
പുലികേശി എന്ന ഫൈറ്റ്മാസ്റ്ററെക്കുറിച്ച് ത്യാഗരാജന് ധാരാളം കേട്ടിരുന്നു. പാലക്കാട്ടുകാരനായ പുലികേശി എന്ന പുരുഷോത്തമന് വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയ ആളാണ്. സ്റ്റണ്ട്മാസ്റ്റര്‍ സ്വാമിനാഥനായിരുന്നു ഗുരു. നല്ല നടനായിരുന്നുവെങ്കിലും ഫൈറ്റ് മാസ്റ്റര്‍ എന്ന നിലയിലാണ് പുലികേശി അറിയപ്പെട്ടത്. സിനിമയില്‍ സംഘട്ടനസംവിധായകനായ അദ്ദേഹത്തിന് വടപളനിയില്‍ ‘നാടകമന്ട്രം’ എന്ന പേരില്‍ സ്വന്തമായി ഒരു നാടകട്രൂപ്പ് കൂടിയുണ്ടായിരുന്നു. പുലികേശിയെ പരിചയപ്പെട്ടാല്‍ സിനിമയില്‍ അവസരം ലഭിക്കുമെന്ന് ത്യാഗരാജനോട് പലരും പറഞ്ഞു. പുലികേശിയുടെ ട്രൂപ്പിലെ മിക്ക അംഗങ്ങളും ചായ കുടിച്ചിരുന്നത് വടപളനിയിലെ രാമസ്വാമി ടീ ഷാപ്പില് നിന്നാണ്. അവിടെ പലപ്പോഴും പുലികേശി വരാറുണ്ടായിരുന്നെങ്കിലും ത്യാഗരാജന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. ഒരു ദിവസം ടീ ഷാപ്പിലേക്ക് പുലികേശി പോകുന്നത് ത്യാഗരാജന് കാണാനിടയായി. രണ്ടാമതൊന്ന് ആലോചിക്കാതെ അദ്ദേഹത്തിന്റെ പിറകെ ഓടിച്ചെന്നു. വെളുത്ത് നല്ല തടിയും ഉയരവുമുള്ള പുലികേശി കാണാനും വളരെ സുന്ദരനായിരുന്നു. ചായ കുടിക്കാനിരുന്ന അദ്ദേഹത്തിന്റെ മുന്നില്‍ ചെന്ന് ത്യാഗരാജന് കൈകൂപ്പി. ‘ആരാണ്?’ പുലികേശി ചോദിച്ചു.
‘സര്, എന്റെ പേര് ത്യാഗരാജന് എന്നാണ്.’ സിനിമയിലഭിനയിക്കാനുള്ള മോഹവുമായി നാടുവിട്ട് വന്നതും അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും മുമ്പ് നാടകത്തിലഭിനയിച്ചതിന്റെ പരിചയവുമെല്ലാം ശ്വാസംവിടാതെ പുലികേശിയോട് വിശദീകരിച്ചു. ‘എങ്ങനെയെങ്കിലും എന്നെ രക്ഷിക്കണം സാര്‍’ എന്ന ദയനീയമായ അപേക്ഷ കേട്ടാവണം പുലികേശി ത്യാഗരാജനുകൂടി ഒരു ചായ കൊടുക്കാന്‍ പറഞ്ഞു. ചായ കുടിക്കുന്നതിടയില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു: ‘വിചാരിക്കുന്നത്ര എളുപ്പമുള്ള പണിയല്ല നാടകമന്ട്രത്തിലേത്, ജോലിയുള്ള ദിവസം പണമുണ്ടാവും. അല്ലാത്തപ്പോള്‍ വെറുതെയിരിക്കേണ്ടിവരും.’
‘കുഴപ്പമില്ല സാര്‍.’ ത്യാഗരാജന് പറഞ്ഞു.
‘നാളെ രാവിലെ നാടകമന്‍ട്രത്തിലേക്ക് വരൂ’ എന്നായിരുന്നു പുലികേശിയുടെ മറുപടി.
