
ടെൽ അവീവ്: ഗാസയിലെ ഒന്നാം ഘട്ട വെടിനിറുത്തൽ നീട്ടാൻ ശ്രമം. ജനുവരി 19ന് നിലവിൽ വന്ന ആദ്യ ഘട്ട വെടിനിറുത്തൽ നാളെ അവസാനിക്കും. എന്നാൽ ഇത് നീട്ടാനുള്ള ചർച്ചയ്ക്കായി പ്രതിനിധികളെ ഈജിപ്റ്റിലെ കയ്റോയിലേക്ക് അയക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.
ഗാസയിൽ തടവിലിരിക്കെ കൊല്ലപ്പെട്ട നാല് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് ഇന്നലെ വിട്ടുകൊടുത്തതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ഇതോടെ ഒന്നാം ഘട്ടത്തിൽ ഇസ്രയേലിന് വിട്ടുനൽകുമെന്ന് ഹമാസ് അറിയിച്ച ബന്ദികളുടെ ലിസ്റ്റ് പൂർത്തിയായി. ശേഷിക്കുന്നവരെ ആറാഴ്ച നീളുന്ന രണ്ടാം ഘട്ടത്തിൽ മോചിപ്പിക്കും. 60ലേറെ ബന്ദികൾ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതിൽ പകുതിയിലേറെ പേരും കൊല്ലപ്പെട്ടെന്നാണ് നിഗമനം. രണ്ടാം ഘട്ടത്തിനുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ ഇസ്രയേൽ ഗാസയിൽ നിന്ന് പൂർണമായും പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ ഇസ്രയേൽ ഇതിനോട് അനുകൂലമല്ല. അതിനാൽ ഒന്നാം ഘട്ടം നീട്ടി പരമാവധി ബന്ദികളുടെ മോചനത്തിന് ശ്രമിക്കാനാണ് ഇസ്രയേലിന്റെ നീക്കം. കരാറിന്റെ ഭാഗമായി 643 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ ഇന്നലെ വിട്ടയച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]