ആളുകളെ ക്യാൻവാസ് ചെയ്യാൻ. എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു എന്ന് പറയാൻ തത്തുല്യമായ ഹിന്ദി അറിയാത്തത് കൊണ്ട്..ടിക് ഹെ, ഹം ചൽത്തെ ഹെ എന്ന് പറഞ്ഞ് ഇറങ്ങി. ഇറങ്ങുമ്പോൾ ചായയുടെ ഗ്ലാസിനൊപ്പം മലാനയുടെ സ്വന്തം സ്വർണ്ണത്തിൻ്റെ ചെപ്പ് കൂടി അവിടെ ഉപേക്ഷിച്ച് തിരിച്ച് കാസോളിലേക്ക്. വഴിയിൽ റേഞ്ച് കിട്ടിയപ്പോൾ ആദ്യം നോക്കിയത് മലാനാ ക്രീം കയ്യിൽ വെച്ചാൽ ഉള്ള ശിക്ഷ, ഉപയോഗിച്ചാൽ എന്ത് പറ്റും എന്നൊക്കെയാണ്. വായന ഓരോ പാരഗ്രാഫ് കഴിയുമ്പോഴും അത് അവിടെ ഉപേക്ഷിച്ച തീരുമാനം വളരെ ശരിയായിരുന്നു എന്ന് ഉറപ്പിച്ചു കൊണ്ടിരുന്നു. ചിലത് അങ്ങനെയല്ലേ, ഉപേക്ഷിക്കേണ്ടയിടത്ത് ഉപേക്ഷിച്ച് കഴിഞ്ഞാൽ പിന്നെ നമ്മളങ്ങ് ഫ്രീ ആകും.
മലാനയെക്കുറിച്ച്
അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടക്കാലത്ത് അദ്ദേഹത്തോടൊപ്പം ഇന്ത്യയിലെത്തിയ സൈനികരിൽ ചിലർ ഇവിടെ സ്ഥിരവാസം ഉറപ്പിച്ചെന്നും അവർ ക്രമേണ ഒരു പ്രത്യേക റിപ്പബ്ലിക്ക് ആയി മാറുകയും ചെയ്തത്രേ. അവരുടെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ഇപ്പോഴത്തെ മലാനാ നിവാസികൾ വിശ്വസിക്കുന്നു. ശാരീരീക ഘടനയിലും ഭാഷാ സവിശേഷതകളിലും ഹിമാലയത്തിലെ മറ്റ് ഗോത്രവിഭാഗങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നവരാണ് മലാനാ നിവാസികൾ. പൂർണമായും ആര്യൻ വംശജരാണ് തങ്ങൾ എന്നാണ് ഇവരുടെ വിശ്വാസം. ഹിമാചൽ പ്രദേശിലെ പുരാത ഗ്രാമമാണ് – ഹിമാലയത്തിന്റെ ഏതൻസ് എന്നറിയപ്പെടുന്ന മലാന. ഏറ്റവും പഴക്കമുള്ള ജനാധിപത്യ ദേശം കൂടിയാണിവിടം.
പുറം ലോകവുമായി അടുപ്പമില്ലാത്ത ഈ ഉൾഗ്രാമത്തിലെ പ്രധാന തൊഴിൽ കഞ്ചാവ് കൃഷിയാണ്. അതുകൊണ്ട് തന്നെ ‘വിലക്കപ്പെട്ട ഗ്രാമം’ എന്നും മലാന അറിയപ്പെടുന്നു. ഇവിടെ ഉത്പ്പാദിപ്പിക്കുന്ന മലാന ക്രീം എന്ന ലഹരി വസ്തുവിന് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. അതിഥികളോടും സഞ്ചാരികളോടും അൽപ്പം അകലം പാലിച്ചുകൊണ്ടാണ് മലാനികൾ ജീവിക്കുന്നത്. തങ്ങളുടെ സംസ്കാരത്തിലും ജീവിത രീതിയിലുമൊന്നും കടന്നുകയറാൻ അവർ ആരെയും അനുവദിക്കാറില്ല.
READ MORE: 13,123 അടി ഉയരം, ശ്വാസം പോലും നിലച്ചുപോകാം; ചന്ദ്രശില കീഴടക്കൽ ഒരു ‘ഹിമാലയൻ ടാസ്ക്’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]