
വാഷിംഗ്ടൺ: യു.എസും ചൈനയും തമ്മിലെ വ്യാപാര പിരിമുറുക്കം കൂടുതൽ വഷളാകുന്നു. ചൈനീസ് ഇറക്കുമതിക്ക് മേൽ വീണ്ടും 10 ശതമാനം താരിഫ് ചുമത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ഫെന്റാനിൽ ലഹരിയുടെ ഒഴുക്ക് തടയുന്നില്ലെന്ന് കാട്ടിയാണ് നടപടി.
യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചൈനീസ് ഉല്പന്നങ്ങൾക്കും ഫെബ്രുവരി 4ന് 10 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. പിന്നാലെ തിരിച്ചടിയായി യു.എസിൽ നിന്നുള്ള ക്രൂഡ് ഓയിലിന് മറ്റും 10 – 15 ശതമാനം താരിഫ് ചൈനയും ചുമത്തി. ട്രംപിന്റെ പുതിയ നീക്കത്തോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായ എതിർപ്പ് അറിയിച്ചു.
ഫെന്റാനിലിന്റെ പേരിൽ യു.എസ് സമ്മർദ്ദം ചെലുത്തുന്നെന്നും ബ്ലാക്ക്മെയിൽ ചെയ്യുന്നെന്നും ചൈന ആരോപിച്ചു. അതിനിടെ, കാനഡയും മെക്സിക്കോയും തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും ഇരുരാജ്യങ്ങളുടെയും ഇറക്കുമതിക്ക് മേൽ നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.
ഫെബ്രുവരി 4നായിരുന്നു ഇരുരാജ്യങ്ങളുടെയും ഇറക്കുമതിക്ക് മേൽ 25 ശതമാനം താരിഫ് നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോമും ട്രംപുമായി ചർച്ച നടത്തുകയും ഉത്തരവ് 30 ദിവസത്തേക്ക് മരവിപ്പിക്കാൻ ട്രംപ് തീരുമാനിക്കുകയുമായിരുന്നു.
അനധികൃത കുടിയേറ്റവും ഫെന്റാനിൽ മയക്കുമരുന്ന് ഒഴുക്കും തടയാൻ നടപടി സ്വീകരിക്കുമെന്ന് ഇരുവരും ട്രംപിന് ഉറപ്പ് നൽകിയിരുന്നു. അതേ സമയം, മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നും വളരെ ഉയർന്ന അളവിൽ ഇപ്പോഴും മയക്കുമരുന്ന് യു.എസിലേക്ക് എത്തുന്നെന്ന് ട്രംപ് ആരോപിച്ചു. ഇതിൽ വലിയ പങ്കും ചൈനീസ് നിർമ്മിതമാണെന്നും കുറ്റപ്പെടുത്തി. ട്രംപുമായി ചർച്ചയ്ക്ക് മെക്സിക്കൻ, കനേഡിയൻ ഉദ്യോഗസ്ഥർ വാഷിംഗ്ടണിലെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാഫിയ തലവനെ കൈമാറി
ട്രംപിന്റെ താരിഫ് ഭീഷണികൾക്കിടെ കുപ്രസിദ്ധ മാഫിയ തലവൻ റാഫേൽ കാറോ ക്വിന്റെറോ അടക്കം 29 മയക്കുമരുന്ന് കുറ്റവാളികളെ മെക്സിക്കോ അമേരിക്കയ്ക്ക് കൈമാറി. എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളിയായ റാഫേൽ 1985ൽ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജന്റിനെ കൊലപ്പെടുത്തിയിരുന്നു.