പുലികേശിയെ കണ്ടതും അദ്ദേഹത്തോട് സംസാരിച്ചതും ജോലിക്ക് വരാന്‍ അദ്ദേഹം പറഞ്ഞതുമൊക്കെ വടിവേല്‍ മേസ്തിരിയോട് വിശദമായി പറഞ്ഞു. അന്ന് സന്ധ്യയ്ക്ക് മേസ്തിരി ത്യാഗരാജനെയും കൂട്ടി ചൂളൈമേട്ടിലെ ഒരു തുണിക്കടയിലെത്തി. ഒരു പാന്റും ഷര്‍ട്ടും വാങ്ങിക്കൊടുത്തു. രാത്രിഭക്ഷണം രണ്ടുപേരും ടൗണില്‍നിന്ന് കഴിച്ചു. നേരമേറെ വൈകിയാണ് വീട്ടിലെത്തിയത്. കട്ടിലിന്റെ അടിയില്‍ നിന്ന് എന്തൊക്കെയോ സാധനങ്ങള്‍ മേസ്തിരി വലിച്ച് പുറത്തെടുത്തു. അക്കൂട്ടത്തില്‍ ഒരു ഇരുമ്പുപെട്ടിയുമുണ്ടായിരുന്നു. പഴയൊരു തുണി ഉപയോഗിച്ച് അത് നന്നായി തുടച്ചശേഷം വളരെ പതുക്കെ ആ പെട്ടി തുറന്നു. അതിനകത്ത് കുറെ കടലാസുകളും മറ്റുമായിരുന്നു. മടക്കിവെച്ച കടലാസുകളോരോന്നും മേസ്തിരി സൂക്ഷ്മമായി നോക്കി. വിലപ്പെട്ട എന്തൊക്കെയോ രേഖകളാണ് അതെല്ലാമെന്ന് ത്യാഗരാജന് മനസ്സിലാക്കി. കടലാസുകള്‍ക്കിടയില്‍ നിന്ന് ലഭിച്ച പഴകിയ ഒരു ഫോട്ടോയിലേക്ക് മേസ്തിരി കുറെനേരം നോക്കിയിരുന്നു.
‘ആരാണ് മേസ്തിരീ ഇത്?’
കുറെ നേരത്തെ മൗനത്തിനു ശേഷമാണ് ത്യാഗരാജന്റെ ചോദ്യത്തിന് മേസ്തിരി ഉത്തരം പറയുന്നത്. ‘ഭാര്യയും മകനുമാണ്; കുറെ കാലമായി ഞാനീ ഫോട്ടോ കണ്ടിട്ട്. ഏതു പെട്ടിക്കുള്ളില്‍ പൂട്ടിവെച്ചാലും എന്റെ കണ്മുന്നില് രണ്ടുപേരും ഇപ്പോഴും ജീവനോടെയുണ്ട്. എങ്ങനെ മറക്കാനാണ്.’ കടലാസുകളെല്ലാം മാറ്റി പെട്ടി അടയ്ക്കുമ്പോള്‍ മേസ്തിരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മരണമില്ലാത്ത ഓര്‍മ്മകളുടെ കണ്ണീരു വീണ ആ ഇരുമ്പുപെട്ടി ത്യാഗരാജന്റെ കൈയില്‍ കൊടുത്തുകൊണ്ട് മേസ്തിരി പറഞ്ഞു, ‘ഇത് നിനക്കിരിക്കട്ടെ. ആവശ്യം വരും.’
