
കോഴിക്കോട്: താമരശേരിയിൽ പത്താം ക്ളാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് വിവരം. ട്യൂഷൻ സെന്ററിലെ സംഘർഷത്തിനുശേഷം പ്രതികളായ വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി പ്രതികാര നടപടികൾക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
ആളുകൾ കൂട്ടമായി ചേർന്ന് മർദ്ദിച്ചാൽ കേസ് എടുക്കാനാവില്ലെന്നും എസ്എസ്എൽസി പരീക്ഷയായതിനാൽ അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നും പ്രതികൾ ചർച്ച ചെയ്തു. പ്രായപൂർത്തിയാകാത്തതിന്റെ ഇളവ് ലഭിക്കുമെന്നും ഇവർ കണക്കുകൂട്ടി. വാടക വീട്ടിലായിരുന്ന ഷഹബാസിനെ വിളിച്ചിറക്കിക്കൊണ്ടുവന്ന് ആളുകൾ നോക്കിനിൽക്കെ നഗരമദ്ധ്യത്തിൽ വച്ചാണ് മർദ്ദിച്ചത്. അടുത്ത സുഹൃത്തായിരുന്നു വിളിച്ചിറക്കിക്കൊണ്ടുവന്നത്. ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർത്ഥികളിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. ഒരാളുടെ രക്ഷിതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. കരാട്ടെയിൽ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. നഞ്ചക്ക് ലഭിക്കാൻ മുതിർന്നവരുടെ സഹായം ലഭിച്ചോയെന്നത് പരിശോധിക്കും. പ്രതികൾ അംഗങ്ങളായ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ പ്രായപൂർത്തിയായവരുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ അവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
സംഘർഷത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസിൽ പ്രതികളായ അഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ തള്ളി. അഞ്ചുപേരെയും ജുവനൈൽ ഹോമിലേയ്ക്ക് അയക്കും. പരീക്ഷ എഴുതാനുള്ള അവസരം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]