
ലാഹോര്‍: ഐസിസി ചാമ്പ്യന്‍സ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ന്യൂസിലാന്‍ഡിന് കൂറ്റന്‍ സ്കോര്‍. ഓപ്പണര്‍ രചിന് രവീന്ദ്ര 108(101), കെയ്ന്‍ വില്യംസണ് 102(94) എന്നിവരുടെ സെഞ്ച്വറി മികവില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ രചിന് – വില്യംസണ് സഖ്യം നേടിയ 203 റണ്‍സ് കൂട്ടുകെട്ടാണ് കൂറ്റന്‍ സ്കോറിലേക്കുള്ള അടിത്തറയിട്ടത്. അവസാന പത്ത് ഓവറുകളില്‍ നിന്ന് 105 റണ്‍സാണ് ന്യൂസിലാന്‍ഡ് അടിച്ചെടുത്തത്.
ഓപ്പണര്‍ വില്‍ യങ്ങ് 21(23) ആണ് ആദ്യം പുറത്തായത്. രചിന് രവീന്ദ്ര 13 ഫോറും ഒരു സിക്സും പായിച്ചപ്പോള്‍ വില്യംസണിന്റെ ബാറ്റില്‍ നിന്ന് പത്ത് ഫോറും രണ്ട് സിക്സറുകളും പിറന്നു. ഡാരില്‍ മിച്ചല്‍ 49(37) റണ്‍സ് നേടിയപ്പോള്‍ ടോം ലഥാം 4(5) നിറം മങ്ങി. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തി ഗ്ലെന്‍ ഫിലിപ്സ് 49(27) റണ്‍സ് നേടി. മൈക്കല്‍ ബ്രേസ്വെല് 16(12) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ 2*(1) പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എംഗിഡി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാഗിസോ റബാഡ രണ്ട് വിക്കറ്റുകളും വിയാന്‍ മള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഈ മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച ദുബായില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും. ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനലില്‍ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. കഴിഞ്ഞ തവണ റണ്ണറപ്പുകളായ ഇന്ത്യ ഈ വര്‍ഷം കിരീടത്തിനുള്ള പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]