പിന്നീട് ഒരു വാക്കുപോലും പരസ്പരം പറയാനാവാതെ ആ രാത്രി കടന്നുപോയി. പതിവുപോലെ കാലത്ത് മേസ്തിരിയോടൊപ്പം ചായ കുടിച്ചു. മേസ്തിരി നല്കിയ ഇരുമ്പുപെട്ടിയില്‍ വസ്ത്രങ്ങള്‍ എടുത്തുവെച്ചു. ഇറങ്ങാന്‍ നേരം മേസ്തിരിയുടെ കാല് തൊട്ടു വന്ദിച്ചപ്പോള്‍ ത്യാഗരാജന് പൊട്ടിക്കരഞ്ഞു. ആ സ്നേഹത്തിനും കരുതലിനും നന്ദി പറയാനാവുമായിരുന്നില്ല ത്യാഗരാജന്. നിറഞ്ഞ കണ്ണുകളോടെ കൂപ്പുകൈകളുമായി മുന്നില്‍ നിന്ന ത്യാഗരാജനോട് അവസാനമായി മേസ്തിരി പറഞ്ഞു: ‘എന്തു പ്രയാസമുണ്ടെങ്കിലും എന്റെ അടുക്കലേക്ക് വരാം.’ ആ വാക്കുകള്‍ വലിയ ധൈര്യമാണ് നല്‍കിയത്. മൂന്നുമാസത്തോളം ജീവനും ജീവിതവുമായി മാറിയ ആ ഒറ്റമുറിയില്‍നിന്ന് മേസ്തിരിയോടൊപ്പം ത്യാഗരാജന് പുറത്തേക്കിറങ്ങി. വാതിലടച്ചതും പൂട്ടിയതും മേസ്തിരിയാണ്. ബസ് സ്റ്റോപ്പുവരെ മേസ്തിരി കൂടെച്ചെന്നു. അഞ്ചുരൂപയുടെ നോട്ടെടുത്ത് മേസ്തിരി ത്യാഗരാജന്റെ പോക്കറ്റിലിട്ടു കൊടുത്തു. ‘കൈയിലിരിക്കട്ടെ’ എന്നു മാത്രം പറഞ്ഞു. അപ്പോഴേക്കും വടപളനിയിലേക്കുള്ള ബസ് വന്നിരുന്നു. സ്നേഹവാത്സല്യത്തോടെ പുറത്തു തട്ടി മേസ്തിരി ത്യാഗരാജനെ ബസ്സില്‍ കയറ്റി. ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ ത്യാഗരാജന് ഒരുനിമിഷം തിരിഞ്ഞുനോക്കി. പണിയായുധങ്ങളുടെ സഞ്ചിയുമായി തല താഴ്ത്തി നടന്നുപോകുന്ന വടിവേല്‍ മേസ്തിരിയെ പിറകിലെ മങ്ങിയ ഗ്ലാസിലൂടെ കാണാമായിരുന്നു. ആ കാഴ്ച അകന്നകന്ന് മറഞ്ഞുപോയി.
മേസ്തിരി കൊടുത്ത പെട്ടിയും തൂക്കിയാണ് നാടകമന്ട്രത്തിലേക്കു ചെന്നത്. പുലികേശിയുടെ ട്രൂപ്പില്‍ അക്കാലത്ത് അറുപത് പേരുണ്ടായിരുന്നു. അറുപത്തിയൊന്നാമനായി ത്യാഗരാജനെ നിയമിച്ചു. പക്ഷേ, കഷ്ടപ്പാടുകള്‍ അവിടെയും അവസാനിച്ചില്ല. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഒരു ഭാഗത്ത് നാടക റിഹേഴ്സലും മറുഭാഗത്ത് ഫൈറ്റ് പരിശീലനവുമുണ്ടാകും. ആ സമയത്ത് മൂന്നു നേരം ഭക്ഷണം കിട്ടും. ജോലിയും കിടപ്പുമെല്ലാം നാടകമന്‍ട്രത്തിന്റെ ഓഫീസെന്ന് പറയുന്ന ഓലഷെഡ്ഡില്‍. മഴ പെയ്താല്‍ ഷെഡ്ഡ് ചോര്‍ന്നൊലിക്കും. മേസ്തിരി കൊടുത്ത തകരപ്പെട്ടിയെടുത്ത് തലയില്‍ വെക്കുകയല്ലാതെ അപ്പോള്‍ വേറെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ജോലിയില്ലാത്ത ദിവസങ്ങളില്‍ പട്ടിണിയായിരിക്കും. ഒരു ചായപോലും കിട്ടില്ല. മേസ്തിരി കൊടുത്ത അഞ്ചുരൂപകൊണ്ടാണ് ജോലിയില്ലാത്ത അഞ്ചുദിവസം ഭക്ഷണം കഴിച്ചത്. തുടര്‍ന്നും ജോലിയില്ലാത്ത ദിവസങ്ങള്‍ വന്നുചേര്‍ന്നു. രണ്ടു ദിവസം പട്ടിണി കിടക്കേണ്ടിവന്നു. മേസ്തരിയുടെ അടുത്തേക്ക് പോവാമായിരുന്നെങ്കിലും അദ്ദേഹത്തെ ഇനിയും ബുദ്ധിമുട്ടിക്കേണ്ടെന്ന് ത്യാഗരാജന് കരുതി. പക്ഷേ, എത്ര ദിവസം പട്ടിണി കിടക്കും. മൂന്നാംനാള്‍ പകലും പട്ടിണിയായിരുന്നു. വിശപ്പ് സഹിക്കാനാവാതെ ചൂളൈമേട്ടിലേക്ക് നടന്നു. സന്ധ്യയോടെ ജോലി കഴിഞ്ഞ് മേസ്തിരി വരും, അദ്ദേഹം ഭക്ഷണം വാങ്ങിത്തരും എന്ന പ്രതീക്ഷയിലാണ് ചൂളൈമേട്ടിലെത്തിയത്. പക്ഷേ, ആ ഒറ്റമുറി പൂട്ടിക്കിടക്കുകയായിരുന്നു. മേസ്തിരിയുടെ വരവും കാത്ത് മണിക്കൂറുകളോളം വാതിലിനു മുന്നിലിരുന്നു. എട്ടുമണി കഴിഞ്ഞിട്ടും മേസ്തിരി വന്നില്ല. അടുത്ത മുറിയുടെ വാതിലില്‍ ചെന്ന് മുട്ടി. പ്രായംചെന്ന ഒരമ്മയാണ് വാതില്‍ തുറന്നത്.
‘മേസ്തിരി എപ്പോ വരും’ എന്നു ചോദിച്ചപ്പോള്‍ തലയ്ക്കടിയേറ്റപോലെയുള്ള മറുപടിയാണ് കിട്ടിയത്.
‘മേസ്തിരി നാട്ടില്‍ പോയതാണ്; എന്നുവരുമെന്നറിയില്ല.’ അതും പറഞ്ഞ് അവര്‍ വേഗത്തില്‍ വാതിലടച്ചു. അവസാനത്തെ പ്രതീക്ഷയും അറ്റുപോയ വിഷമത്തില്‍, കത്തുന്ന വയറുമായി ഏതു നിമിഷവും ആടിയുലഞ്ഞ് വീണുപോകാവുന്ന അവസ്ഥയില്‍ ത്യാഗരാജന് നടന്നു… വടപളനിയിലേക്ക്. ചൂളൈമേട്ടിലെ സിനിമാക്കൊട്ടകയില്നിന്ന് ശിവാജി ഗണേശന്റെ പുതിയ പടമായ വീരപാണ്ഡ്യ കട്ടബൊമ്മന് കണ്ടിറങ്ങുന്ന ആരാധകരുടെ ആരവങ്ങള്‍ക്കിടയിലൂടെ, നിലത്തുറയ്ക്കാത്ത കാലുകളുമായി.
വടപളനിയിലെത്തുമ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു. കൃഷ്ണന് നായരുടെ ചായക്കടയിലെ പെേ്രടാമാക്സിന്റെ വെളിച്ചം അപ്പോഴും അണഞ്ഞിട്ടില്ല. മറ്റൊന്നും ചിന്തിച്ചില്ല, നേരെ അങ്ങോട്ടു കയറിച്ചെന്നു. ‘എന്തെങ്കിലും കഴിക്കാന്‍ തരണം. മൂന്നു ദിവസമായി ഒന്നും കഴിച്ചിട്ടില്ല.’ വാക്കുകള്‍ മുഴുമിപ്പിക്കുംമുമ്പേ കൃഷ്ണന് നായര്‍ ത്യാഗരാജനെ ചേര്‍ത്തുപിടിച്ചു. നാടകമന്‍ട്രത്തില്‍ ജോലി ചെയ്യുന്ന ആളാണ് ത്യാഗരാജനെന്ന് കൃഷ്ണന് നായര്‍ക്കറിയാം. സമയം വൈകിയതുകൊണ്ട് ചായക്കടയിലെ ഭക്ഷണമെല്ലാം അപ്പോഴേക്കും തീര്‍ന്നിരുന്നു. കൃഷ്ണന് നായര്‍ അടുക്കളയില്‍ പാത്രം കഴുകിക്കൊണ്ടിരുന്ന ഭാര്യയോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ലക്ഷ്മീ… അടുക്കളയിലെ വലിയ പാത്രത്തിലിരിക്കുന്ന കഞ്ഞി വേഗം ഇങ്ങോട്ട് കൊണ്ടുവാ.’ കൃഷ്ണന് നായരുടെ ഭാര്യ, കൊണ്ടുവന്ന കഞ്ഞിയും പയറും ത്യാഗരാജന് വിളമ്പിക്കൊടുത്തു. വയറുനിറയെ കഴിക്കെടാ എന്നു പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും കൃഷ്ണന് നായരുടെ സ്നേഹം പാത്രത്തില്‍ നിറഞ്ഞു. കൊണ്ടുവന്ന കഞ്ഞി മുഴുവന്‍ തീര്‍ന്നപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഇനി വേണോ?’ വേണമെന്ന് ത്യാഗരാജന് പറഞ്ഞില്ല. പറയാതെതന്നെ കൃഷ്ണന് നായര്‍ വീണ്ടും അകത്തേക്ക് നീട്ടിവിളിച്ചു. ‘ലക്ഷ്മീ… ആ ചെറിയ പാത്രത്തിലുള്ള കഞ്ഞികൂടി ഇങ്ങോട്ട് കൊണ്ടു വാ.’ കൃഷ്ണന് നായരുടെ ഭാര്യയാണ് ത്യാഗരാജന് കഞ്ഞി ഒഴിച്ചുകൊടുത്തത്. അത് മുഴുവന്‍ കഴിച്ച് കുറെനേരം കടയില്‍ത്തന്നെ ത്യാഗരാജന് ഇരുന്നു. ‘എന്തുകൊണ്ടാണ് ഭക്ഷണം കഴിക്കാതിരുന്നത്?’ കൃഷ്ണന്‍നായരുടെ ചോദ്യത്തിന് കണ്ണുനിറഞ്ഞുകൊണ്ടാണ് ത്യാഗരാജന് മറുപടി പറഞ്ഞത്: ‘എന്റെ കൈയില്‍ കാശില്ലായിരുന്നു.’ ത്യാഗരാജന്റെ വാക്കുകള്‍ കൃഷ്ണന് നായരെയും ഭാര്യയെയും വല്ലാതെ വേദനിപ്പിച്ചു. എങ്കിലും ആ രാത്രി അവര്‍ ഒരുപാട് സന്തോഷിച്ചിരിക്കാം. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കഴിക്കാനുള്ള ഭക്ഷണമായിരുന്നു മൂന്നു ദിവസമായി ഭക്ഷണം കഴിക്കാതിരുന്ന ത്യാഗരാജന് അവര്‍ നല്‍കിയത്.
കൃഷ്ണന് നായരുടെ ഭക്ഷണവും കഴിച്ച് ആ രാത്രി നാടകമന്‍ട്രത്തിലേക്ക് നടക്കുമ്പോള്‍ ഒരു മുഖം ത്യാഗരാജന്റെ മനസ്സില്‍ തെളിഞ്ഞു. രണ്ടാമത്തെ സഹോദരന് രാമചന്ദ്രന്റെ ഭാര്യയുടെ അച്ഛന് അന്ന് മദിരാശിയിലുണ്ട്. വെല്ലൂര്‍ ആര്ക്കോടിനടുത്താണ് അദ്ദേഹം താമസിക്കുന്നത്. കുറച്ചു പണം അയച്ചു തന്ന് സഹായിക്കണമെന്ന് അദ്ദേഹത്തിന് ഒരു കത്തെഴുതി. നാടു വിട്ടിട്ട് അപ്പോഴേക്കും മാസങ്ങള്‍ തന്നെ കടന്നുപോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ത്യാഗരാജന്റെ ജ്യേഷ്ഠന് രാമചന്ദ്രനെയും കൂട്ടി അദ്ദേഹം വന്നു. ത്യാഗരാജന്റെ കത്തു ലഭിക്കുമ്പോള്‍ ജ്യേഷ്ഠന് ഭാര്യവീട്ടിലുണ്ടായിരുന്നുവേ്രത. എല്ലും തോലുമായ അനിയനെ കണ്ടപ്പോള്‍ രാമചന്ദ്രന് പൊട്ടിക്കരഞ്ഞു. ‘ഇങ്ങനെയൊക്കെ നരകിക്കാന്‍ നീ എന്തു പാപമാടാ ചെയ്തത്’ എന്ന് ജ്യേഷ്ഠന് പറഞ്ഞപ്പോള്‍ ത്യാഗരാജനും നിയന്ത്രണംവിട്ട് കരഞ്ഞു. അവര്‍ വേഗം ത്യാഗരാജനെ കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങിക്കൊടുത്തു. ‘ഇനി ഇവിടെ നില്‍ക്കേണ്ട, നമുക്ക് നാട്ടിലേക്ക് പോകാം’ എന്ന് ജ്യേഷ്ഠന് പറഞ്ഞപ്പോള്‍ സ്നേഹപൂര്‍ണമായ ആ നിര്‍ബന്ധത്തിന് വഴങ്ങുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല ത്യാഗരാജന്.
വടിവേല്‍ മേസ്തിരി കൊടുത്ത ഇരുമ്പുപെട്ടി പോലും എടുക്കാതെ ജ്യേഷ്ഠനൊപ്പം ബസ്സിലേക്കു കയറി. മദിരാശി നഗരം തന്നില്‍നിന്ന് മറഞ്ഞുമറഞ്ഞ് പോകുകയാണ്; തന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍, എല്ലാമെല്ലാം തകര്ന്നുപോവുകയാണല്ലോ… പിറകിലെ സീറ്റിലിരുന്ന് ത്യാഗരാജന് പിന്നെയും കരഞ്ഞു. രാത്രിയോടെ ആമ്പൂരിലെത്തി. ജ്യേഷ്ഠനൊപ്പം വീട്ടിലേക്ക് നടക്കുമ്പോള്‍ മനസ്സ് പിടയുകയായിരുന്നു. ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് ഒരു പാതിരാത്രി പാവങ്ങള്‍ക്കായി അമ്മ കരുതിവെച്ച പണവും മോഷ്ടിച്ച് നാടുവിട്ട മകനിതാ എല്ലാം തകര്‍ന്ന് വീണ്ടും ആ മണ്ണിലേക്ക് തിരിച്ചെത്തുന്നു. രാത്രിയുടെ വിജനതയില്‍ കാലിടറാതെ ഓടിപ്പോയ വഴികളില്‍ ഇപ്പോളവന്റെ കാലിടറുന്നു. ഗേറ്റു തുറന്നതും വാതിലിനു മുട്ടിയതും ജ്യേഷ്ഠന് തന്നെയായിരുന്നു. അമ്മയാണ് വാതില്‍ തുറന്നത്. ജ്യേഷ്ഠനു പിറകില്‍ നില്ക്കുന്ന ആളുടെ മുഖത്തേക്ക് അമ്മ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ, ‘മോനേ!’ എന്നു വിളിച്ചുകൊണ്ട് ഒരു പൊട്ടിക്കരച്ചിലായിരുന്നു. അമ്മയുടെ കരച്ചില് കേട്ട് അച്ഛനും സഹോദരങ്ങളുമെല്ലാം ഓടിയെത്തി. ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു.
മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അച്ഛനും അമ്മയും. പക്ഷേ, ദിവസങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് ത്യാഗരാജന്റെ മനസ്സും മാറാന്‍ തുടങ്ങി. ഒന്‍പതു മാസങ്ങള്‍ കഷ്ടപ്പെട്ടത് എന്തിനു വേണ്ടിയായിരുന്നു, എന്തായിരുന്നു ജീവിതലക്ഷ്യം, ഇനിയെന്താണ് ചെയ്യേണ്ടത് ഇങ്ങനെ ഒരുപാടു ചോദ്യങ്ങള്‍ ആ മനസ്സിനെ വീര്‍പ്പുമുട്ടിച്ചു. ‘നാടുവിട്ടു നടിക്കാന്‍ പോയിട്ട് ഒന്നുമാവാതെ തിരിച്ചുവന്നു, അല്ലേ..?’ പുറത്തേക്കിറങ്ങുമ്പോഴെല്ലാം നാട്ടുകാരും ചോദിച്ചുതുടങ്ങി.
ഒരു ദിവസം അച്ഛന് പറഞ്ഞു: ‘മോന്, ഇനി വേറെ പണിക്കൊന്നും പോകണ്ട. നമ്മുടെ കൃഷിയിടത്തിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി.’ അച്ഛന് പറഞ്ഞതുപോലെ കൃഷിയിടത്തിലെ കാര്യങ്ങള്‍ നോക്കുക മാത്രമായിരുന്നില്ല ത്യാഗരാജന് ചെയ്തത്. കര്‍ഷകര്‍ക്കൊപ്പം പാടത്തും പറമ്പിലുമായി പകലന്തിയോളം ജോലി ചെയ്തു. പക്ഷേ, കൃഷി നോക്കിനടത്തുമ്പോഴും ആ മനസ്സ് അസ്വസ്ഥമായിരുന്നു.
ഒരു ദിവസം അമ്മയോട് പറയേണ്ടിവന്നു: ‘എനിക്കാവുന്നില്ലമ്മേ… എന്റെ വഴി ഇതല്ല. ഞാന്‍ മദിരാശിയിലേക്ക് തിരിച്ചുപോവുകയാണ്. ഇത്തവണ എല്ലാവരോടും പറഞ്ഞിട്ടാണ് ഞാന്‍ പോകുന്നത്; എന്നെ തടയരുത്.’
മകന് പറഞ്ഞത് അമ്മ അതുപോലെ അച്ഛനെ അറിയിച്ചു. അച്ഛന് അമ്മയ്ക്കു നല്കിയ മറുപടി ഇങ്ങനെയായിരുന്നു: ‘എന്റെ മോന്റെ തലയില്‍ എടുക്കാന്‍ പറ്റാത്തത്ര ഭാരമുണ്ടെങ്കില്‍ അതു വാങ്ങി എന്റെ തലയില്‍ വെക്കാന്‍ എനിക്കാവും. പക്ഷേ, അവന്റെ തലവിധിയാണ് അവന് കൊണ്ടുപോകുന്നതെങ്കില്‍ അതൊരിക്കലും വാങ്ങിവെക്കാന്‍ എനിക്കാവില്ല.’ മകന്റെ ആഗ്രഹത്തിനനുസരിച്ച് അവനെ വിട്ടേക്കാനായിരുന്നു അച്ഛന് പറയാതെ പറഞ്ഞത്. അച്ഛന്റെ മനസ്സ് എല്ലാവര്ക്കും വായിക്കാനായി. മദിരാശിയിലേക്ക് പോകാന്‍ ആരോടും പണം ചോദിക്കേണ്ടിവന്നില്ല. എന്നിട്ടും വീട്ടിലെല്ലാവരും ത്യാഗരാജന് പണം കൊടുത്തു. പക്ഷേ, അതൊന്നും അയാള്‍ സ്വീകരിച്ചില്ല. പോകുന്നതിനു മുമ്പായി ആരുമറിയാതെ മൂത്ത സഹോദരി സരസ്വതി നല്കിയ ഒരു വള ത്യാഗരാജന് പണയം വെച്ചു. ആ പണവുമായാണ് വീണ്ടും മദിരാശിയിലേക്ക് പുറപ്പെട്ടത്. യാത്രയയയ്ക്കാന്‍ സഹോദരന്മാരെല്ലാം വന്നിരുന്നു. പുറപ്പെടുംമുമ്പ് ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. ഇനി ത്യാഗരാജന് ആമ്പൂരിലേക്ക് തിരിച്ചുവരുന്നുണ്ടെങ്കില്‍ അത് സിനിമാനടനായിട്ടായിരിക്കും, അല്ലെങ്കില്‍ സിനിമയിലെ ഫൈറ്ററായിട്ട്. സാഹസികതകള്‍ നിറഞ്ഞ ഒരു ലോകത്തേക്കാണ് ആ യാത്രയെന്ന് അപ്പോള്‍ അയാള്‍ കരുതിയിരുന്നില്ല.
(തുടരും….)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]